ADVERTISEMENT

കുമരനല്ലൂർ ∙ കുമ്പിടി കരുമാംപാടം പാലം അപകടാവസ്ഥയിൽ. പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കുപ്പിക്കഴുത്തുപോലുള്ള പാലമാണ് അപകടാവസ്ഥയിലുള്ളത്. കഴിഞ്ഞമാസം പാലത്തിന്റെ കൈവരികൾ ലോറിയിടിച്ചു തകർന്നിരുന്നു. ലോറി താഴ്ചയിലേക്കു മറിയാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ഒട്ടേറെ വാഹനങ്ങൾ പലപ്പോഴായി ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. തൃത്താല, ആനക്കര, കുമ്പിടി ഭാഗങ്ങളിൽ നിന്നു കുറ്റിപ്പുറം ഭാഗത്തേക്ക് ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. 

കരുമാംപാടം പാലത്തിന്റെ കൈവരി തകർന്ന സ്ഥലത്തു സുരക്ഷയ്ക്കായി മരക്കഷണം വച്ചിരിക്കുന്നു.
കരുമാംപാടം പാലത്തിന്റെ കൈവരി തകർന്ന സ്ഥലത്തു സുരക്ഷയ്ക്കായി മരക്കഷണം വച്ചിരിക്കുന്നു.

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വീതികുറഞ്ഞ പാലത്തിൽ ചീർപ്പുകൾ സ്ഥാപിച്ചു വെള്ളം കയറ്റാനും ഇറക്കാനും ഉപകരിക്കുന്ന തരത്തിലായിരുന്നു നിർമാണം. ആനക്കര പഞ്ചായത്തിനു പുറമേ മലപ്പുറം ജില്ലയിലെ വട്ടംകുളം, തവനൂർ പഞ്ചായത്തുകളിലെ ഏക്കർ കണക്കിനു കൃഷിയിടത്തിലേക്കു വെള്ളമെത്തിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നതു പാലത്തിനോടു ചേർന്നു ഘടിപ്പിച്ച ഷട്ടറുകൾ ഉയർത്തിയും താഴ്ത്തിയുമായിരുന്നു. 

എന്നാൽ, കാലപ്പഴക്കത്താൽ ചീർപ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയിലായി. പിന്നീട് ഇതു ശരിയാക്കിയതുമില്ല. കൃഷിയിലും കാര്യമായ കുറവു വന്നു. ഒരു വാഹനത്തിനു മാത്രം പോകാൻ കഴിയുന്ന പാലത്തിനു മുകളിലൂടെ വാഹന ഗതാഗതം വർധിച്ചതും കാലപ്പഴക്കവും തകർച്ചയ്ക്കു കാരണായി. കൈവരികളെല്ലാം ഇപ്പോൾ പാടേ തകർന്ന നിലയിലാണ്.

പാലത്തിനു മറുവശമുള്ള, മലപ്പുറം ജില്ലയിലെ തവനൂർ പഞ്ചായത്തിൽപെട്ട റോഡ് വർഷങ്ങൾക്കു മുൻപു വീതികൂട്ടി നവീകരിച്ചിരുന്നു. റോഡിൽ വളവുകൾ ഉള്ള ഇൗ ഭാഗത്തു നിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനത്തിലെ ഡ്രൈവർമാർ പാലത്തിന് അടുത്തെത്തുമ്പോൾ മാത്രം പാലത്തിന്റെ വീതിക്കുറവ് ശ്രദ്ധയിൽപെടുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.

പാലക്കാട് ജില്ലയിലെ റോഡ് നവീകരണം പല കാരണങ്ങളാൽ അനിശ്ചിതമായി  നീണ്ടുപോയത് ഇതുവഴിയുള്ള യാത്രക്കാരെ വലിയതോതിൽ വലയ്ക്കുന്നുണ്ട്. പാലം വീതികൂട്ടി പുതുക്കിപ്പണിയുകയും കൃഷിയിടത്തിലേക്കുള്ള നീരൊഴുക്കു നിയന്ത്രിക്കുന്ന ആധുനിക സംവിധാനം ഇവിടെ ഒരുക്കുകയും വേണമെന്നാണു പ്രദേശവാസികളുടെയും കർഷകരുടെയും ആവശ്യം. മേഖലയിലെ അപകടസാധ്യത ഒഴിവാക്കാൻ അടിയന്തര നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com