ADVERTISEMENT

എ‌ടക്കര ∙ മലയോരത്തെ ചൂട് 41 ഡിഗ്രിയും കടന്ന് പാലക്കാടിനൊപ്പം. ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പിന്റെ പാലേമാട് സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ 41.08 ഡിഗ്രിയാണ് താപനില കാണിച്ചത്. ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിലാണ് ഉയർന്ന ചൂ‌‌ടുണ്ടായത്. ഇതിനു മുൻപ് താപനില ഒരു തവണ 41 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ മിക്ക ദിവസവും 39, 40 ഡിഗ്രിയിലായിരുന്നു താപനില.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ 37 ഡിഗ്രിക്ക് താഴെ ചൂട് കുറഞ്ഞു വന്നിട്ടില്ലെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജില്ലയിൽ പലയിടങ്ങളിലും വേനൽ മഴ ലഭിച്ചപ്പോഴും മലയോരത്ത് മഴയുണ്ടായിട്ടില്ല. ചിലയിടങ്ങളിൽ ചാറിപ്പോകുക മാത്രമാണുണ്ടായത്. വേനൽ ചൂടിന്റെ കാഠിന്യം വർധിക്കുന്നത് അനുസരിച്ച് മലയോര മേഖല വരൾച്ച പിടിയിലാവുകയാണ്. മിക്കയിടത്തും ജലക്ഷാമം രൂക്ഷമായി.

കാട്ടിലും കത്തുന്ന ചൂട്
എടക്കര ∙ നാട്ടിൽ മാത്രമല്ല കാട്ടിലും കനത്ത ചൂടാണ്. കാട്ടിൽ മരങ്ങളുണ്ടായതിനാൽ ചൂട് കുറയുമെന്ന കണക്ക് കൂട്ടലും തെറ്റിച്ചാണ് ചൂട് അനുഭവപ്പെടുന്നത്. കാട്ടിനുള്ളിലെ ഊരുകളിലെ ആദിവാസി കുടുംബങ്ങളിൽ മിക്കവരും ചൂട് കാരണം പകൽ വീടുകളിൽ കഴിയുന്നില്ല. പ്രളയത്തിൽ വീടുകൾ തകർന്ന് പ്ലാസ്റ്റിക് മറച്ചുണ്ടാക്കി ഷെഡുകളിൽ കഴിയുന്ന കുടുംബങ്ങളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.

ചൂടിൽ പ്ലാസ്റ്റിക് വെന്തുരുകുന്ന സ്ഥിതിയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കൈക്കുഞ്ഞുങ്ങളുമായി കോളനികൾക്ക് സമീപങ്ങളിലെ പുഴയോരങ്ങളിലാണ് പകൽ കഴിയുന്നത്. ഭക്ഷണവും പുഴയോരത്ത് തന്നെ പാകം ചെയ്തു കഴിക്കും. പുഴയോരത്ത് കുഴികൾ ഉണ്ടാക്കിയാണ് വെള്ളം ശേഖരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com