ADVERTISEMENT

വടക്കഞ്ചേരി∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരി പാതയിലെ വടക്കഞ്ചേരി മേൽപാലത്തിന്റെ 4 ഇടങ്ങളില്‍ വീണ്ടും പൊളിച്ചു. നിരന്തരം അറ്റകുറ്റ പ്പണികള്‍ക്കായി മേൽപാലം അടച്ചിടുമ്പോള്‍ സുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമാകുന്നു. ദേശീയപാത അതോറിറ്റിയുടെ സ്വതന്ത്ര ഏജന്‍സി പരിശോധന നടത്തി നിര്‍മാണം സംബന്ധിച്ച വിയോജിപ്പ് അറിയിച്ചെങ്കിലും നിര്‍മാണ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല.  420 മീറ്റർ നീളമുള്ള പാലത്തില്‍ 60 തവണയാണ്  നിർമാണത്തിലെ പാളിച്ചമൂലം ടാറിങ് കുത്തിപ്പൊളിച്ച് പുതിയ ഇരുമ്പ് റോഡ് വച്ച് കോണ്‍ക്രീറ്റ് ചെയ്തത്. എന്നിട്ടും ബലക്ഷയം ആവര്‍ത്തിക്കുകയാണ്. 

പലയിടത്തും പണികഴിഞ്ഞ റോഡ് പൊട്ടിപ്പൊളിയുകയും പാലങ്ങളിൽ വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്. ഡ്രെയ്നേജുകളുടെ പണിയും ഫലപ്രദമായിട്ടില്ല. നിർമാണത്തിൽ അപാകതയുണ്ടെന്ന് ഹൈക്കോടതി നിയമിച്ച കമ്മിഷൻ കണ്ടെത്തിയിട്ടും ഇവ പരിഹരിക്കാനുള്ള നടപടിയുണ്ടായിട്ടില്ല. ഹൈക്കോടതി നിയമിച്ച കമ്മിഷൻ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചപ്പോൾ ഉടൻ പരിഹരിക്കുമെന്ന മറുപടിയാണ് ദേശീയപാത അതോറിറ്റി നൽകിയത്. ഉത്തരവ് നടപ്പിലാക്കാൻ തൃശൂർ പൊലീസ് കമ്മിഷണറെയും പീച്ചി, വടക്കഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർമാരെയും ചുമതലപ്പെടുത്തി.

എന്നാൽ അതിലും നടപടി ഒന്നുമുണ്ടായില്ല. റോയൽ ജംക്‌ഷനിൽ നിന്നാരംഭിക്കുന്ന ആറുവരിപ്പാത  മേൽപാലവും മേൽപാതയും കടന്ന് രണ്ട് കിലോമീറ്റർ അകലെ തേനിടുക്കിലാണ് അവസാനിക്കുന്നത്. പാത പൂർത്തിയായി ഗതാഗതം ആരംഭിച്ചതോ‌ടെ തങ്കം ജംക്‌ഷനിലും റോയൽ ജംക്‌ഷനിലുമുള്ള ഗതാഗത തടസ്സങ്ങൾ നീങ്ങിയിരുന്നു. എന്നാൽ പാലം വീണ്ടും അടച്ചതോടെ സർവീസ് റോഡിൽ തിരക്കു വർധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com