ADVERTISEMENT

പൊൻകുന്നം ∙ വലിയ പട്ടണമായി മുഖം മിനുക്കിയെങ്കിലും പൊൻകുന്നത്തിന്റെ പാതകളിൽ പരാതികളുടെ കൂട്ടയോട്ടമാണ്. തെളിയാത്ത സിഗ്നൽ ലൈറ്റുകൾ, റോഡിലെ മാഞ്ഞ സീബ്രാ ലൈനുകൾ, വാഹനങ്ങളുടെ പാച്ചിൽ തുടങ്ങി ജനങ്ങൾക്ക് പറയാൻ പരാതികളേറെ.

വികസനപാതയിൽ പിന്നാക്കം നടന്ന്
പുനലൂർ – മൂവാറ്റുപുഴ പാതയുടെ സംഗമ വേദിയാണ് ടൗൺ. ഒപ്പം പാലാ – പൊൻകുന്നം റോഡും മണിമല റോഡും ഹൃദയഭാഗത്ത് സംഗമിക്കുന്നു. ശബരിമല പാതയായ പൊൻകുന്നം – എരുമേലി റോഡും തിരിയുന്നത് ഇവിടെ നിന്നു തന്നെ. പുതിയ വ്യാപാര സ്ഥാപനങ്ങൾ, മൂന്നുവരി പാതയുള്ള സെൻട്രൽ കവല തുടങ്ങി കോട്ടയം കഴിഞ്ഞാൽ ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് പൊൻകുന്നം.

വികസനമില്ലാതെ കിടന്ന സഞ്ചാരപാതകൾ പുനലൂർ – മൂവാറ്റുപുഴ റോഡിന്റെ വരവോടെ മുഖം മിനുക്കിയിരുന്നു.  ആദ്യ കാലങ്ങളിൽ ട്രാഫിക് സിഗ്നലുകൾ ഉൾപ്പെടെ പ്രവർത്തിച്ച് ഗതാഗതം സുഗമമായി നടന്നിരുന്നതാണ്. പക്ഷേ, ടൗൺ ഇപ്പോൾ വീണ്ടും പഴയ രീതികളിലേക്കു തിരികെപ്പോകുന്ന കാഴ്ചയാണുള്ളത്.

വഴി കണ്ടില്ലെങ്കിൽ തോന്നുംപടി
സെൻട്രൽ ജംക്‌ഷനിൽ എത്തുന്ന വാഹനയാത്രക്കാർക്ക് ആകെ ആശയക്കുഴപ്പമാണ്; എങ്ങനെ പോകണം, ഏതു വഴി പോകണം, എപ്പോൾ പോകണം എന്നെല്ലാം കാണിച്ചു നൽകേണ്ടിയിരുന്ന സിഗ്നൽ ലൈറ്റുകൾ മിഴിയടച്ചിട്ട് നാളേറെയായി. പാലാ – പൊൻകുന്നം ദേശീയപാത സംഗമിക്കുന്ന ഭാഗത്ത് ട്രാഫിക് ലൈറ്റുകൾ സ്ഥാപിച്ചതോടെ ടൗണിന്റെ മുഖഛായ തന്നെ മാറിയിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ വാഹനങ്ങൾ ഒരു നിയന്ത്രണവും ഇല്ലാതെ തലങ്ങും വിലങ്ങും പായുന്ന കാഴ്ചയാണുള്ളത്.

കണ്ടുപിടിക്കാമോ സീബ്രാ വര?
കാൽനട യാത്രക്കാർക്ക് സീബ്രാ ലൈനുകൾ കണ്ടെത്തണമെങ്കിൽ മഷിയിട്ടു നോക്കേണ്ട ഗതികേടിലാണെന്നു ചിറക്കടവ് സ്വദേശിയായ യാത്രക്കാരൻ പ്രവീൺ പറയുന്നു. ബസ് സ്റ്റാൻഡിനു മുൻപിൽ ദേശീയപാതയിൽ സീബ്രാ ലൈനിലൂടെ ആളുകൾക്ക് റോഡ് മുറിച്ചുകടക്കാൻ ഡിവൈഡറുകൾ വച്ചിട്ടുണ്ട്.

പക്ഷേ, നടുഭാഗം ഒഴികെ വരകൾ എല്ലാം മാഞ്ഞ നിലയിലാണ്. യാത്രക്കാർ ഇതു കണ്ടുപിടിച്ച് റോഡ് കടന്നാലും വാഹന ഡ്രൈവർമാർക്ക് വര കാണാൻ കഴിയില്ല. അതുകൊണ്ട് തന്നെ വാഹനങ്ങൾ വേഗം കുറയ്ക്കണമെന്നില്ല. അതിനാൽ കാൽനടയാത്രക്കാർ പലപ്പോഴും ഓടിയാണ് റോഡ് കടക്കുന്നത്.

പരാതികൾ ആര് കേൾക്കാൻ...
അനധികൃത പാർക്കിങ്ങും അപകടങ്ങളുമാണു മറ്റൊരു പ്രശ്നം. റോഡിന്റെ ഇരു വശങ്ങളിലും പലപ്പോഴും നോ പാർക്കിങ് ബോർഡുകൾക്കു കീഴിൽ വരെ വാഹനങ്ങൾ നിർത്തിയ ശേഷമാണ് ആളുകൾ പോകുന്നത്. ഇത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.  ബസ് സ്റ്റാൻഡിൽ നിന്നു ബസുകൾ ഇറങ്ങുമ്പോഴും കയറുമ്പോഴും മണിമല റോഡിൽ നിന്നു വാഹനങ്ങൾ ദേശീയപാതയിൽ കയറുമ്പോഴാണ് അപകടസാധ്യത കൂടുതൽ.  പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് വ്യാപാരികളും പൊതുജനങ്ങളും പല തവണ അധികൃതരെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.

വേണം നിയന്ത്രണം
തിരക്കേറിയ ടൗണിൽ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്നു ജനങ്ങൾ ആവശ്യപ്പെടുന്നു. രാവിലെ 10 വരെയും വൈകിട്ട് സ്കൂൾ സമയത്തും സാധാരണഗതിയിൽ വലിയ തിരക്കാണ്. ഇൗ സമയങ്ങളിൽ ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. കെവിഎംഎസ് കവല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയമിച്ചാൽ പ്രശ്നങ്ങൾക്കു പരിഹാരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com