ADVERTISEMENT

ന്യൂഡൽഹി ∙ സിനിമാലോകം അധികമാഘോഷിക്കാത്ത, അതേസമയം കരുത്തുള്ള ആശയങ്ങൾ പറയുന്ന സിനിമകളുടെ വേദിയാണു ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവൽ. കഴിഞ്ഞ ദിവസം ആരംഭിച്ച ഈ വർഷത്തെ മേളയിൽ ഇക്കുറി 5 മലയാളം സിനിമകളുണ്ട്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതൽ 44 വരെ’ ഇന്നലെ നിറഞ്ഞ സദസ്സിലാണു പ്രദർശിപ്പിച്ചത്. സംവിധായികയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബി. അശ്വതിയും പ്രദർശനത്തിനെത്തിയിരുന്നു. 

ഇന്ന് ഉച്ചയ്ക്ക് 1.30ന് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ പ്രദർശിപ്പിക്കും. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച, ഏറെ നിരൂപകശ്രദ്ധ നേടിയ ആട്ടത്തിന്റെ സംവിധായകൻ കാഴ്ചക്കാരുമായി സംവദിക്കും. 10ന് ഉച്ചയ്ക്ക് 1.30നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018: എവരിവൺ ഈസ് എ ഹീറോ’ എന്ന സിനിമയുണ്ട്. 11നു വൈകിട്ട് 6.30നു ഫാസിൽ റസാക്ക് സംവിധാനം ചെയ്ത ‘തടവ്’, 12നു ജിയോ ബേബിയുടെ ‘കാതൽ–ദി കോർ’ എന്നിവയും മലയാള സിനിമാലോകത്തിന്റെ വൈവിധ്യവുമായി പ്രദർശിപ്പിക്കും.

ശരീരത്തിലേക്കുള്ള തുറിച്ചുനോട്ടത്തിന്റെയും സ്ത്രീകളുടെ പോരാട്ടത്തിന്റെയും എത്രയെഴുതിയാലും പറഞ്ഞാലും തീരാത്ത കഥകളുടെ പുതിയകാല അവതരണമാണ് ശ്രുതി ശരണ്യത്തിന്റെ ‘ബി 32 മുതൽ 44 വരെ’ എന്ന സിനിമ. ചലച്ചിത്ര വികസന കോർപറേഷൻ നിർമിച്ച സിനിമയുടെ ആശയം 2018ലാണു രൂപപ്പെട്ടതെന്നും നടി രമ്യാ നമ്പീശനോട് കഥ പങ്കുവച്ചിരുന്നുവെന്നും ശ്രുതി പറയുന്നു. 

എന്നിട്ടും തിരക്കഥ തയാറാക്കിയില്ല. ചലച്ചിത്ര വികസന കോർപറേഷനിൽ അപേക്ഷ നൽകുന്നതു 2021ലാണ്. പിന്നീടു 12 ദിവസത്തിനുള്ളിൽ തിരക്കഥ തയാറാക്കി നൽകേണ്ടി വന്നു. സാമ്പത്തികഞെരുക്കം സിനിമ കൂടുതൽപ്പേരിലെത്താൻ തടസ്സമായിരുന്നുവെന്നും ശ്രുതി പറയുന്നു. 

ഡൽഹിയിലെ ജീവിതം
2 പതിറ്റാണ്ടു മുൻപു കുറേക്കാലം ഡൽഹിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂസ് ചാനലിലും പ്രോഗ്രാം പ്രൊഡക്ഷനിലുമൊക്കെയായി ജോലി ചെയ്തിരുന്ന കാലം. അന്നു ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ സിനിമകൾ കാണാൻ എത്തിയിട്ടുണ്ട്. അതെല്ലാം സിനിമയെക്കുറിച്ചു പുതിയ കാഴ്ചപ്പാടു നൽകിയിട്ടുണ്ട്. അത്രമാത്രം. 

പുതിയ സിനിമ
ചർച്ചകൾ നടക്കുന്നതേയുള്ളൂ. ഒന്നും കൃത്യമായി പറയാറായിട്ടില്ല. സ്ത്രീപക്ഷ സിനിമകളായിരിക്കും. 
പുതിയ സിനിമകളിലെ സ്ത്രീ
കൃത്യമായ കാഴ്ചപ്പാടും ആശയങ്ങളും അവതരിപ്പിക്കാൻ ഇല്ലാതെ പേരിനു വേണ്ടി മാത്രം സ്ത്രീകളെ സിനിമയിൽ ഉൾപ്പെടുത്തുന്നതിനോടു യോജിക്കാനാവില്ല. അതൊട്ടും ബോധ്യം നൽകുന്നതല്ല. സ്ത്രീ കഥാപാത്രങ്ങൾ ആവശ്യമില്ലെങ്കിൽ ഉൾപ്പെടുത്താതിരിക്കുക. കഥയ്ക്ക് ആവശ്യമാണെങ്കിൽ ഉൾപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com