ADVERTISEMENT

കോഴിക്കോട് ∙ വേദനിക്കുന്നവർക്ക് ആശ്വാസത്തിന്റെ കരസ്പർ‌ശമായി മീനേച്ചി ഇനിയും ഇവിടെയുണ്ടാകും, 30 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്നു വിരമിക്കുകയാണെങ്കിലും. കേരളത്തിലെ തന്നെ ആദ്യത്തെ പാലിയേറ്റീവ് കെയർ വൊളന്റിയർ പൂവാട്ടുപറമ്പ് ‘നീലാംബരി’യിൽ വി.മീനാകുമാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ പാലിയേറ്റീവ് കെയർ കോ–ഓർഡിനേറ്ററായാണു വിരമിക്കുന്നത്.

തൃശൂരിലെ ക്ലിനിക്കിൽ നിന്നാണു മീനാകുമാരിയുടെ നഴ്സിങ് സേവനത്തിന്റെ തുടക്കം. 1993 സെപ്റ്റംബറിൽ കോഴിക്കോട് മെഡിക്കൽ കോളജ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ വൊളന്റിയറായി. 2001–ൽ അവിടെത്തന്നെ പാലിയേറ്റീവ് നഴ്സായി. 2010– മുതൽ കെയർ കോ–ഓ‍ർഡിനേറ്ററായി സേവനം അനുഷ്ഠിക്കുന്നു. മൂന്നു പതിറ്റാണ്ടു നീളുന്ന സാന്ത്വന പരിചരണ ജീവിതത്തിലെ മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങളുമായാണു മീനാകുമാരി ഔദ്യോഗിക സേവനം അവസാനിപ്പിക്കുന്നത്. ഹോം കെയർ  യാത്രയ്ക്കിടെ കണ്ടുമുട്ടിയൊരു അമ്മയുടെ ചിത്രം ഇന്നും മീനാകുമാരിയുടെ മനസ്സിലുണ്ട്. സ്വന്തം മകൻ ഉപേക്ഷിച്ചതിനെ തുടർന്ന് മകളുടെ വീടിനു മുൻപിൽ ആരും നോക്കാനില്ലാത്ത അവസ്ഥയിലായിരുന്നു ആ അമ്മ. ഈച്ച പൊതിഞ്ഞ അവസ്ഥയിലായിരുന്നു. ദുർഗന്ധം വമിക്കാൻ തുടങ്ങിയിരുന്നു. ഉടനെ മകളെക്കണ്ടു കാര്യം തിരക്കി. എല്ലാവരും ചേർന്ന് അമ്മയെ കുളിപ്പിക്കാൻ തീരുമാനിച്ചു. ഹോം കെയർ വാഹനത്തിൽ നിന്നു സോപ്പും തോർത്തുമെല്ലാം എടുത്തു. വെള്ളം ഒഴിച്ച് കുളിപ്പിക്കാൻ തുടങ്ങിയപ്പോൾ അമ്മ മെല്ലെ കൈ പൊക്കാൻ തുടങ്ങി. അവരെ പിന്നീട് ഐപിഎമ്മിൽ പ്രവേശിപ്പിച്ചതും ആരോഗ്യനില മെച്ചപ്പെട്ടതുമെല്ലാം മനസ്സിൽ മായാതെ നിൽക്കുന്ന ഓർമകളിൽ ചിലതു മാത്രം.

ഭർത്താവ് വേണുഗോപാലും മകൾ നിളയും നൽകിയ പിന്തുണയാണ് ഈ രംഗത്ത് സമയം പോലും നോക്കാതെ സേവനം ചെയ്യാൻ സഹായിച്ചതെന്നു മീനാകുമാരി പറയുന്നു. ഔദ്യോഗികമായി വിരമിച്ചാലും പാലിയേറ്റീവ് കെയർ വൊളന്റിയറായി ഐപിഎമ്മിനൊപ്പം തുടർന്നും ഉണ്ടാകുമെന്നും മീനാകുമാരി പറ​ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com