ADVERTISEMENT

കോഴിക്കോട് ∙  ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിനെതിെര ഡ്രൈവിങ് സ്കൂൾ സംഘടനകളുടെ സൂചന സമരത്തെ തുടർന്നു ജില്ലയിൽ ഡ്രൈവിങ് പരീക്ഷ സ്തംഭിച്ചു. ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ, സിഐടിയു, ബിഎംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു ഡ്രൈവിങ് സ്കൂൾ ഉടമകൾ ഇന്നലെ ആർടിഒ ഗ്രൗണ്ട് സ്തംഭിപ്പിച്ചു സമരം നടത്തിയത്. എന്നാൽ ലേണേഴ്സ് പരീക്ഷയും വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റും നടന്നു.രാവിലെ പത്തു മണിയോടെ കോഴിക്കോട് ചേവായൂർ ആർടിഒ ഗ്രൗണ്ട്, ഫറോക്ക് സബ് ആർടിഒ ഗ്രൗണ്ട് എന്നിവിടങ്ങളിൽ സമരക്കാർ പ്രതിഷേധ പ്രകടനം നടത്തി.

ചേവായൂരിൽ പ്രകടനത്തിൽ അഷ്റഫ് നരിമുക്കിൽ (എകെഎംഡിഎസ്), മസൂദ് ചെലവൂർ (സിഐടിയു), കെ.സുധീഷ്ബാബു (ബിഎംഎസ്) എന്നിവരും ഫറോക്കിൽ കെ.പി.പ്രവീൺ (എകെഎംഡിഎസ്), എൻ.ബി.വിപുൽ (സിഐടിയു), പി.ബവീഷ് (ബിഎംഎസ്) എന്നിവരും നേതൃത്വം നൽകി. ചേവായൂർ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ പരീക്ഷയ്ക്കു ഹാജരാകാൻ രാവിലെ 4 പേർ എത്തിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റ് നടത്താൻ കഴിയാതെ തിരിച്ചു പോയി. എന്നാൽ വാഹനങ്ങളുടെ പുതുക്കൽ, ഫിറ്റ്നസ്, ലേണിങ് ടെസ്റ്റ് എന്നിവ തടസ്സമില്ലാതെ നടന്നു. ലൈസൻസിനുള്ള ലേണിങ് പരീക്ഷയ്ക്ക് 80 പേരും ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 34 പേരും എത്തി. പരിവാഹൻ വെബ്സൈറ്റ് വഴി 13 വാഹനങ്ങൾ റജിസ്ട്രേഷൻ നടത്തിയതായി മോട്ടർ വാഹന ഉദ്യോഗസ്ഥർ അറിയിച്ചു.

കാറുകൾ, മറ്റു ചെറിയ വാഹനങ്ങൾ ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം. സംസ്ഥാനത്ത് 86 ഗ്രൗണ്ടിലാണ് ടെസ്റ്റ് നടക്കുന്നത്. ഇതിൽ 7 എണ്ണം സർക്കാർ നിയന്ത്രണത്തിലാണ്.  79 ഗ്രൗണ്ടുകളിലും ഡ്രൈവിങ് സ്കൂൾ ഉടമകൾ വാടക നൽകിയാണ് ടെസ്റ്റ് പരിശീലനം നൽകുന്നതെന്നു ഡ്രൈവിങ് സ്കൂൾ ഉടമകൾ പറഞ്ഞു. ഗ്രൗണ്ട് ടെസ്റ്റ് പരീക്ഷയ്ക്കു സർക്കാർ ഫീസ് ശേഖരിക്കും. എന്നാൽ ഗ്രൗണ്ട് സംവിധാനം ഒരുക്കാനോ പരിഷ്കരിക്കാനോ സർക്കാർ തയാറല്ല. ഗ്രൗണ്ട് ഒരുക്കുന്നതിനു ഡ്രൈവിങ് സ്കൂളുകൾക്ക് അമിത സാമ്പത്തിക ബാധ്യതയുണ്ടെന്നു നേതാക്കൾ പറഞ്ഞു. പരിഷ്കരണം നടത്തുമ്പോൾ, നിലവിലെ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും പരിഷ്കാരം ബാധകമാക്കണം. പ്രായം കൂടുംതോറും ഡ്രൈവിങ്ങിന്റെ ക്ഷമത പരിശോധിക്കുന്നത് അത്യാവശ്യമാണെന്നും നേതാക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com