ADVERTISEMENT

രാമനാട്ടുകര ∙ ഒൻപതാം മൈൽസ് കണ്ടായി പെട്രോൾ പമ്പിന് സമീപത്തെ ഓട്ടമൊബീൽ സ്പെയർപാർട്സ് കടയിലുണ്ടായ അഗ്നിബാധയിൽ 40 ലക്ഷം രൂപയുടെ നാശനഷ്ടം. പൂവന്നൂർ പള്ളി ചേലനാട്ടു പറമ്പ് ഇന്ദ്രപ്രസാദിന്റെ ഉടമസ്ഥതയിലുള്ള ‘ഓട്ടോ വിൻ’ സ്പെയേഴ്സിലാണ് കഴിഞ്ഞദിവസം രാത്രി 7.10ന് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. കടയിൽ വിൽപനയ്ക്ക് സൂക്ഷിച്ച ഹെവി വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ, ഓയിൽ, ഗ്രീസ് തുടങ്ങിയവ പൂർണമായും കത്തിച്ചാമ്പലായി. ചൂടേറ്റ് കോൺക്രീറ്റ് കെട്ടിടത്തിന്റെ ചുമർ ഭിത്തിയിലും മറ്റു വിള്ളൽ വീണു.

വൈദ്യുതി ഉപകരണങ്ങളും നാശമായി. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റേഡിയേറ്റർ വർക് ഷോപ്പിലും മുകളിലെ മരുന്നു കടയിലും ചെറിയ തോതിൽ നാശമുണ്ടായി.കടയിൽ നിന്നു തീ ഉയരുന്നതു കണ്ട സമീപത്തെ വ്യാപാരികളും നാട്ടുകാരും അഗ്നിശമന സേനയെ അറിയിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ 50 മീറ്റർ അകലെയായിരുന്നു പെട്രോൾ പമ്പ്. ഇതു നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചു. സമീപത്തെ മുറിയിൽ പാചക വാതക സിലിണ്ടർ ഉണ്ടെന്ന് അറിയിച്ചതോടെ അഗ്നിരക്ഷാസേന ഉടൻ നീക്കം ചെയ്തു.

പൂർണമായും കത്തിയമർന്ന കടയിലെ സാധനങ്ങൾ പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കി മറിച്ചാണ് തീ നിയന്ത്രിച്ചത്. മീഞ്ചന്ത സ്റ്റേഷൻ ഓഫിസർ എം.കെ.പ്രമോദ് കുമാർ, അസി.സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ 3 യൂണിറ്റ് എത്തി ഒന്നര മണിക്കൂർ പ്രയത്നിച്ചു. തീപിടിത്തം അറിഞ്ഞു പ്രദേശത്ത് ജനക്കൂട്ടം തടിച്ചുകൂടി. ദേശീയപാതയിൽ ഭാഗികമായി ഗതാഗത തടസ്സമുണ്ടായി. ഫറോക്ക് ഇൻസ്പെക്ടർ ആർ.സജീവ്, എസ്ഐ ആർ.എസ്.വിനയൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സിവിൽ ഡിഫൻസ് അംഗങ്ങളും എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com