ADVERTISEMENT

മുംബൈ∙ ഹാർബർ ലൈനിൽ ലോക്കൽ ട്രെയിൻ ഗതാഗതം ഇന്നലെയും താറുമാറായതോടെ വേനൽച്ചൂടിൽ വെന്തുരുകി യാത്രക്കാർ. രണ്ടു മണിക്കൂറോളമാണ് ലോക്കൽ ട്രെയിനുകൾ വൈകിയത്. മുതിർന്നവരും സ്ത്രീകളും കുട്ടികളുമടക്കം കടുത്ത ചൂടിൽ ട്രെയിനിനുള്ളിൽ പെട്ടു. മൂന്നു ദിവസത്തിനിടെ മൂന്നാം തവണയാണ് പാതയിൽ ലോക്കൽ ട്രെയിൻ തടസ്സപ്പെടുന്നത്. ഇന്നലെ രാവിലെ 11.30ന് പൻവേലിൽ നിന്ന് പുറപ്പെട്ട ട്രെയിൻ സിഎംസ്എടിയിൽ എത്തിയത് ഉച്ചയ്ക്ക് 2.45നു മാത്രമാണ്. ഒട്ടേറെപ്പേർ പാതി വഴിയിൽ ഇറങ്ങി ടാക്സി പിടിച്ചു. ട്രെയിനിറങ്ങിയ യാത്രക്കാർക്ക് ട്രാക്കിനരികിലൂടെ കടുത്ത വെയിലത്ത് നടക്കേണ്ടിവന്നു. ടാക്സിക്ക് പണമില്ലാത്തവരാക‌ട്ടെ  ട്രെയിനിലിരുന്ന് വിയർത്തുകുളിച്ചു. ലോക്കൽ ട്രെയിനിൽ ശുചിമുറിയില്ലാത്തതും യാത്രക്കാരെ വലച്ചു.വഡാല വരെ സമയം പാലിച്ച  ട്രെയിനാണ് പിന്നീട് വൈകിയോടിയത്. അതിന് ശേഷമാണ് ട്രെയിൻ നിരനിരയായി പിടിച്ചിട്ടത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയിപ്പില്ലാതെ വന്നതോടെ പലരും ഹെൽപ് ലൈനിലേക്കും വിളിച്ചു. മുന്നറിയിപ്പില്ലാതെയാണ്  ട്രെയിൻ വൈകിയോടിയത് എന്നതിനാൽ പലരും അധികൃതരോടു തട്ടിക്കയറി. മാധ്യമങ്ങൾ വഴിയോ, എം ഇൻഡിക്കേറ്റർ ആപ് വഴിയോ നൽകുന്ന മുന്നറിയിപ്പും ഇത്തവണ ഉണ്ടായില്ല.

മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണി
ചൊവ്വാഴ്ചയും ബുധനാഴ്ചയും ഹാർബർ ലൈനിൽ ട്രെയിൻ പാളം തെറ്റിയിരുന്നു. ആദ്യദിവസം യാത്രക്കാരുണ്ടായിരുന്ന ട്രെയിനാണ് പാളം തെറ്റിയതെങ്കിലും ആളപായമുണ്ടായില്ല. രണ്ടാം ദിവസം കാലിയായ ബോഗികളാണ് പാളം തെറ്റിയത്. തുടർന്ന്, പാളങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ശിവ്‌രി മുതൽ സിഎസ്എംടി വരെ 10 കിലോമീറ്റർ വേഗത്തിൽ മാത്രം ഓടാനാണ് ട്രെയിനുകൾക്ക് അനുമതി നൽകിയത്. ഇതോടെസമയക്രമം തെറ്റി. മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണി നടത്തിയതോടെ പലരും ഓഫിസിൽ എത്താനും വൈകി.

വലഞ്ഞത് പതിനായിരങ്ങൾ
ഹാർബർ ലൈൻ 10 ലക്ഷത്തോളം പേരാണ് ദിവസവും ലോക്കലുകളെ ആശ്രയിക്കുന്നത്. രാവിലെ മുതൽ ട്രെയിൻ വൈകിയോടിയതോടെ ഇവർ ദുരിതത്തിലായി. കുറച്ചു കാലമായി ഇവിടെ 10–15 മിനിറ്റ് വരെ വൈകിയാണ് ട്രെയിനുകൾ ഓടുന്നത്.

അസൗകര്യങ്ങളുടെ സ്റ്റേഷനുകൾ
ഹാർബർ ലൈനിലെ മിക്ക സ്റ്റേഷനുകളിലും വേണ്ടത്ര അടിസ്ഥാന സൗകര്യമില്ല. വേണ്ടത്ര ശുചിമുറികളോ, ശുദ്ധജല സൗകര്യമോ ലഭ്യമല്ല. കൂളറുകളും പൈപ്പുകളും ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇനിയും യാഥാർഥ്യമായിട്ടില്ല. പ്ലാറ്റ്ഫോമുകളിൽ കുപ്പിവെളളം വാങ്ങാൻ കടകളില്ലാത്ത സ്റ്റേഷനുകളും ഏറെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com