ADVERTISEMENT

ആറ്റിങ്ങൽ∙ ആറ്റിങ്ങൽ നഗരസഭ പരിധിയിലും  സമീപ പഞ്ചായത്തുകളിലും ജല ക്ഷാമം രൂക്ഷമാണ്. വക്കം , കിഴുവിലം , അഞ്ചുതെങ്ങ് , ചിറയിൻകീഴ് , അഴൂർ പഞ്ചായത്തുകളിലെ പല ഭാഗത്തും പ്രതിസന്ധിയുണ്ട്.  പലയിടങ്ങളിലും കൃഷിയിടങ്ങളടക്കം വിണ്ടു കീറിയിട്ടുണ്ട്.  ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ പ്രധാന ജലസ്രോതസ്സായ വാമനപുരം നദി വരണ്ടത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെ ബാധിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ ആറ്റിങ്ങൽ സബ് ഡിവിഷന് കീഴിലുള്ള മിക്ക പമ്പ് ഹൗസുകളും ദിവസങ്ങളായി പ്രവർത്തന രഹിതമായിരുന്നു. എന്നാൽ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി വെള്ളം നദിയിൽ ഒഴുകിയെത്തി തുടങ്ങിയിട്ടുണ്ട്.

വെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് പമ്പ് ഹൗസുകളുടെ പ്രവർത്തനം ഭാഗികമായി ആരംഭിച്ചതായി അധികൃതർ പറഞ്ഞു. മഴ തുടർന്ന് ലഭിക്കാതിരുന്നാൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന് അധികൃതർ പറഞ്ഞു. പമ്പിങ് പുനരാരംഭിച്ചെങ്കിലും എല്ലായിടങ്ങളിലും കുടിവെള്ളം എത്തി തുടങ്ങിയിട്ടില്ല.ചിറയിൻകീഴ്∙പൊതുപൈപ്പുകൾക്കു മുന്നിൽ വെള്ളമെത്തുന്നതും കാത്തിരിക്കുകയാണ് അഞ്ചുതെങ്ങു നിവാസികൾ.  ആഴ്ചയിൽ മൂന്നു ദിവസമാണു ജലഅതോറിറ്റി വക കുടിവെള്ള വിതരണം. അതും രാത്രിയിൽ ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം.   ഉയർന്ന പ്രദേശങ്ങളിൽ തുള്ളിവെള്ളമെത്താത്ത അവസ്ഥയാണ്.   

പൂത്തുറ, മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട, പഞ്ചായത്ത് ഓഫിസ്, കേട്ടുപുര, പൊലീസ് സ്റ്റേഷൻ, കായിക്കര, നെടുങ്ങണ്ട, ഒന്നാംപാലം, അഞ്ചുതെങ്ങ് ജംക്‌ഷൻ എന്നിവിടങ്ങളിൽ വെള്ളം ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇതിനിടെയാണ് റോഡ് പുനർനിർമാണത്തിന്റെ പേരിൽ പലയിടത്തും പൈപ്പു പൊട്ടി കുടിവെള്ളം പാഴാകുന്നത്.  തീരപ്രദേശമായ കൊട്ടാരം തുരുത്തിലെ രൂക്ഷമായ ജലക്ഷാമം മുന്നിൽക്കണ്ടു  താൽക്കാലിക പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും ഫലമില്ലെന്നു നാട്ടുകാർ പറയുന്നു.

വെള്ളമുണ്ട്: ജല വിതരണമില്ല
പോത്തൻകോട് ∙ ഏഴ് ഏക്കർ വിസ്തൃതിയിൽ വിശാലമായ പ്ലാമൂട് ചിറ്റിക്കര പാറമടയിൽ കൊടും വേനലിൽ പോലും 90 അടിയിലധികം വെള്ളമുണ്ട്. സമീപത്തായുള്ള മൂന്നു പഞ്ചായത്തുകൾക്ക് ആവശ്യത്തിനുള്ള ജലം ഇവിടെ നിന്നും കൊടുക്കാൻ കഴിയും. ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ഇല്ലാത്തതിനാൽ വെള്ളം  ശുദ്ധീകരിച്ച് ഉപയോഗിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സാധ്യത പോത്തൻകോട് പഞ്ചായത്ത്  ജലജീവൻ മിഷൻ അധികൃതരെ അറിയിച്ചതാണ്. 

അവരുടെ നിർദ്ദേശപ്രകാരം ജലസംഭരണി നിർമിക്കാൻ ഉയരമുളള സ്ഥലത്ത് 6 സെന്റ് ഭൂമി കണ്ടെത്തുകയും ചെയ്തു. ശുദ്ധജലവിതരണത്തിനായി 6.5 കോടിയുടെ പദ്ധതിയും ആവിഷ്കരിച്ചു. അവസാന നിമിഷം അധികൃതർ പിൻമാറുകയായിരുന്നു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്  2017-18ലെ പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം ചെലവിട്ട് പാറമടയോട് ചേർന്ന് സ്ഥാപിച്ച ജലസംഭരണിയും മിനി ശുദ്ധീകരണ പ്ലാന്റും തുരുമ്പെടുക്കുകയാണ്.  2020 സെപ്റ്റംബറിൽ ഉദ്ഘാടനം നടത്തിയെങ്കിലും ഇവിടെ ജല ശുദ്ധീകരണോ വിതരണമോ നടന്നില്ല.

കൊടുക്കാത്ത വെള്ളത്തിന് ജലജീവൻ മിഷന്റെ ബില്ല്...
പോത്തൻകോട് ∙ പൈപ്പ് കണക്‌ഷൻ എടുത്തതിന്റെ പേരിൽ ഉപയോഗിക്കാത്ത ശുദ്ധജലത്തിന് ജലജീവൻ മിഷന്റെ ബില്ല് .   പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര മകയിരത്തിൽ ഡോ.എ. രാധാകൃഷ്ണൻ നായർക്ക് ഒരു വർഷത്തിനിടെ മൂന്നു ബില്ലുകളാണ് വന്നത്.  മേരിമാതാ ഇംഗ്ലിഷ് മീഡിയം സ്കൂളിനു സമീപം അനസ്കോട്ടേജിൽ അബ്ദുൽകലാമിനും ഇത്തരത്തിൽ ബില്ല് വരുന്നുണ്ട്. ജലജീവൻ പദ്ധതി പ്രകാരം പൈപ്പ് കണക്ഷൻ ഒരു വർഷം മുൻപ് എടുത്തെങ്കിലും ഇതുവരെ ഇവർക്ക് തുള്ളിവെള്ളം പോലും കിട്ടിയിട്ടില്ല. അടിക്കടി ബില്ലു വരുന്നത് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ സ്ഥലത്തെത്തി പരിശോധിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്ലാമൂട് വാർഡംഗം എ. അനിതകുമാരി പറഞ്ഞു. പോത്തൻകോട് പ്രദേശത്ത് ജലജീവൻ മിഷന്റെ പ്രധാന പൈപ്പു സ്ഥാപിക്കുന്ന പണി ഇതുവരെ പൂർത്തിയായിട്ടില്ല. അതിനു ശേഷമെ ശുദ്ധജല വിതരണത്തിന് സാധ്യതയുള്ളൂ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com