ADVERTISEMENT

ഒറ്റപ്പാലം∙ പനമണ്ണയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ രണ്ടാം ഘട്ട വിചാരണ നേരിട്ട 5 പേരുടെയും പേരിൽ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നു കോടതി. തടഞ്ഞുനിർത്തി സംഘം ചേർന്നു മർദിച്ചെന്ന വകുപ്പുപ്രകാരം 3 പേരെ ശിക്ഷിച്ച ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി 2 പേരെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചു. പനമണ്ണ ചക്യാവിൽ വിനോദ് വധക്കേസിൽ ആദ്യഘട്ട വിചാരണ നേരിട്ട 4 പേരെ നേരത്തെ കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചിരുന്നു.

പനമണ്ണ അമ്പലവട്ടം തറയിൽ നൗഷാദ് (42), തറയിൽ ഇല്യാസ്(37), ചെർപ്പുളശ്ശേരി എലിയപ്പറ്റ ഏറാത്ത് മുഹമ്മദ് ഷാഫി (39) എന്നിവർക്കാണു ത‌ടഞ്ഞു നിർത്തി സംഘം ചേർന്നു മർദിച്ചെന്ന വകുപ്പു പ്രകാരം 2 വർഷം തടവുശിക്ഷ ലഭിച്ചത്. ഇവർ 1000 രൂപ പിഴ അടയ്ക്കണമെന്നും ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി സി.ജി. ഗോഷ വിധിച്ചു. പനമണ്ണ അമ്പലവട്ടം തളിയൻതൊടിയിൽ മുഹമ്മദ് ആരിഫ്(34), മേലേതിൽ മുഹമ്മദ് റഫീഖ്(32) എന്നിവരെയാണു വിട്ടയച്ചത്. 5 പേർക്കും കൊലപാതകത്തിൽ പങ്കില്ലെന്നു കണ്ടാണ് ഉത്തരവ്.

ത‌ടഞ്ഞുനിർത്തി മർദിച്ചെന്ന വകുപ്പുപ്രകാരം 2 വർഷം തടവിനു ശിക്ഷിക്കപ്പെട്ട 3 പേർക്ക് അപ്പീൽ നൽകാൻ സാവകാശം അനുവദിച്ച് കോടതി ജാമ്യം നൽകി. 2020 മേയ് 31നു രാത്രിയാണു പനമണ്ണ ചക്യാവിൽ വിനോദ് (32) കൊല്ലപ്പെട്ടത്. പൊലീസ് ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെട്ട 4 പേരെയാണ് പ്രാരംഭ ഘട്ടത്തിൽ വിചാരണ പൂർത്തിയാക്കി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചിരുന്നത്. 

വിനോദിന്റെ സഹോദരൻ രാമചന്ദ്രനെതിരെ സാമൂഹമാധ്യമത്തിൽ വന്ന ചില പോസ്റ്റുകളെ ചൊല്ലിയുണ്ടായ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കേസ്. പനമണ്ണയിൽ രാമചന്ദ്രൻ ആക്രമിക്കപ്പെട്ടതറിഞ്ഞു സ്ഥലത്തെത്തിയപ്പോഴായിരുന്നു വിനോദിനു നേരെയും ആക്രമണം. വിനോദിന്റെ തലയിലും കാലിലും ആന്തരികാവയവങ്ങൾക്കുമായിരുന്നു സാരമായ പരുക്ക്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, 2020 ജൂൺ 22നായിരുന്നു മരണം. 

രണ്ടു ഘട്ടങ്ങളിലായി  9 പേരാണു പിടിയിലായത്. നേരിട്ടു പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെട്ട ഒരാൾ ഉൾപ്പെടെ 2 പേർ  ഒളിവിലാണ്. അമ്പലവട്ടം പനമണ്ണ തറയിൽ മനാഫ്(38), പനമണ്ണ അരഞ്ഞിക്കൽ അബ്ദുൽ റഹ്മാൻ(40), തൃക്കടീരി കീഴൂർറോഡ് കണക്കഞ്ചേരി അൻസാർ അഹമ്മദ്(36), വരോട് നാലാം മൈൽ കൂരിത്തൊടി സനൂപ്(32) എന്നിവരെയാണ് ആദ്യഘട്ട വിചാരണ പൂർത്തിയാക്കി  ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചിരുന്നത്. ഒറ്റപ്പാലം മുൻ പൊലീസ് ഇൻസ്പെക്ടർ എം.സുജിത്ത് ആണു കേസ് അന്വേഷിച്ചതും കുറ്റപത്രം സമർപ്പിച്ചതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com