ADVERTISEMENT

തിരുവല്ല ∙ ചൂട് കൂടിയതോടെ അപ്പർ കുട്ടനാട്ടിലെ ക്ഷീര കർഷകർ പശുക്കളെ വ്യാപകമായി വിൽക്കുന്നു. ഇവിടുത്തെ കർഷകരുടെ പ്രധാന വരുമാന മാർഗം കൃഷിയും പശു വളർത്തലുമായിരുന്നു. നേരത്തെ നാടൻ പശുക്കളെയാണ് ക്ഷീര കർഷകർ വളർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സങ്കരയിനം പശുക്കളെയാണ് വളർത്തുന്നത്. ഇവക്ക് നാടൻ പശുക്കളെക്കാൾ ഏറെ പാല് ലഭിക്കും എന്നതാണ്  ഇത്തരം പശുക്കളിലേക്ക് ആകർഷിച്ചത്. എന്നാൽ വലിയ ചൂട് സഹിക്കാൻ സങ്കരയിനം പശുക്കൾക്ക് കഴിയാറില്ല. എച്ച് എഫ്, ബ്രൗൺ,സിന്ധ്,ജേഴ്സി ഇനങ്ങളാണ് പ്രധാനമായും കർഷകർ വളർത്തുന്നത്.  ഫാനും കമ്പ്രസ്സറുകളും ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ പശുക്കൾക്കായി തൊഴുത്തുകളിൽ ഒരുക്കിയിരുന്നു. റബ്ബർ മാറ്റുകളിലാണ് പശുക്കൾ നിൽക്കുന്നത്.

പലയിടത്തും അലൂമിനിയം, ഉൾപ്പെടെയുള്ള ഷീറ്റുകൾ കൊണ്ടാണ് മേൽക്കൂര നിർമിച്ചിരിക്കുന്നത്. പലരും ഇതിനു മുകളിൽ ഓല നിരത്തി വെള്ളം ഒഴിച്ചിട്ടും ചൂട് കുറയ്ക്കാൻ കഴിയുന്നില്ലന്ന് ക്ഷീര കർഷകനായ സണ്ണി തോമസ് മേപ്രാൽ പറഞ്ഞു. അതു കൊണ്ട് തന്നെ പശുക്കൾക്ക് കിതപ്പ് കൂടുന്നു. തീറ്റ തിന്നാനും വെള്ളം കുടിക്കാനും പശുക്കൾ മടി കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചൂട് കൂടിയതോടെ ക്ഷീര സഹകരണ സംഘങ്ങളിൽ അളക്കുന്ന പാലിന്റെ അളവും  ഗണ്യമായി കുറഞ്ഞു. മേപ്രാൽ ക്ഷീര സഹകരണ സംഘത്തിൽ 300 മുതൽ 400 ലീറ്റർ വരെ പാലാണ് ഒരു ദിവസം അളന്നിരുന്നത്. എന്നാൽ അത് 100 ലീറ്ററായി കുറഞ്ഞു. 27 കർഷകർ ദിവസവും ഇവിടെ പാൽ എത്തിച്ചിരുന്നു. എന്നാൽ അത് പത്തിൽ താഴെയായി. ആലംതുരുത്തി സംഘത്തിൽ 300 ലീറ്റർ പാൽ വരെ അളന്ന ദിവസങ്ങൾ ഉണ്ട്. എന്നാൽ ഇന്ന് അത് 60 ലീറ്ററായി കുറഞ്ഞു. 150 ലീറ്റർ വരെ പ്രതിദിനം പാൽ അളന്നിരുന്ന ചാത്തങ്കരി സംഘത്തിൽ 35 ലീറ്ററായി. 

ചൂടു കാലത്ത് മിൽമ തിരുവനന്തപുരം മേഖല ഒരു ലീറ്റർ പാലിന് 5 രൂപ ഇൻസെൻ്റീവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ലീറ്റിന് മൂന്നു രൂപ വീതം ഒരു മാസത്തെ തുക മാത്രമാണ് കർഷകർക്ക് ലഭിച്ചത്. ഒരു ദിവസം ഒരു പശുവിനെ വളർത്താൻ കർഷകന് 500 രൂപാ വരെ വേണ്ടി വരും. ഇതിൽ കർഷകന്റെ അധ്വാനത്തിന്റെ തുക ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ 8 ലിറ്റർ പാൽ ലഭിക്കുന്ന ഒരു കർഷകന് 350 രൂപ മാത്രമാണ് ക്ഷീര സംഘങ്ങളിൽ നിന്ന് ലഭിക്കുന്നത്. ചൂട് കാരണം പല പശുക്കൾക്കും ഒരു നേരം മൂന്ന് ലിറ്റർ പാൽ മാത്രമാണ് ലഭിക്കുന്നത്. പാലിന്റെ അളവ് കുറഞ്ഞതും, സങ്കരയിനം പരുക്കൾക്ക് ഈ ചൂട് താങ്ങാൻ കഴിയാത്തതും കാരണം പല ക്ഷീര കർഷകരും പശുവിനെ വിൽക്കുകയാണ്. പല കർഷകരും കടക്കെണിയിലാണ്. പാല് കുറഞ്ഞത് ക്ഷീര കർഷകരെ കൂടുതൽ ദുരിതത്തിലേക്കു തള്ളി വിട്ടേക്കും. 

"2006 മുതൽ പശുക്കളെ വളർത്തുന്നു. കാലിത്തീറ്റക്ക് വലിയ വില വർധന ഉണ്ടായിട്ടും പശുക്കളെ വിൽക്കാൻ മനസ്സ് വന്നില്ല. എന്നാൽ കനത്ത ചൂടിൽ പിടിച്ച് നിൽക്കാൻ കഴിയുന്നില്ല. സങ്കരയിനം പശുക്കൾക്ക് ചൂട് താങ്ങാൻ കഴിയുന്നില്ല 18പശുക്കൾ ഉണ്ടായിരുന്നു. എന്നാൽ പശുക്കളെ അത്രമേൽ ഇഷ്ടപ്പെട്ടിട്ടും രണ്ട് എണ്ണത്തിനെ വിൽക്കേണ്ടി വന്നു. സർക്കാർ എന്തെങ്കിലും ഒരു സഹായം പ്രവ്യാപിക്കും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഒന്നും ഉണ്ടായില്ല.  കൂടുതൽ പശുക്കളെ വിൽക്കാൻ മനസ്സ് അനുവദിക്കുന്നില്ല. എങ്കിലും പിടിച്ചു നിൽക്കാൻ അത് വേണ്ടി വരും എന്നാണ് തോന്നുന്നത്  ".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com