ADVERTISEMENT

ഒറ്റപ്പാലം∙ ജില്ലയിൽ ആഴ്ചകളായി താപനില 40 ഡിഗ്രിക്കു മുകളിൽ നിൽക്കെ, ഭാരതപ്പുഴയിലെ മീറ്റ്ന തടയണ ചരിത്രത്തിൽ ആദ്യമായി വറ്റി. ഇതോടെ മേഖലയിലെ സമഗ്രശുദ്ധജല വിതരണ പദ്ധതികൾ കടുത്ത പ്രതിസന്ധിയിലായി. നിറഞ്ഞു തുളുമ്പി നിന്നിരുന്ന തടയണയിലെ 2 ഷട്ടറുകൾ കഴിഞ്ഞ മാസം സാമൂഹിക വിരുദ്ധർ തുറന്നുവിട്ടതും പ്രതിസന്ധി ഇരട്ടിയാക്കി. തടയണ പ്രദേശത്തു പലയിടത്തും മണൽത്തിട്ടകൾ വ്യാപകമായി പുറത്തുകാണാം. വെള്ളം കുറഞ്ഞതോടെ ശുദ്ധജല വിതരണത്തിൽ ജല അതോറിറ്റി കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. 

നിലവിൽ ഒരു മോട്ടർ ഉപയോഗിച്ചു മാത്രമാണു പമ്പിങ് നടക്കുന്നത്. നേരത്തെ തുടർച്ചയായി 2 മോട്ടറുകൾ ഉപയോഗിച്ചായിരുന്നു പമ്പിങ്. ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര ശുദ്ധജല പദ്ധതികളുടെ സ്രോതസ്സാണു മീറ്റ്‌നയിലെ തടയണ. രണ്ടിടത്തേക്കുമായി പ്രതിദിനം 19.5 എംഎൽഡി (മില്യൺ ലിറ്റേഴ്സ് പെർഡേ) വെള്ളമാണ് ആവശ്യം. നിലവിൽ 9 എംഎൽഡി വെള്ളം മാത്രമാണു ലഭിക്കുന്നത്. ഇതുപയോഗിച്ചു മേഖല തിരിച്ചാണു നിലവിൽ ജലവിതരണം. ഇതോടെ പലയിടത്തും ജലക്ഷാമവും രൂക്ഷമായി. 

അതേസമയം, വരൾച്ച നേരിടുന്ന പ്രദേശങ്ങളിലേക്കു ടാങ്കർ ലോറികളിൽ വെള്ളം വിതരണം ചെയ്യുന്നതു നിർത്തിയിട്ടില്ല. തടയണയിൽ നിന്നു പമ്പ് ചെയ്യുന്ന വെള്ളം കയറംപാറയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ചു ശുദ്ധീകരിച്ചാണു ടാങ്കറിൽ കൊണ്ടുപോകുന്നത്. അതേസമയം, ഞാവളിൻ കടവ്, ലക്കിടി, ഷൊർണൂർ ഉൾപ്പെടെ പുഴയിലെ ഇതര തടയണകളിലും ജലലഭ്യത കടുത്ത പ്രതിസന്ധിയിലാണ്. 

ആളിയാർ വെള്ളം എത്തുമോ? 
ഒറ്റപ്പാലം∙ വേനൽമഴ കനിയുകയോ ആളിയാർ ഡാമിൽ നിന്നുള്ള വെള്ളം എത്തുകയോ ചെയ്തില്ലെങ്കിൽ മേഖലയിൽ  ജലഅതോറിറ്റിയുടെ ശുദ്ധജല വിതരണം പൂർണമായും അവതാളത്തിലാകും.  ആളിയാർ വെള്ളം കിഴക്കൻ മേഖലയിലെ ഇതര തടയണകൾ കടന്നു മീറ്റ്‌നയിൽ ഉടൻ എത്തുമോയെന്നതാണു കടുത്ത ആശങ്ക. അടുത്ത ദിവസങ്ങളിൽ വെള്ളമെത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സാഹചര്യമാണെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. 10 വർഷം മുൻപു കമ്മിഷൻ ചെയ്യപ്പെട്ട തടയണ ആദ്യമായാണു വറ്റുന്നത്. 

ചെളി വില്ലനായി
ഒറ്റപ്പാലം∙ തടയണയിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കാത്തതു വിനയായി. മണലും ചെളിയും നിറഞ്ഞു സംഭരണശേഷി കുറഞ്ഞതും വേനലിൽ തടയണയിലെ ജലലഭ്യതയെ ബാധിച്ചു.  സാധാരണ മഴക്കാലമാകുന്നതോടെ ഷട്ടറുകൾ പൂർണമായും തുറന്നുവിട്ടു ചെളിയും മണലും ഒഴുക്കി വിടാൻ ശ്രമിക്കാറുണ്ടെങ്കിലും പൂർണമായി ഫലപ്രദമാകാറില്ല.  നിലവിൽ വെള്ളം കുറഞ്ഞ തടയണയിൽ  ചെളിയും മണലും വൻതോതിൽ അടിഞ്ഞുകൂടിയ അവസ്ഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com