ADVERTISEMENT

മലപ്പുറം ∙ ചുട്ടു പൊള്ളിക്കുന്ന വേനൽച്ചൂട് ജില്ലയിൽ ഒരാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മേയ് രണ്ടാം വാരം മുതൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിച്ചു തുടങ്ങും. മേയ് പകുതിയോടെ ഇടവിട്ട് മഴ പെയ്യാൻ തുടങ്ങും. ജൂണിൽ തുടങ്ങുന്ന മഴക്കാലത്ത് നല്ല മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

ചരിത്രത്തിലെ വലിയ ചൂട്...
ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനലാണ് ഇത്തവണത്തേതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കടുത്ത ചൂട് തുടർച്ചയായി അനുഭവപ്പെടുന്നതും അപൂർവം. പസഫിക് സമുദ്രത്തിന്റെ കിഴക്കൻ മേഖലയിലെ താപനില വർധിക്കുന്ന എൽ നിനോ പ്രതിഭാസമാണ് കേരളത്തിലുൾപ്പെടെ ചൂട് കൂടാൻ കാരണം. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും കൂടി ചേർന്നപ്പോഴാണ് അസഹ്യമായ തോതിലേക്ക് ചൂട് ഉയർന്നത്.

ഇന്നലെ ജില്ലയിൽ അനുഭവപ്പെട്ട താപനില 37 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ, 44 ഡിഗ്രി സെൽഷ്യസിന് സമാനമായ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്. മേയ് മാസത്തിലെ ആദ്യ ആഴ്ച കൂടി ഇതേ ചൂട് തുടരും.  അതിനു ശേഷം വേനൽ മഴ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. മഴ പെയ്തു തുടങ്ങിയാൽ പിന്നീട് തുടർച്ചയായി ലഭിക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

മഴക്കുറവ് 98%
സംസ്ഥാനത്ത് ഏറ്റവും കുറച്ച് വേനൽ മഴ ലഭിച്ച ജില്ലയാണ് മലപ്പുറം. മാർച്ച് 1 മുതൽ ഇന്നലെവരെയുള്ള കാലയളവിൽ 2.5 മില്ലി മീറ്റർ മഴ മാത്രമാണ് ജില്ലയിൽ ലഭിച്ചത്. സാധാരണ ഗതിയിൽ 108.9 മില്ലി മീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്താണിത്. മഴക്കുറവ് 98%. സംസ്ഥാനത്താകെ മഴക്കുറവ് 62% ആണ്. രണ്ടു മാസത്തിനിടെ ചാറ്റൽ മഴ പോലും ലഭിക്കാത്ത ഒട്ടേറെ പ്രദേശങ്ങൾ ജില്ലയിലുണ്ട്. വേനൽ മഴയുടെ അളവ് കുറഞ്ഞതു കൂടിയാണ് ചൂട് കനക്കാനുള്ള ഒരു കാരണം.

ഊട്ടിയിലും ‘നോ രക്ഷ’
നാട്ടിൽ നല്ല ചൂട്. തണുക്കാൻ മസിനഗുഡി വഴി ഊട്ടിയിലേക്കൊന്നു പോയാലോ? അവിടെയും രക്ഷയില്ല. ദക്ഷിണേന്ത്യയിലെ പ്രധാന സുഖവാസ കേന്ദ്രമായ ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.  29 ഡിഗ്രി സെൽഷ്യസ്. ഊട്ടിയിലെ ശരാശരി താപനില 5.4 ഡിഗ്രി സെൽഷ്യസാണ്. കേരളത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന സുഖവാസ കേന്ദ്രമായ ഊട്ടിയിലേക്ക് അവധിക്കാലം തുടങ്ങിയതോടെ സന്ദർശകരുടെ ഒഴുക്കാണ്. അടുത്ത മാസം 10ന് ഊട്ടി ഫ്ലവർ ഷോ തുടങ്ങുന്നതോടെ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com