ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്തിനകത്തും പുറത്തും ശ്രദ്ധ നേടിയ മണ്ഡലം എന്നതിനു പുറമേ സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളിൽ ഉയർന്ന പോളിങ് നടന്ന മണ്ഡലം എന്ന സ്ഥാനവും നേടിയെടുത്തതോടെ വടകരയുടെ ഫലവും ശ്രദ്ധേയമാകും എന്നുറപ്പായി. വടകരയിൽ 14,21,883 വോട്ടർമാരിൽ 11,14,950 പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തിയത്. ഇവരിൽ 5,07,584 പുരുഷന്മാരും 6,07,362 സ്ത്രീകളും 4 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടുന്നു. 2019ൽ 82.70% ആയിരുന്നു പോളിങ്. 12,88,926 പേരിൽ 10,57,440 പേരാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത്. ശതമാനം കഴിഞ്ഞ തവണത്തേതിലും കുറഞ്ഞെങ്കിലും ചെയ്ത വോട്ടുകൾ കൂടി. 

വോട്ടുറപ്പാക്കാൻ മുന്നണികളെല്ലാം അക്ഷീണ പ്രയത്നമാണ് വടകരയിൽ നടത്തിയത്. വോട്ടർമാർക്ക് വിദേശരാജ്യങ്ങളിൽനിന്നു വിമാനസൗകര്യവും മറ്റു സംസ്ഥാനങ്ങളിൽനിന്നു ബസ് സൗകര്യവും ഒരുക്കിയിരുന്നു. ഇതിനു പുറമെയാണ് വെള്ളിയാഴ്ച നടന്ന പോളിങ്ങിനായി  ജുമഅ നമസ്കാരത്തിനു ക്രമീകരണം വരുത്തി പള്ളികളിൽനിന്നുണ്ടായ പ്രത്യേക നിർദേശങ്ങൾ.  ഇത്തവണ പുതുതായി ചേർന്ന വോട്ടുകളാണ് വടകരയിൽ ഉയർന്ന പോളിങ്ങിനു വഴിയൊരുക്കിയത്. അതേറെയും യുഡിഎഫ് വോട്ടുകളാണെന്നും ഈ നേട്ടം വടകരയിലെ യുഡിഎഫ് ഭൂരിപക്ഷം ഒരു ലക്ഷം കവിയാൻ കാരണമാകുമെന്നും യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു.  

താഴെത്തട്ടുമുതൽ ഇടതുമുന്നണി നടത്തിയ പ്രവർത്തനമാണ് ഈ ഉയർന്ന പോളിങ് ശതമാനത്തിനു കാരണമെന്നും അതിന്റെ ഫലം എൽഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തിൽ വ്യക്തമാകുമെന്നും എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദും പ്രതികരിച്ചു. പതിവിൽനിന്നു വ്യത്യസ്തമായി സ്ത്രീവോട്ടർമാർ ഇത്തവണ കൂട്ടത്തോടെ രംഗത്തെത്തിയതും വടകരയുടെ സവിശേഷതയായിരുന്നു. പോളിങ്ങിലെ സവിശേഷതകൾ തങ്ങൾക്ക് അനുകൂലമാണെന്ന് മുന്നണികളെല്ലാം ഒരു പോലെ അവകാശപ്പെടുമ്പോൾ വടകരയുടെ ഫലം കൂടുതൽ ആകാംക്ഷാഭരിതമാകുകയാണ്.

 വടകര: പോളിങ് മുൻ വർഷങ്ങളിൽ, വിജയികൾ
2019–82.70%–കെ.മുരളീധരൻ (കോൺ)
2014–81.21–മുല്ലപ്പള്ളി രാമചന്ദ്രൻ(കോൺ)
2009–80.58–മുല്ലപ്പള്ളി രാമചന്ദ്രൻ(കോൺ)
2004–75.83–പി.സതീദേവി(സിപിഎം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com