ADVERTISEMENT

കോഴിക്കോട്∙ വെള്ളയിൽ ഓട്ടോറിക്ഷാ ഡ്രൈവറെ കുത്തിക്കൊന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കസ്റ്റഡിയിലുണ്ടായിരുന്ന യുവാക്കളെ ചോദ്യം ചെയ്തു വിട്ടയച്ചു. നഗരത്തിലെ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണ് വെള്ളയിൽ പണിക്കർ റോഡിൽ കേരള സോപ്സിനു പിന്നിലെ ഗേറ്റിനു സമീപത്തായി ഓട്ടോറിക്ഷയിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവർ എൻ.പി.ശ്രീകാന്തിനെ വെട്ടിയത്.  26നു രാവിലെ ഇതേ സ്ഥലത്തു വച്ചാണ് ശ്രീകാന്തിന്റെ കാർ അജ്ഞാതർ തീയിട്ടു നശിപ്പിച്ചത്. ഓട്ടോറിക്ഷയിൽ രാത്രി ശ്രീകാന്തിനൊപ്പം ഉണ്ടായിരുന്ന 2 യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.  ഇതിലൊരു യുവാവ് സംഭവം നടക്കുന്നതിനു മുൻപ് സ്വന്തം വീട്ടിലേക്കു പോയിരുന്നു. രണ്ടാമത്തെ യുവാവ് മദ്യലഹരിയിൽ ഉറക്കത്തിലായിരുന്നുവെന്നാണ് മൊഴി നൽകിയത്.

അറ്റം മൂർച്ചയുള്ള നീളമേറിയ ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. 18 വെട്ടുകളാണ് ഉള്ളത്. കൊല്ലപ്പെട്ട ശ്രീകാന്ത് അഞ്ചാംപ്രതിയായ കുണ്ടൂപ്പറമ്പ് പ്രഭുരാജ് വധക്കേസുമായി ഇപ്പോഴത്തെ സംഭവത്തിനു പ്രഥമദൃഷ്ട്യാ ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം. 2013 സെപ്റ്റംബറിൽ നടന്ന പ്രഭുരാജ് വധക്കേസിലെ  പ്രധാനസാക്ഷിയടക്കം ഒട്ടുമിക്ക സാക്ഷികളും 2019ൽ കൂറുമാറിയിരുന്നു. ഇതോടെയാണ് ശ്രീകാന്ത് അടക്കമുള്ള പ്രതികളെ കോടതി വിട്ടയച്ചത്.  സമീപകാലത്ത് ശ്രീകാന്തുമായി ശത്രുതയുള്ള ആരോ കടുത്ത പകയോടെ ആക്രമണത്തിനു ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.  കമ്മിഷണർ രാജ്പാൽ മീണ, ഡിസിപി അനൂജ് പലിവാൽ, ടൗൺ എസിപി കെ.ജി.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com