ADVERTISEMENT

പത്തനംതിട്ട∙ എല്ലാ പണിയും പൂർത്തിയാക്കിയ മനോഹരമായ വീടുണ്ട്.  പക്ഷേ വാടകക്കെട്ടിടത്തിൽ  കഴിയാനാണ് യോഗം. ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയ്ക്കായി കുലശേഖരപതിയിൽ 1.76 കോടി രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടത്തിന്റെ കഥയാണിത്. എല്ലാ പണിയും തീർത്ത് രണ്ട് വർഷമായിട്ടും ഇതുവരെ ഗൃഹനാഥനായ ജില്ലാ കലക്ടർമാർ ആരും തന്നെ ഇവിടേക്ക് എത്തിയിട്ടില്ല. രണ്ട് കുടുംബങ്ങൾക്കു താമസിക്കാൻ സൗകര്യമുള്ള വീടാണ് നിർമിച്ചിട്ടുള്ളത്. 2 വീടും പ്രത്യേകമാണ്.

പെയിന്റിങ്, വയറിങ്, പ്ലമിങ് പണികളും വൈദ്യുതി , വെള്ളം എന്നിവയുടെ കണക്‌ഷനുകളും എടുത്ത് താമസയോഗ്യമാക്കിയിട്ട്   2 വർഷമായി. ചുറ്റുമതിൽ കെട്ടി  ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വീടിന്റെ മുറ്റം പൂട്ടുകട്ട ഇട്ട പാകി മനോഹരമാക്കി. കുലശേഖരപതിയിൽ  നേരത്തേ മിൽമ ചില്ലിങ് പ്ലാന്റ് ഉണ്ടായിരുന്നു. മിൽമയുടെ വലിയ പ്ലാന്റ് തോലുഴത്ത് വന്നതോടെ ഇവിടെയുണ്ടായിരുന്ന ചില്ലിങ് പ്ലാന്റ് നിർത്തലാക്കി. ഇതിന്റെ കുറെ സ്ഥലമാണ് കലക്ടറുടെ ഒൗദ്യോഗിക വസതി നിർമിക്കാൻ വിട്ടുനൽകിയത്. 

1982 നവംബർ ഒന്നിനാണ്  ജില്ല രൂപീകരിച്ചത്. ജില്ലയുടെ 38ാമത് കലക്ടറാണ് ഇപ്പോഴുള്ളത്. ഇതുവരെ ആരും ഔദ്യോഗിക വസതിയിൽ താമസിച്ചിട്ടില്ല.കലക്ടർക്കായി നിർമിക്കുന്ന രണ്ടാമത്തെ ഔദ്യോഗിക വസതിയാണ്  ഇത്.നന്നുവക്കാടാണ് ആദ്യത്തെ വസതി നിർമിച്ചത്.ടികെ റോഡിൽ നിന്ന് അൽപം ഉള്ളിലേക്കു മാറിയാണ് കെട്ടിടം പണിതത്.

കെട്ടിടത്തിനു വാസ്തു‌ദോഷം ഉണ്ടെന്ന കാരണത്താൽ അതിൽ താമസിക്കാൻ ആരും തയാറായില്ല. എല്ലാ കലക്ടർമാരും വാടകക്കെട്ടിടത്തിലാണ് താമസിച്ചത്. കാടു കയറി 10 വർഷത്തോളം ഇത് വെറുതേ കിടന്നു.  ഇത് വാർത്തകളിൽ തുടർച്ചയായി സ്ഥാനം പിടിച്ചതോടെ ജില്ലാ ഉപഭോക്തൃ കോടതിക്കു കൈമാറി.

അതേ സ്ഥിതിയാണ് കുലശേഖരപതിയിലും. ടികെ റോഡിൽ  വേ ബ്രിജ്  ജംക്‌ഷനിൽ നിന്ന് 100 മീറ്റർ ഉള്ളിലേക്ക് മാറിയാണ് രണ്ടാമത്തെ ഔദ്യോഗിക വസതി നിർമിച്ചിട്ടുള്ളത്. ഇവിടേക്ക് എത്താൻ  വീതി കുറഞ്ഞ റോഡാണ് ഉള്ളത്. എതിരെ വണ്ടി വന്നാൽ സൈഡ് കൊടുക്കാൻ സ്ഥലമില്ല. ഇവിടേക്കുള്ള നഗരസഭ റോഡ് പൊട്ടിപ്പൊളിഞ്ഞു താറുമാറായി കിടക്കുന്നു. ജില്ലാ കലക്ടർ താമസം തുടങ്ങിയാൽ ഈ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം.  അതിനാൽ ജില്ലയുടെ ഭരണത്തലവൻ താമസത്തിന് എത്തുന്നതു കാത്തിരിക്കുകയാണ് നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com