ADVERTISEMENT

രാമനാട്ടുകര ∙ കൊടും ചൂടിൽ വാഴകൾ ഒടിഞ്ഞു വീഴുന്നതു കർഷകരുടെ നെഞ്ചുലയ്ക്കുന്നു.  കുലച്ച നൂറോളം നേന്ത്രവാഴകൾ ഫാറൂഖ് കോളജ് കൊടിഞ്ഞിയിൽ താഴത്ത് ഒടിഞ്ഞു തൂങ്ങി. താങ്ങു കാലിൽ കെട്ടി ഉറപ്പിച്ച വാഴകളും ചൂടേറ്റ് വീണു. ഇതോടെ കൃഷിക്കാർ ആശങ്കയിലാണ്.പാടശേഖരത്തിന് സമീപത്തെ കുളങ്ങളും തോടുകളും വറ്റിയതോടെ പ്രദേശത്തെ പച്ചക്കറിക്കൃഷിയും കരിഞ്ഞു തുടങ്ങി. സമീപത്തെ കിണറ്റിൽ നിന്നു മോട്ടർ ഉപയോഗിച്ചാണ് പലരും കൃഷികൾ നനയ്ക്കുന്നത്. എന്നാൽ ഒരു വെയിൽ ഏൽക്കുന്നതോടെ പാടത്ത് ജലാംശം പൂർണമായി വറ്റുന്ന സ്ഥിതിയാണ്.ചൂട് കൂടിയതോടെ പയർ വർഗങ്ങൾ പടർന്നു കയറാനാവാതെ ഉണങ്ങുന്നത് കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.

നന കുറവായതും ചൂട് കൂടിയതും കാരണം കുലച്ച നേന്ത്ര വാഴകളിൽ കായ വളരുന്നില്ല. മിക്ക വാഴകളിലും വളരെ ചെറിയ കുലകളാണ്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ പെയ്യേണ്ട ഇടമഴ ഇത്തവണ കിട്ടിയില്ല. ഇതാണു കൊടും വരൾച്ചയ്ക്ക് ഇടയാക്കിയത്. ഒപ്പം അന്തരീക്ഷത്തിലെ താപനില കുത്തനെ ഉയർന്നതും കൃഷിയെ ബാധിച്ചു. വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും കൃഷി ചെയ്തവർക്കെല്ലാം കണ്ണീരാണ്.വിളയ്ക്കു ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഓരോരുത്തർക്കും വലിയ നഷ്ടമുണ്ടായി. മുൻ വർഷങ്ങളിൽ കാറ്റും മഴയുമായിരുന്നു കർഷകരെ ബാധിച്ചിരുന്നതെങ്കിൽ ഇത്തവണ കൊടും വരൾച്ചയാണു ചതിച്ചത്. വരൾച്ച മൂലമുള്ള വിളനാശം കൃഷിഭവനിൽ അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com