ADVERTISEMENT

കോഴിക്കോട്∙ നാടിനെ നടുക്കിയ വെള്ളയിലെ ഓട്ടോഡ്രൈവറുടെ കൊലപാതകത്തിൽ 36 മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാൻ സാധിച്ചത് പൊലീസിന്റെയും ‘കോഴിക്കോട് ക്രൈം സ്ക്വാഡി’ന്റെയും അന്വേഷണ മികവ്. കൊല നടത്തിയ സമയത്ത് പ്രതി സഞ്ചരിച്ച സ്കൂട്ടറിന്റെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ ധനേഷിലേക്ക് എത്തിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർ നാലുകുടിപ്പറമ്പ് എൻ.പി.ശ്രീകാന്തിനെ 27ന് രാവിലെ 5.45ന് ആണ് വെട്ടിക്കൊന്നത്. ശ്രീകാന്ത് പ്രതിയായ 2013ലെ കുണ്ടൂപ്പറമ്പ് പ്രഭുരാജ് വധക്കേസുമായി പ്രതികൾക്കു ബന്ധമില്ലെന്ന് ആദ്യമേ പൊലീസ് സ്ഥിരീകരിച്ചിരുന്നു. സമീപകാലത്തുണ്ടായ അടങ്ങാത്ത പകയും വ്യക്തിവിരോധവുമാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു പൊലീസ് നിഗമനം.

അതിവേഗം അന്വേഷണം 
ആദ്യദിവസം കാർ കത്തിച്ചതും അതേസ്ഥലത്ത് രണ്ടാംദിവസം കൊലപാതകം നടത്തിയതും ഒരേ ആളായിരിക്കുമെന്ന സംശയമാണ് കൊലപാതകം കടുത്ത വ്യക്തിവൈരാഗ്യമാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. 6 മാസത്തിനിടെ ശ്രീകാന്തുമായി ശത്രുതയുള്ളവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. പ്രദേശത്ത് ലഭ്യമായ 30 സിസിടിവി ദൃശ്യങ്ങളും ശ്രീകാന്തും സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ളവരുടെ ഫോൺകോൾ വിവരങ്ങളും പരിശോധിച്ചു.

ശ്രീകാന്ത് ബന്ധുകൂടിയായ ധനേഷിന്റെ മാതാവിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചു. ശ്രീകാന്തുമായി ധനേഷ് വാക്കുതർക്കം നടത്തിയതായി വിവരം ലഭിച്ചു. സിസിടിവി ദൃശ്യത്തിലെ ഇരുചക്രവാഹനമാണ് ധനേഷ് ഓടിക്കുന്നതെന്നതു സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്. 

കാത്തിരുന്ന് ആക്രമണം
ശ്രീകാന്തുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് 26ന് രാത്രിയാണ് ധനേഷ് ശ്രീകാന്തിന്റെ കാർ കത്തിച്ചത്. തൊട്ടടുത്ത പകലും ശ്രീകാന്തും ധനേഷും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ധനേഷിന്റെ മാതാവിനെക്കുറിച്ച് ശ്രീകാന്ത് അപമര്യാദയായി സംസാരിക്കുകയും ചെയ്തതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ പക വർധിച്ചു. രാത്രി ശ്രീകാന്തും സുഹൃത്ത് ജിതിനും ഹാർബറിനുസമീപം മദ്യപിക്കുന്നതു കണ്ടു.

ഏറെ നേരം കാത്തിരുന്ന ധനേഷ് വീട്ടിൽപോയി മൂന്നു മണിയോടെ ആയുധവുമായി തിരികെ ഹാർബറിലേക്ക് വന്നു. അഞ്ചരയോടെ ഓട്ടോയിൽ ശ്രീകാന്തും സംഘവും പണിക്കർറോഡിലേക്ക് പോയി. പിന്നാലെ പോയ ധനേഷ് പണിക്കർ റോഡിൽ കാത്തുനിന്നു. ഒരു സുഹൃത്ത് തിരികെപ്പോയതായി ഉറപ്പാക്കിയ ശേഷം അടുത്തെത്തി ശ്രീകാന്തിനെ വെട്ടുകയായിരുന്നു. 

തെളിവെടുപ്പും കുറ്റസമ്മതവും
പി.എൻ. പണിക്കർ റോഡിലും വരയ്ക്കൽ കടപ്പുറത്തും തെളിവെടുപ്പ് നടത്തിയ ശേഷം കോഴിക്കോട് കടപ്പുറത്ത് കടൽപ്പാലത്തിനു സമീപവും തെളിവെടുത്തു. ഈ ഭാഗത്താണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ചതെന്നും നേരം പുലർന്നതോടെ കടപ്പുറത്ത് ആളുകളുള്ളതിനാൽ കരയോടു ചേർന്ന ഭാഗത്തുതന്നെയാണ് ഉപേക്ഷിച്ചതെന്നുമാണ് ധനേഷ് പൊലീസിനോടു പറഞ്ഞത്. മുങ്ങൽ വിദഗ്ധരെ കൊണ്ടുവന്ന് ആയുധം വീണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം.വെള്ളയിൽ, എലത്തൂർ സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതികളാണ് ശ്രീകാന്തും ധനേഷുമെന്ന് പൊലീസ് പറഞ്ഞു. 

സ്പെഷൽ ആക്‌ഷൻഫോഴ്സിലെ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാഫി പറമ്പത്ത്, എ. പ്രശാന്ത്കുമാർ, എം. ഷാലു, സി.കെ. സുജിത്ത്, വെള്ളയിൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ബി.എസ് ബാവിഷ്, ടി.ദീപു കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ദീപു, സൈബർ സെല്ലിലെ രൂപേഷ് എന്നിവർ അടങ്ങിയതായിരുന്നു അന്വേഷണ സംഘം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com