ADVERTISEMENT

ചാത്തമംഗലം∙ മുക്കം റോഡിൽ എൻഐടി ലൈബ്രറിക്ക് സമീപം അടിപ്പാത നിർമാണത്തിന് റോഡ് കുഴിച്ചതോടെ മതിയായ സൗകര്യങ്ങളില്ലാതെ ഗതാഗത കുരുക്ക് രൂക്ഷം. എൻഐടി ക്യാംപസിലെ മതിൽ പൊളിച്ച് റോഡിന് പകരം സൗകര്യം ഒരുക്കി വാഹനങ്ങൾ കടന്നു പോകാൻ വഴി ഒരുക്കിയിട്ടുണ്ടെങ്കിലും ബസ് അടക്കം വലിയ വാഹനങ്ങൾ കടന്നു പോകാൻ വേണ്ടത്ര വീതി ഇല്ലെന്നാണ് യാത്രക്കാരുടെ പരാതി.ഈ ഭാഗത്ത് റോഡിന്റെ വീതിയിൽ മതിൽ പൊളിച്ച് മാറ്റി ഇരുവശത്തേക്കും ഒരേ സമയം വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യം ഒരുക്കിയാൽ പ്രശ്നത്തിന് പരിഹാരമാകും.

നേരത്തെ മുക്കം, ഓമശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ നവീകരണം പൂർത്തിയാകാത്ത 12–ാം മൈൽ– കമ്പനി മുക്ക് റോഡ് വഴി തിരിച്ചു വിട്ടത് വിവാദമായിരുന്നു. അടിപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് തിരക്കേറിയ സമയങ്ങളിൽ പോലും ഇരു വശത്തു നിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് നിലവിൽ സംവിധാനമില്ല. ഡ്രൈവർമാർ വേഗത്തിൽ കടന്നു പോകാൻ ശ്രമിക്കുന്നതാണ് പലപ്പോഴും കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നത്. സാധാരണ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് കരാറുകാരുടെ നേതൃത്വത്തിൽ സംവിധാനം ഏർപ്പെടുത്താറുണ്ട് എങ്കിലും റോഡിൽ ഈ ഭാഗത്ത് അത്തരം ക്രമീകരണങ്ങൾ ഇല്ല.

10 മീറ്ററിൽ അധികം താഴ്ചയിൽ റോഡ് കുഴിയെടുത്ത് ഏതാനും തകര ഷീറ്റ് കൊണ്ട് മറച്ചു വച്ചതല്ലാതെ അപകട മുന്നറിയിപ്പും വെളിച്ചവും ഏർപ്പെടുത്തിയിട്ടില്ല. മാസങ്ങളായി ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തി മൂലം ദുരിതത്തിലായ യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഷരീഫ് മലയമ്മ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ, മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർക്ക് പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com