ADVERTISEMENT

മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ  നഗരത്തിലെ പ്രധാന വിഷയങ്ങളിലൊന്നായി വായുമലിനീകരണം മാറുന്നുവെന്ന് ഹൗസിങ് സൊസൈറ്റികൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തി. വികസനം ആവശ്യമാണ്. എന്നാൽ പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകൾ നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണം എന്നാണ് എല്ലാവരുടെയും അഭിപ്രായം.റോഡ്, പാലം, മെട്രോ, കെട്ടിടങ്ങൾ എന്നിവയുടെ നിർമാണം പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്നതാണ് മലിനീകരണം കൂടാൻ ഒരു കാരണം.

വായുമലിനീകരണത്തോത് ഉയർന്നതിനെത്തുടർന്ന് മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ ആശുപത്രികളിൽ ചികിത്സ തേടി. ഹൈക്കോടതി സർക്കാരിനെയും ബിഎംസിയെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.ഇതിനൊപ്പം കൂടുതൽ തൊഴിലവസരം ആവശ്യമാണെന്നും സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. വികസന പ്രവർത്തനങ്ങളുടെ മറവിൽ അഴിമതി ശക്തമാണെന്ന ആരോപണവുമുണ്ട്.

വേണം, ജനോപകാര പദ്ധതികൾ 
ട്രാൻസ്ഹാർബർ ലിങ്ക് പോലെയുള്ള വലിയ വികസന പ്രവർത്തനങ്ങൾ എടുത്ത് കാണിക്കാനുണ്ടെങ്കിലും ടോൾ നിരക്ക് വലിയ പ്രശ്നമായി ഉയർന്നുനിൽക്കുന്നു. കൊട്ടിഘോഷിച്ച് ഉദ്ഘാടനം െചയ്ത കടൽപാലം ഉപയോഗിക്കുന്നവരുടെ എണ്ണം കാര്യമായി വർധിച്ചിട്ടില്ല. കടൽപാലം കാണാൻ എത്തിയവരുടെ തിരക്ക് ആദ്യഘട്ടത്തിലുണ്ടായിരുന്നു. വലിയ ടോൾ നിരക്കിനെത്തുടർന്ന് പതിവുയാത്രക്കാർ കുറവാണ്. കാറിന് ഒരു വശത്തേക്ക് 200 രൂപയിൽ കൂടുതലും ഇരുവശത്തേക്കുമായി 375 രൂപയുമാണ് ടോൾ നിരക്ക്.

ഇഴഞ്ഞിഴഞ്ഞ് നിർമാണം
മെട്രോ 3 ൽ ട്രെയിനുകളുടെ പരീക്ഷണയോട്ടം തുടങ്ങി ഒന്നര വർഷം കഴിഞ്ഞിട്ടും ആദ്യഘട്ടം ഉദ്ഘാടനം പോലും നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. റോഡിനിരുവശവും തടസ്സപ്പെടുത്തി ബാരിക്കേഡ‍് വച്ചത് കൊണ്ട് കച്ചവടത്തിൽ കുറവുണ്ടായെന്ന് വഴിയോര കച്ചവടക്കാർ പരാതിപ്പെടുന്നു. വാഹനത്തിൽ വരുന്നവർക്ക് കടയിലേക്ക് കയറാൻ പറ്റുന്നില്ലെന്നും പരാതിയുണ്ട്.  പാർക്കിങ്ങും വലിയ പ്രശ്നമാണെന്നും ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നും വിമർശനമുയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com