ADVERTISEMENT

കോഴിക്കോട്∙ കോട്ടപ്പറമ്പിലെ മാതൃശിശു ആശുപത്രിയുടെ സ്ഥലം ദേശീയ ആരോഗ്യ ദൗത്യത്തിനു കൈമാറാൻ വീണ്ടും ശ്രമം. നേരത്തെ ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയതിനെ തുടർന്നു നിർത്തി വച്ച ഭൂമി കൈമാറ്റമാണ് ഇപ്പോൾ വീണ്ടും നടത്താനിരിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിലെ ജീവനക്കാർക്കു വേണ്ടി പരിശീലന കേന്ദ്രവും റിക്രിയേഷൻ ക്ലബ്ബും ആരംഭിക്കാനാണു പദ്ധതി. ഇതിനായി 2022ൽ തന്നെ 2.88 കോടി രൂപ അനുവദിച്ചിരുന്നു. ആദ്യം സ്ഥലം കണ്ടെത്തിയതു ചേവായൂർ ത്വക് രോഗാശുപത്രിയായിരുന്നെങ്കിലും ഇവിടെ അവയവമാറ്റ ശസ്ത്രക്രിയ കേന്ദ്രത്തിനുള്ള പദ്ധതി വന്നതോടെയാണ് കോട്ടപ്പറമ്പ് ആശുപത്രിയുടെ 30 സെന്റ് സ്ഥലത്തേക്കു പദ്ധതി മാറ്റിയത്.

നിലവിൽ സ്ഥല സൗകര്യമില്ലാതെ ഞെരുങ്ങുകയാണ് കോട്ടപ്പറമ്പ് ആശുപത്രി. രോഗികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ല. എൻഎച്ച്എമ്മിനു കൈമാറാൻ തീരുമാനിച്ച സ്ഥലത്താണ് നിലവിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഈ സ്ഥലം പോയാൽ രോഗികൾ എവിടെ പാർക്ക് ചെയ്യുമെന്ന പ്രശ്നവുമുണ്ട്. ഇതോടു ചേർന്നു കോട്ടപ്പറമ്പ് ആശുപത്രി ജീവനക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന ക്വോർട്ടേഴ്സുകൾ ചോർന്നൊലിക്കുന്ന നിലയിലാണ്. ഫണ്ടില്ലാത്തിന്റെ പേരിൽ ഇത് അറ്റകുറ്റപ്പണി നടത്തുന്നില്ല. ഇതിനിടെയാണ് ഉള്ള സ്ഥലം കൂടി എൻഎച്ച്എമ്മിനു കൈമാറുന്നത്.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള താൽക്കാലിക പ്രൊജക്ട് ആണ് ആരോഗ്യ ദൗത്യം പ്രവർത്തിക്കുന്നത്. ആകെ ഒരു സ്ഥിരം ജീവനക്കാരനും ബാക്കി കരാർ ജീവനക്കാരുമായാണ് പ്രവർത്തനം. എപ്പോൾ വേണമെങ്കിലും നിർത്താവുന്ന ആരോഗ്യ ദൗത്യത്തിലെ താൽക്കാലിക ജീവനക്കാർക്കു വേണ്ടി വൻ തുക മുടക്കി പരിശീലന കേന്ദ്രവും റിക്രിയേഷൻ ക്ലബും ഒരുക്കുന്നതിനെതിരെ ആരോഗ്യവകുപ്പിലെ മുതിർന്ന ഡോക്ടർമാർ അടക്കം കടുത്ത പ്രതിഷേധത്തിലാണ്. മലാപ്പറമ്പിൽ ആരോഗ്യവകുപ്പിനു കീഴിൽ പ്രത്യേക പരിശീലന കേന്ദ്രമുണ്ട്.

ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ഇവിടെയാണ് പരിശീലനം നൽകാറുള്ളത്. ഇത്തരമൊരു പരിശീലന കേന്ദ്രമുണ്ടായിരിക്കെ ആരോഗ്യദൗത്യത്തിനു വേണ്ടി മാത്രമായി വൻ തുക മുടക്കി വീണ്ടും പരിശീലന കേന്ദ്രം തുടങ്ങുന്നതിലും എതിർപ്പ് രൂക്ഷമാണ്. താൽക്കാലിക പ്രൊജക്ട് ആയ എൻഎച്ച്എമ്മിനു കീഴിൽ നിർമിക്കുന്ന റിക്രിയേഷൻ ക്ലബിന്റെ ഉടമസ്ഥാവകാശം ആർക്കെന്ന ചോദ്യം ഉയരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി ആശുപത്രി വികസന സമിതി തന്നെയാണ് നേരത്തെ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. ഇതേ തുടർന്നു നിർത്തി വച്ച നിർമാണമാണ് ഇപ്പോൾ ഇടവേളയ്ക്കു ശേഷം വീണ്ടും ആരംഭിക്കാൻ നീക്കം നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com