ADVERTISEMENT

ന്യ‌ൂ‍ഡൽഹി ∙ ഉത്സത്തിനെന്നോണം ഒരുങ്ങി നിൽക്കുന്ന തുഗ്ലക് ലെയ്നിലെ 8–ാം നമ്പർ വീട്. ബിജെപി എംപി കൃഷൻപാൽ ഗുജ്ജറിന്റെ ഈ വീട്ടിൽ രാവിലെ തുടങ്ങിയ പ്രത്യേക പൂജയിൽ പങ്കെടുക്കുകയാണ് ബാസുരി സ്വരാജ്. നാമനിർദേശപത്രിക നൽകാനിറങ്ങുന്നതിനുള്ള തയാറെടുപ്പാണ്. പുറത്തു 4 സംഘങ്ങളായി തിരിഞ്ഞ് ബാൻഡ് മേളക്കാർ കൊട്ടിക്കയറുന്നുണ്ട്. രംഗം കൊഴുപ്പിക്കാൻ ബിജെപിയുടെ പ്രചാരണ ഗാനവുമുണ്ട്. ആ മേളത്തിലേക്ക് ന്യൂഡൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നിറപുഞ്ചിരി‌യോ‌‌ടെ ഇറങ്ങിവന്നു. ഡൽഹി മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച സുഷമ സ്വരാജിന്റെയും മിസോറം മുൻ ഗവർണർ സ്വരാജ് കൗശലിന്റെയും മകളാണ് അഭിഭാഷകയായ ബാസുരി.

മുന്നോട്ടുനീങ്ങുന്ന ബാസുരിയെ കയ്യെത്തി തൊടാൻ ശ്രമിച്ച പ്രവർത്തകയെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളി മാറ്റി. അതു കണ്ട് തിരിഞ്ഞ ബാസുരി അവരെ അരികിലേക്കു വിളിച്ചു. ചേർത്തുപിടിച്ച് കവിളിലൊരു ഉമ്മ കൊടുത്തു. തുടർന്ന് പ്രചാരണ വാഹനത്തിലേക്കു കയറി. തുഗ്ലക് ലെയ്നിൽ നിന്നു പൃഥ്വിരാജ് റോഡിലേക്കെത്തിയ വാഹനത്തിന് പ്രീമിയം കാറുകളും പാർട്ടിപ്പതാക വച്ച സൈക്കിൾറിക്ഷകളും ഇരുചക്രവാഹനങ്ങളും അകമ്പടിയേകി. ജാംനഗർ ഹൗസിൽ ജില്ലാ കലക്ടറുടെ ഓഫിസിൽ വാഹനറാലി എത്തിയപ്പോൾ സമയം 10.45. കലക്ടർ ഇഷ ഖോസ്‌ലയുടെ മുറിയിലേക്ക് കയറിയ ബാസുരിക്കൊപ്പം അച്ഛൻ സ്വരാജ് കൗശലുമുണ്ടായിരുന്നു.

കൃത്യം 11ന് ബാസുരി പത്രിക നൽകാൻ എഴുന്നേറ്റു. ഒപ്പമുണ്ടായിരുന്ന കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ബിജെപി ‍‍ഡൽഹി അധ്യക്ഷൻ വീരേന്ദർ സച്ച്ദേവയും പത്രികയിൽ തൊട്ട് അനുഗ്രഹിച്ചു. സ്വരാജ് കൗശൽ മകളുടെ കയ്യിൽ നിന്നു പത്രിക വാങ്ങി ചുംബിച്ചു. ശേഷം, നെറുകയിൽ വച്ച് ഒരു നിമിഷം കണ്ണടച്ചു നിന്നിട്ട് മകൾക്കു കൈമാറി.  പത്രികാസമർപ്പണ നടപടിക്രമങ്ങൾക്കു ശേഷം പുറത്ത് അണികളു‌ടെ ആരവങ്ങൾക്കിടയിലേക്ക് വീണ്ടുമെത്തിയ ബാസുരി, മന്ത്രി ഹർദീപ് സിങ് പുരിക്കും സച്ച്ദേവയ്ക്കുമൊപ്പം പ്രചാരണ വാഹനത്തിൽ യാത്ര തുടർന്നു.

മുണ്ട‌് മുറുക്കിയുടുത്ത്  വീരേന്ദ്ര സച്ച്ദേവ
ബാസുരി പത്രിക നൽകാൻ പുറപ്പെടും മുൻ‍പ് ദക്ഷിണേന്ത്യൻ‍ വേഷത്തിൽ ഒരാൾ വീടിന്റെ വാതിൽ തുറന്ന് പുറത്തേക്കുവന്നു. പർപ്പിൾ കളർ മുറിക്കയ്യൻ ഷർട്ടും അതേ നിറത്തിൽ കരയുള്ള ഖാദി ഡബിൾ മുണ്ടുമുടുത്തെത്തിയത് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവാണ്. എന്താണ് ഇന്നിങ്ങനെയൊരു വേഷപ്പകർച്ച എന്ന് ചോദ്യത്തിന് കണ്ണിറുക്കിയുള്ള ചിരി ആദ്യ മറുപടി. പിന്നെ ‘സൗത്ത് ഇന്ത്യ ഹമേശാ ഹമാരെ ദിൽ മേ ഹെ’ എന്നു വിശദീകരണം – ദക്ഷിണേന്ത്യ എന്നും ഞങ്ങളുടെ ഉള്ളിലുണ്ടെന്ന്. വേഷത്തോടും അത്രയ്ക്ക് പ്രിയമാണോ എന്നു ചോദിച്ചപ്പോൾ തനിക്കു മാത്രമല്ല, തങ്ങളുടെ പാർട്ടിയിലെ ‘ബഡാ ഭായ്’ക്കും മുണ്ട് വളരെ ഇഷ്ടമാണെന്നു പറഞ്ഞു; ഡൽഹിയിലെ വേനൽക്കാലത്തിന് ഇണങ്ങുന്ന വേഷമാണതെന്നും. രാഷ്ട്രീയ കാലാവസ്ഥയ്ക്കും മുണ്ട് ഇണങ്ങുമോ?

ഉത്തരം ചിരിയിലൊതുങ്ങി. കേരളത്തിൽ ആളുകൾ മുണ്ടു മടക്കിക്കുത്തും, അതു വശമുണ്ടോയെന്ന ചോദ്യത്തിന്, താനുടുത്തിരിക്കുന്നത് അത്തരം മുണ്ടല്ലെന്നു സച്ച്ദേവ മറുപടി പറഞ്ഞു. അതിനു തെളിവെന്നോണം, മുണ്ടിന്റെ ഇടതുവശത്തെ പോക്കറ്റിലിരുന്ന മൊബൈൽ ഫോണിൽ ബെല്ലടി ശബ്ദമുണ്ടായി! ബാസുരിയുടെ വിജയസാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, ഡൽഹിയിലെ ജനങ്ങൾ നാടകങ്ങൾ കണ്ടു മടുത്തെന്നായിരുന്നു സച്ച്ദേവയുടെ മറുപടി. ‘അഴിമതിക്കെതിരെ സമര കാഹളം മുഴക്കിയവർ ഇന്ന് അഴിമതി പാർട്ടിക്കാരുടെ കയ്യും പിടിച്ച് അടിമുടി കറപുരണ്ടു നിൽക്കുകയാണ്. അവർക്ക് ഡൽഹിക്കാർ വോട്ടിലൂടെ മറുപടി നൽകും. ബാസുരി ഉൾപ്പെടെ ഏഴു സ്ഥാനാർഥികളുടെയും വിജയമായിരിക്കും ആ മറുപടി.’  കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ കൈപിടിച്ച് ബാസുരിയുടെ തിരഞ്ഞെടുപ്പു പ്രചാരണ വാഹനത്തിലേക്കു കയറും മുൻപ് സച്ച്ദേവ മുണ്ടിന്റെ മുറുക്കം ഉറപ്പാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com