ADVERTISEMENT

ഇട്ടിയപ്പാറ ∙ പന്ത്രണ്ട് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ റാന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിന്റെ യാഡ് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പ്രാരംഭ പണികൾ തുടങ്ങി. യാഡ് പൂർണമായി കോൺക്രീറ്റ് ചെയ്യുന്നതിന് ഫണ്ടില്ലാത്തതിനാൽ യാത്രക്കാരുടെ ദുരിതം തുടരുമെന്ന് ഉറപ്പ്. കോൺക്രീറ്റിനു മുന്നോടിയായി മണ്ണുമാന്തി ഉപയോഗിച്ച് ഉള്ളിലെ കാടും പടലും നീക്കി. യാഡ് നിരപ്പാക്കുന്ന ജോലി ഇന്നലെ തുടങ്ങി. പാറമക്കിട്ട് ഉറപ്പിച്ച ശേഷമാകും കോൺക്രീറ്റ് നടത്തുക. 

റാന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ യാഡിൽ കോൺക്രീറ്റ് ചെയ്യാൻ ഫണ്ട് അനുവദിക്കാത്ത ഭാഗത്തെ കുഴി.
റാന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ യാഡിൽ കോൺക്രീറ്റ് ചെയ്യാൻ ഫണ്ട് അനുവദിക്കാത്ത ഭാഗത്തെ കുഴി.

2011ൽ തുറന്ന സ്റ്റാൻഡാണിത്. അന്ന് യാഡിൽ ടാറിങ് നടത്തുകയായിരുന്നു. വയൽ നികത്തിയെടുത്ത സ്ഥലത്താണ് സ്റ്റാൻഡ് തുറന്നത്. മഴക്കാലത്ത് മണ്ണിനടിയിൽ നിന്ന് ഉറവയെത്തും. പിന്നാലെ ഉപരിതലം പൊളിയും. ബസുകൾ കയറിയിറങ്ങുമ്പോൾ ഇത്തരം ഭാഗങ്ങൾ ചെളിക്കുഴിയായി മാറും. മഴക്കാലത്ത് ചെളിയും വേനലിൽ പൊടിയും യാത്രക്കാരെ വലയ്ക്കുകയാണ്. ഇതിനു പൂർണമായ പരിഹാരം കാണാൻ ഇപ്പോൾ ആരംഭിച്ച പണികൊണ്ടു സാധ്യമാകില്ല. 

രാജു ഏബ്രഹാം എംഎൽഎയായിരിക്കെ ലഭിച്ച ആസ്തി വികസന ഫണ്ടിൽ 20 ലക്ഷം രൂപയാണ് യാഡ് കോൺക്രീറ്റ് ചെയ്യുന്നതിന് അനുവദിച്ചത്. മുൻ എംഎൽഎമാരുടെ ഫണ്ട് ചെലവഴിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് പണി കരാർ ചെയ്യാൻ വൈകിയത്. കഴിഞ്ഞ വർഷം മേയിൽ പണി കരാർ ചെയ്തെങ്കിലും അമിനിറ്റി സെന്ററിനു മുന്നിലെ പൂന്തോട്ടം, ചുറ്റുമതിൽ എന്നിവയൊഴിവാക്കി പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കാൻ വൈകിയിരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് അംഗീകാരം ലഭിച്ചെങ്കിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നതു മൂലം പണി ആരംഭിക്കാൻ വീണ്ടും വൈകി. 

യാഡിന്റെ മധ്യ ഭാഗത്തോളം മാത്രമാണ് ഇപ്പോൾ കോൺക്രീറ്റ് ചെയ്യുന്നത്. ഗാരിജിനു മുന്നിലൂടെയാണ് ബസുകൾ സ്റ്റാൻഡിലേക്കു കടക്കുന്നത്. ഇവിടെ വലിയ കുഴികൾ നിറഞ്ഞിരിക്കുകയാണ്. ഇവിടം പുനരുദ്ധരിക്കുന്നതിനു ഫണ്ടില്ല. സർക്കാരിന്റെയോ ജനപ്രതിനിധികളുടെയോ ഏതെങ്കിലും പദ്ധതിയിൽ ഇവിടം കൂടി കോൺക്രീറ്റ് ചെയ്യാൻ ഫണ്ട് കണ്ടെത്തുകയാണ് ആവശ്യം.

പദ്ധതി ഇങ്ങനെ 
∙30 മീറ്റർ നീളത്തിലും 22 മീറ്റർ വീതിയിലുമാണ്   യാഡ് കോൺക്രീറ്റ്    ചെയ്യുന്നത്.
∙ഇതിന്റെ മധ്യത്തിൽ സ്റ്റീൽ പൈപ്പുകളുടെ മേൽമൂടിയോടെ ഓട നിർമിക്കും. ഇതിലേക്ക് ബന്ധിപ്പിക്കുന്ന വിധത്തിൽ മഴ വെള്ളമൊഴുകിപ്പോകാവുന്ന 2 ഓടകൾ വശത്തു നിന്നും പണിയും.
∙കൂടാതെ കോൺക്രീറ്റ് ചെയ്യുന്ന ഭാഗത്തിന്റെ ഇരുവശത്തും ചെറിയ ബീമും നിർമിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com