ADVERTISEMENT

പേട്ട∙ മഴക്കാലത്തിനു മുൻപ് വലിയതോട് ശുചീകരിച്ച് ആഴം കൂട്ടുമോ? ഇതിനായി കരാർ ചെയ്ത പണി തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ആരംഭിക്കുമോയെന്നാണ് ജനങ്ങളുടെ ചോദ്യം. വലിയകാവിൽനിന്ന് ഉത്‌ഭവിച്ച് കടവുപുഴ, ഈട്ടിച്ചുവട്, കുറ്റിയിൽപടി, പൂഴിക്കുന്ന്, ബണ്ടുപാലം, പുള്ളോലി, ഇട്ടിയപ്പാറ ബൈപാസ്, കാവുങ്കൽപടി, മാമുക്ക് വഴി പമ്പാനദിയിൽ സംഗമിക്കുന്ന തോടിന്റെ ആഴം കൂട്ടാൻ പദ്ധതി ആവിഷ്കരിച്ചിട്ടു വർഷങ്ങളായി. റാന്നി ബ്ലോക്ക് പഞ്ചായത്തും അങ്ങാടി പഞ്ചായത്തും ചേർന്നു നീക്കിവച്ച പണം ചെലവഴിച്ച് വലിയകാവ് മാർ‌ത്തോമ്മാ പള്ളിക്കു താഴെ മുതൽ കുറ്റിയിൽപടി പാലം വരെയുള്ള ഭാഗത്തെ പോളകൾ നീക്കി ആഴം കൂട്ടിയിരുന്നു. 

പിന്നീട് മറ്റൊരു പദ്ധതിയിൽ ഇട്ടിയപ്പാറ ബൈപാസ് പാലം മുതൽ പമ്പാനദി വരെ ആഴം കൂട്ടാൻ കരാർ ചെയ്തിരുന്നു. പണി ആരംഭിച്ചെങ്കിലും പൂർണമാക്കാൻ കഴിഞ്ഞില്ലെന്നാണ് ചെറുകിട ജലസേചന വിഭാഗം അറിയിച്ചത്. തോട്ടിൽ ജലനിരപ്പ് ഉയർന്നതാണ് തടസ്സമായി ചൂണ്ടിക്കാട്ടിയത്. വേനൽക്കാലത്ത് പണി നടത്തുമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ അറിയിച്ചിരുന്നെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. 85 ലക്ഷത്തോളം രൂപയ്ക്കാണ് ജലവിഭവ വകുപ്പ് ഇപ്പോൾ പണിക്ക് കരാർ ക്ഷണിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് കരാർ ഉറപ്പിച്ചതായി ചെറുകിട ജലസേചന വിഭാഗം അറിയിച്ചിരുന്നു. 

തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ‌ ഇനി നിർമാണം നടത്തുന്നതിനു തടസ്സമില്ല. അടുത്ത വെള്ളപ്പൊക്കത്തിനു കൂടി ഇടയാക്കാതെ മഴക്കാലത്തിനു മുൻപ് പണി നടത്തുകയാണ് ആവശ്യം. മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്ന തോട്ടിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. വെള്ളത്തിൽ ചവിട്ടിയാൽ ചൊറിച്ചിൽ അനുഭവപ്പെടും. ഇട്ടിയപ്പാറ ബൈപാസ് മുതൽ പമ്പാനദി വരെയാണ് മാലിന്യത്തിന്റെ തോത് കൂടുതൽ. വേനൽമഴ പെയ്തിട്ടും ഇതിനു മാറ്റം വന്നിട്ടില്ല. വെള്ളത്തിന്റെ നിറത്തിനും മാറ്റമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com