ADVERTISEMENT

കുറവിലങ്ങാട് ∙വേനൽച്ചൂടിൽ നാടൻ ഉൽപന്നങ്ങളുടെ വരവ് നിലച്ചതോടെ വിപണിയിൽ പച്ചക്കറി വില പൊള്ളുന്ന അവസ്ഥയിൽ.ബീൻസ്, ഇഞ്ചി,വെളുത്തുള്ളി തുടങ്ങിയവയുടെ വില റെക്കോ‍ഡിട്ടു. വെയിലിന്റെ കാഠിന്യം വർധിച്ചതോടെ വിപണിയിൽ കാര്യമായ തിരക്കില്ലാത്ത അവസ്ഥയാണ്. രാവിലെ 11നു ശേഷം പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു.ജില്ലയിൽ പലയിടങ്ങളിലും വിലയുടെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ട്.

ബീൻസ് വില 170 രൂപ മുതൽ 185 രൂപ വരെയാണ്. ഇഞ്ചി, വെളുത്തുള്ളി വില മാസങ്ങളായി മൂന്നക്കത്തിലാണ്. ഇഞ്ചി കിലോഗ്രാമിനു 175 മുതൽ 200 രൂപ വരെ. വെളുത്തുള്ളി 200 രൂപ. തക്കാളി, സവാള, വെള്ളരിക്ക തുടങ്ങിയവയ്ക്കു കാര്യമായ വില വർധന ഇല്ല. 25 മുതൽ 30 രൂപ വരെ. നാടൻ മാങ്ങ ഉൽപാദനം കുറഞ്ഞതിനാൽ മാങ്ങ വില ഇപ്പോഴും കിലോഗ്രാമിനു 55 രൂപ മുതൽ 70 രൂപ വരെയാണ്. തക്കാളി, കാബേജ്, പടവലങ്ങ, കടച്ചക്ക, പച്ചമുളക്, പാവയ്ക്ക തുടങ്ങിയവയുടെ വിലയും ഉയർന്നു. കടച്ചക്ക കിലോഗ്രാമിനു 100 രൂപയാണ് വില.

കരിഞ്ഞുണങ്ങി കാർഷിക മേഖല
പാവൽ,അച്ചിങ്ങപ്പയർ, പടവലം തുടങ്ങി പന്തലിൽ പടരുന്ന എല്ലാ പച്ചക്കറികളെയും വേനൽ ബാധിച്ചു. കായ അകുന്നതിനു മുൻപ് പൂവ് കരിയുകയാണ്. ഉൽപാദനം നാലിൽ ഒന്നായി കുറഞ്ഞെന്നു കർഷകർ പറയുന്നു. കഴിഞ്ഞ സീസണിൽ ഒരേക്കർ പയർ തോട്ടത്തിൽ നിന്നു ഒന്നിടവിട്ട ദിവസം 120 കിലോഗ്രാം വരെ വിളവ് ലഭിച്ചിരുന്നു. ഇപ്പോൾ 25–30 കിലോഗ്രാം മാത്രമാണ് ലഭിക്കുന്നത്.ഇതേ അവസ്ഥയാണ് മറ്റു പച്ചക്കറികൾക്കും. വിപണിയിൽ നാടൻ പച്ചക്കറികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഉൽപാദനം കുറയുകയാണെങ്കിലും ചെലവ് വർധിക്കുകയാണെന്നു കർഷകർ പറയുന്നു. പമ്പ് പ്രവർത്തിപ്പിച്ചു ജലസേചനം നടത്തണം. ഡീസലിനു പണം കണ്ടെത്തണം.

ജില്ലയിൽ പല സ്ഥലത്തും എംവിഐപി കനാൽ തുറന്നു വെള്ളം ഒഴുക്കുന്നത് കർഷകർക്കു ആശ്വാസമായിട്ടുണ്ട്.ഏത്തവാഴക്കൃഷിയെ ചൂട് കാര്യമായി ബാധിച്ചു. ഓണവിപണി ലക്ഷ്യമാക്കി ആരംഭിച്ച കൃഷിയും നാശത്തിന്റെ പാതയിലാണ്. ഒരു വാഴയിൽ 10 പടല കായ വരെ വിരിഞ്ഞിരുന്ന സ്ഥാനത്തു മൂന്നോ നാലോ പടലകൾ മാത്രം. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ കൃത്യമായി വളപ്രയോഗം പോലും നടത്താൻ സാധിക്കുന്നില്ല. ജലസേചനത്തിനു വെള്ളം ഉണ്ടെങ്കിൽ മാത്രമേ വളപ്രയോഗത്തിന്റെ ഗുണം ലഭിക്കുകയുള്ളൂ. ചൂട് കൂടിയതോടെ കീടങ്ങളുടെ ആക്രമണവും വർധിച്ചു. പ്രകൃതിദുരന്ത പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

മറുനാടൻ ഇനങ്ങളുടെ വരവ് വർധിച്ചു
നാടൻ ഇനങ്ങളുടെ ഉൽപാദനം കുറഞ്ഞതോടെ മൈസൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു പച്ചക്കറി വരവ് വർധിച്ചു.ഒരു കാലത്ത് നാട്ടിൽ സുലഭമായിരുന്ന മൂവാണ്ടൻ മാമ്പഴം പോലും ഇപ്പോൾ അതിർത്തി കടന്നു എത്തുകയാണ്.സീസൺ അനുസരിച്ചാണ് നാട്ടിലെ പച്ചക്കറിക്കൃഷി. പക്ഷേ മൈസൂരു, കമ്പം ഉൾപ്പെടെ മറ്റിടങ്ങളിൽ വർഷത്തിൽ എല്ലാ സമയത്തും അച്ചിങ്ങപ്പയർ ഉൾപ്പെടെ കൃഷി ചെയ്യുന്നു.

വയനാട്, മൈസൂരു എന്നിവിടങ്ങളിൽ നിന്നു വൻതോതിൽ ഏത്തക്കുല ഉൾപ്പെടെ എത്തുന്നു. നാടൻ ഇനങ്ങളേക്കാൾ കുറഞ്ഞ വിലയ്ക്കു ഇവ കൃത്യമായി ലഭിക്കുന്നതിനാൽ ചെറുകിട വ്യാപാരികൾ പോലും മറുനാടൻ ഇനങ്ങളിലേക്കു ചുവട് മാറ്റുകയാണ്. ഇതര സംസ്ഥാനങ്ങളിലെ ഉൽപാദന കേന്ദ്രങ്ങൾ, ഏജൻസികൾ എന്നിവിടങ്ങളിൽ വിളിച്ചു പറഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ പച്ചക്കറി ലോഡ് എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com