ADVERTISEMENT

ഫറോക്ക് ∙ കാൽ നൂറ്റാണ്ടായി ഉപയോഗരഹിതമായി കിടക്കുന്ന ചുങ്കത്തെ പഴയ പൊലീസ് ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൊളിച്ചു നീക്കാത്തത് പരിസരവാസികളെ ആശങ്കപ്പെടുത്തുന്നു. തെരുവ് നായ്ക്കളും ഇഴജന്തുക്കളും താവളമാക്കിയ ക്വാർട്ടേഴ്സുകൾ തൊട്ടടുത്ത താമസക്കാർക്കു ഭീഷണിയായി.ഇന്നലെ വൈകിട്ട് ക്വാർട്ടേഴ്സ് വളപ്പിലെ മരം സമീപത്തെ വീടിനു മുകളിലേക്ക് പതിച്ചതോടെ ജനം വീണ്ടും പരാതിയുമായി രംഗത്തെത്തി. ഉപയോഗിക്കാതെ കിടക്കുന്ന പഴയ കെട്ടിടങ്ങളും ഭീഷണിയായി നിൽക്കുന്ന മരങ്ങളും ഉടൻ നീക്കം ചെയ്യണമെന്നാണ് ആവശ്യം. 

1.45 ഏക്കർ ഭൂമിയുള്ള ക്വാർട്ടേഴ്സ് വളപ്പിൽ 16 ഓടിട്ട കെട്ടിടങ്ങൾ ഉണ്ടായിരുന്നു. കാലപ്പഴക്കത്താൽ ഇവയിൽ മിക്ക ക്വാർട്ടേഴ്സുകളുടെയും മേൽക്കൂര തകർന്നിട്ടുണ്ട്. ഓടുകൾ പൊട്ടി വീണ ചില കെട്ടിടങ്ങൾ ഏതുസമയവും നിലംപൊത്തുമെന്ന അവസ്ഥയാണ്. അടഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്സുകളുടെ ചുറ്റുപാടും കാടുകയറി. ആളനക്കം ഇല്ലാത്തതിനാൽ തെരുവുനായ്ക്കൾ ചേക്കേറിയ കെട്ടിടങ്ങളിൽ ഇഴജന്തുക്കൾ വിഹരിക്കുന്നു. ഇതു സമീപത്തെ താമസക്കാർക്കു ഭീഷണിയാണ്.

നഗര പരിധിയിലെ പൊലീസുകാർക്ക് താമസിക്കാൻ വേണ്ടി വർഷങ്ങൾക്കു മുൻപാണ് ചുങ്കത്ത് ക്വാർട്ടേഴ്സുകൾ പണിതത്. കാലപ്പഴക്കത്താൽ ഇവ താമസ യോഗ്യമല്ലാതായതോടെ 12 വർഷം മുൻപ് തൊട്ടടുത്ത് പുതിയ ഫ്ലാറ്റ് സമുച്ചയം നിർമിച്ചു. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാതെയാണു ഫ്ലാറ്റ് പണിതത്. ഇതിനാൽ നിലവിൽ ഇവിടെ തീരെ സ്ഥലസൗകര്യം ഇല്ല. പൊലീസുകാരുടെ വാഹനങ്ങൾ നിർത്താനും കുട്ടികൾക്കു കളിക്കാനും ഇടമില്ല. ഇതു താമസക്കാർക്കു വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി ക്വാർട്ടേഴ്സ് വളപ്പിന് ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കാൻ നടപടി വേണമെന്നു ചുങ്കം സഹിതം റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

പൊലീസ് ക്വാർട്ടേഴ്സ് വളപ്പിലെ മരംവീണു സമീപത്തെ വീടിനു നാശം
ഫറോക്ക് ∙ ചുങ്കത്ത് പൊലീസ് ക്വാർട്ടേഴ്സ് വളപ്പിലെ മരംവീണു സമീപത്തെ വീടിനു നാശം. കളത്തിങ്ങൽ പറമ്പിൽ ബൈത്തുൽ അമലിൽ കെ.സാഹിറിന്റെ വീടിന്റെ മേൽക്കൂരയിലെ ഭിത്തിയും തൂണുകളും ഭാഗികമായി തകർന്നു. വൈകിട്ട് 3.40ന് ആണു ക്വാർട്ടേഴ്സ് വളപ്പിലെ തണൽമരം കടപുഴകി വീടിനു മേൽ പതിച്ചത്. വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മരം അപകട നിലയിലാണെന്നു ചൂണ്ടിക്കാട്ടി വീട്ടുകാർ നേരത്തെ രാമനാട്ടുകര നഗരസഭ, വില്ലേജ് അധികൃതർക്കു പരാതി നൽകിയിരുന്നു.  4 മാസം മുൻപ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചെങ്കിലും മുറിച്ചു മാറ്റാൻ നടപടി സ്വീകരിച്ചില്ല. നഗരസഭ ഉപാധ്യക്ഷൻ കെ.സുരേഷ്, പൊലീസ് ഇൻസ്പെക്ടർ ആർ.സജീവ് എന്നിവർ സ്ഥലം സന്ദർശിച്ചു. വില്ലേജ് അധികൃതരെ വിവരം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com