ADVERTISEMENT

പാലാ ∙ സ്ഥലം ഏറ്റെടുക്കുന്നതിൽ ഉദ്യോഗസ്ഥർക്കുണ്ടായ പാളിച്ച മൂലം റിവർവ്യൂ റോഡ് നിർമാണം നിലച്ചു. ജനറൽ ആശുപത്രി ജംക്‌ഷൻ മുതൽ കൊട്ടാരമറ്റം വരെ മീനച്ചിലാറിന്റെ തീരത്തു കൂടി തൂണുകളിൽ നിർമിക്കുന്ന റോഡിന്റെ നിർമാണമാണ് മാസങ്ങളായി നിലച്ചിരിക്കുന്നത്. ഒരു കിലോമീറ്ററോളം ദൂരത്തിൽ തൂണുകളിലായി പാലത്തിന്റെ നിർമാണം ഭൂരിഭാഗവും പൂർത്തിയാക്കിയിട്ടുണ്ട്.

റിവർവ്യൂ റോഡിൽ വലിയ പാലത്തിനു സമീപം പാലത്തിന്റെ അവസാന ഘട്ട നിർമാണ ജോലികളാണ് സ്ഥലം ഏറ്റെടുക്കാത്തതിനാൽ തടസ്സപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടമുള്ള സ്ഥലം റവന്യു ഭൂമിയെന്ന് കണക്കാക്കി ഏറ്റെടുക്കാതെ നിർമാണം നടത്തിയപ്പോൾ സ്ഥലമുടമ കോടതിയെ സമീപിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറിയാണ് നിർമാണം നടത്തിയത്. നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കാതെയാണ് നിർമാണം നടത്തിയത്.

സ്ഥലം ഏറ്റെടുത്തപ്പോൾ റവന്യു വകുപ്പ് അധികൃതർക്കുണ്ടായ പാളിച്ചയാണ് റോഡ് നിർമാണം തടസ്സപ്പെടാൻ ഇടയാക്കിയത്. ഈ സ്ഥലം ഏറ്റെടുത്താൽ മാത്രമേ നിർമാണം തുടരാൻ കഴിയുകയുള്ളൂ. വലിയ പാലത്തിനോട് ചേർന്ന ഭാഗത്ത് മേൽത്തട്ട് വാർക്കാനുണ്ട്. വാർക്കാനുള്ള ഭാഗത്തെ ഇരുമ്പു കമ്പികൾ തുരുമ്പെടുത്ത് നശിക്കുകയാണ്. നിർമാണത്തിനായി കൊണ്ടുവന്ന മിക്ക ഉപകരണങ്ങളും കരാറുകാരൻ തിരികെ കൊണ്ടുപോയി. കൊട്ടാരമറ്റം ഭാഗത്ത് 200 മീറ്ററോളം നീളത്തിൽ അനുബന്ധ റോഡും 100 അടി വീതിയിൽ പ്രവേശന കവാടവും പൂർത്തിയാക്കാനുണ്ട്.

ടൗണിൽ മീനച്ചിലാറിന്റെ തീരം വഴിയുള്ള റിവർവ്യൂ റോഡ് കൊട്ടാരമറ്റം വരെ പാലാ-ഏറ്റുമാനൂർ റോഡിന് സമാന്തരമായാണ് കടന്നു പോകുന്നത്. ളാലം ജംക്‌ഷൻ മുതൽ ജനറൽ ആശുപത്രി ജംക്‌ഷൻ വരെയാണ് നിലവിൽ റോഡുള്ളത്. ഇവിടെ മുതൽ കൊട്ടാരമറ്റം വരെ റോഡ് നീട്ടുന്നതോടെ ടൗണിൽ സമാന്തര പാതയും ഗതാഗതക്കുരുക്കിനു പരിഹാരവുമാകും. നഗരത്തിനുള്ളിൽ പ്രവേശിക്കാതെ വാഹനങ്ങൾക്ക് ളാലം ജംക്‌ഷനിൽ നിന്ന് കൊട്ടാരമറ്റത്തു എത്തുകയും ചെയ്യാം.

12 മീറ്റർ വീതിയുള്ള റോഡിൽ 2 മീറ്റർ വീതിയിൽ നടപ്പാതയും വിഭാവനം ചെയ്തിട്ടുണ്ട്. നടപ്പാത ആറ്റിലേക്കു തള്ളി നിൽക്കും. റിവർവ്യൂ റോഡ് പൂർത്തിയാകുന്നതോടെ കൊട്ടാരമറ്റം മുതൽ ആശുപത്രി ജംക്‌ഷൻ വരെയുള്ള ഭാഗത്ത് വൺവേ സംവിധാനത്തിൽ വാഹനങ്ങൾ കടത്തിവിടാനും സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com