ADVERTISEMENT

താമരശ്ശേരി∙ താമരശ്ശേരി കുടുക്കിലുമ്മാരത്ത് വ്യാപാരിയെ കടയിൽ കയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കുടുക്കിലുമ്മാരം കയ്യേലിക്കൽ വീട്ടിൽ ചുരുട്ടഅയൂബ് എന്ന അയൂബ് (35) ആണ് അറസ്റ്റിലായത്. താമരശ്ശേരി ഇൻസ്പെക്ടർ കെ.ഒ.പ്രദീപ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. സംഭവത്തിന്‌ ശേഷം കർണാടകയിൽ ഒളിവിൽ കഴിഞ്ഞ പ്രതി നാട്ടിലെത്തി പണം സംഘടിപ്പിച്ച് മൈസൂരിലേക്ക് കടക്കുന്നതിനിടെ താമരശ്ശേരി ചുരത്തിൽ വച്ചാണ് പിടിയിലാവുകയായിരുന്നു. 

ഏപ്രിൽ 18ന് ഉച്ചയ്ക്ക് ചുരുട്ട അയ്യൂബിന്റെ ബന്ധുവിന്റെ വിവാഹവീട്ടിൽ വച്ച് പ്രതികൾ നാട്ടുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് വൈകിട്ട് ഏഴോടെ ഇറച്ചി വെട്ടുന്ന കത്തിയുമായെത്തി വ്യാപാരി നവാസിനെ കടയിൽ കയറി വെട്ടി. കഴുത്തിനു വെട്ടിയത് നവാസ് തടയുന്നതിനിടെ കൈപ്പത്തി പിളർന്നു. പിന്നെയും വെട്ടാനോങ്ങിയപ്പോൾ ഓടിരക്ഷപ്പെട്ടു.

തുടർന്ന് നാട്ടുകാരനായ മാജിദിനെ വെട്ടാനായി മാജിദിന്റെ വീട്ടിലെത്തി. സംഘത്തെ കണ്ട് മാജിദ് റൂമിൽ കയറി വാതിൽ അടച്ചെങ്കിലും പ്രതികൾ വാതിൽ വെട്ടിപൊളിച്ചു. ഓടിയെത്തിയ നാട്ടുകാരെ കണ്ട് പിൻവാങ്ങിയ പ്രതികൾ നാട്ടുകരായ ജവാദ്, അബ്ദുൽ ജലീൽ എന്നിവരുടെ വീടുകളിലും അക്രമം നടത്തിയ ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ വർഷം താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ വച്ച് ഇതേ സംഘം നാട്ടുകാരെ ആക്രമിക്കുകയും വിവരമറിഞ്ഞെത്തിയ പൊലീസ് ജീപ്പ് തകർക്കുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞെത്തിയ വാടിക്കൽ ഇർഷാദ് എന്നാളെയും വെട്ടി പരുക്കേൽപ്പിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിൽ പെട്ടവരാണ് പ്രതികളെല്ലാം. എസ്ഐമാരായ സജേഷ്. സി. ജോസ്, രാജീവ്‌ ബാബു, സീനിയർ സിപിഒമാരായ എൻ.എം.ജയരാജൻ, പി.പി.ജിനീഷ്, രഘു, സൂരജ്, ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com