ADVERTISEMENT

തിരുവനന്തപുരം ∙ അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള പൈപ്പിലെ ചോർച്ചയെ തുടർന്ന് അറ്റകുറ്റപ്പണി തുടരുന്നതിനാൽ വെള്ളമില്ലാതെ വലഞ്ഞ് ജനം. ടാങ്കുകളിലെ വെള്ളം തീർന്നതോടെ പലരും വെള്ളത്തിനായി പരക്കം പായുന്ന കാഴ്ചയാണ്. വെള്ളം എത്തിക്കാൻ പലരും ടാങ്കർ ലോറികളെയാണ് ആശ്രയിച്ചത്. അടിയന്തര അറ്റകുറ്റപ്പണി ഇന്നു രാവിലെ ആറു മണിയോടെ പൂർത്തിയാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. പമ്പിങ് ഇന്നു രാവിലെ 8നു തുടങ്ങുമെങ്കിലും രാത്രിയോടെ മാത്രമേ പലയിടത്തും ജലവിതരണം സാധാരണഗതിയിലാകുകയുള്ളൂ. ഇക്കാരണത്താൽ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഇന്നും ജലവിതരണം മുടങ്ങും. തുടർച്ചയായി മൂന്നാം ദിവസമാണ് ജലവിതരണം തടസ്സപ്പെടുന്നത്. 

ഉയർന്ന പ്രദേശങ്ങളിൽ നാളെ രാത്രി മാത്രമേ ജലം എത്തുകയുള്ളൂവെന്ന് ജല അതോറിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ജലവിതരണം നിർത്തി വച്ച മേഖലകളിൽ സുഗമമാകണമെങ്കിൽ ചിലപ്പോൾ ബുധൻ വരെ കാത്തിരിക്കേണ്ട സ്ഥിതിയുമാണ്.  ചോർച്ച പരിഹരിക്കാൻ ശനിയാഴ്ച മുതലാണ് അടിയന്തര അറ്റകുറ്റപ്പണി ആരംഭിച്ചത്. 900 എംഎം പിഎസ്‍സി പൈപ്പ് ലൈനിൽ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപമാണ് ചോർച്ച കണ്ടെത്തിയത്. കാൽനൂറ്റാണ്ടോളം പഴക്കമുള്ള പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള ജോലികളാണ് നടക്കുന്നത്. അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ശനി രാവിലെ ആറു മുതൽ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ചില ഭാഗങ്ങളിൽ ജലവിതരണം നിർത്തിവച്ചിരിക്കുകയാണ്. അതേ സമയം, എത്രയും വേഗം അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ജല അതോറിറ്റി അറിയിച്ചു. 

ഇന്ന് ജലവിതരണം  തടസ്സപ്പെടുന്ന സ്ഥലങ്ങൾ
മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്‌, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്ക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com