ADVERTISEMENT

വിജയ പാതയിൽ ഹരിതകർമ സേനാംഗങ്ങള്‍
തിരുവനന്തപുരം ∙ ‘പലപ്പോഴും ആട്ടിയിറക്കിയിട്ടുണ്ട്, രോഷത്തോടെ പെരുമാറിയിട്ടുണ്ട്, ഐഡി കാർഡില്ലാതെ കോംപൗണ്ടിൽ പ്രവേശിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അവർ തന്നെ ഒരിക്കൽ ഞങ്ങളെ സ്വാഗതം ചെയ്തു, സ്വന്തം കുടുംബാംഗങ്ങളായി കണ്ടു. അതാണ് ഞങ്ങളുടെ വിജയം. ’– പേരൂ‍ർക്കടയിലെ ഹരിതകർമ സേനാംഗങ്ങളുടെ വാക്കുകളിൽ വിജയത്തിന്റെ പരേഡ്. ഇവരുടെ തൊഴിൽക്കൂട്ടത്തിൽ 14 പേരുണ്ട്; 14 കുടുംബങ്ങളുടെ തണലായി !

ആറംഗ കുടുംബത്തിന്റെ അത്താണിയാണ് മണ്ണാമ്മൂല സ്വദേശി ബി.ജഗദമ്മ(60). സേനാംഗങ്ങളിലെ കാരണവർ. ഏണിക്കര സ്വദേശി ശാലിനി (40) ആണ് ജൂനിയർ. 3 വർഷം മുൻപ് ഭർത്താവ് മരിച്ചതോടെയാണ് ജഗദമ്മ ഹരിതകർമ സേനാംഗമായത്.  സുഷ, ചന്ദ്രിക, ഷൈലജ, ഓമന, അമ്പിളി, സിന്ധു, ഗീത, ബിന്ദു, അനിത തങ്കച്ചി എന്നിവരും എസ്.ജയകുമാർ–എസ്.സുജാത ദമ്പതികളും സംഘത്തിലുണ്ട്. മാലിന്യങ്ങൾ തരംതിരിച്ച് എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജയകുമാർ. 

മാലിന്യത്തിൽ നിന്ന് ആധാർ കാർഡ്, റേഷൻ കാർഡ്, മൊബൈൽ ഫോൺ തുടങ്ങിയവ കിട്ടിയിട്ടുണ്ട്; എല്ലാം ഉടമകളെ തിരിച്ചേൽപിച്ചു. കോർപറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പാലക്കാട് സ്വദേശി കെ.വി.ജിതേഷ് ആണ് ടീം ലീഡർ. രാവിലെ, ക്ലസ്റ്റർ അടിസ്ഥാനത്തിൽ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു മാലിന്യം ശേഖരിച്ച്, ഉച്ചയ്ക്ക് ശേഷം തരംതിരിക്കും. തരംതിരിച്ചു വിറ്റുകിട്ടുന്ന പണവും സേനാംഗങ്ങൾക്കാണ്. 

രണ്ടര വർഷം മുൻപ് പേരൂർക്കട വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുമ്പോൾ 1250 രൂപയായിരുന്നു ഇവരുടെ പ്രതിമാസ വരുമാനം. വീടുകളും വ്യാപാര സ്ഥാപനങ്ങളും കയറിയിറങ്ങി മാലിന്യം സംഭരിച്ച് അവരത് 24000 രൂപയായി വളർത്തി.

കോർപറേഷൻ പരിധിയിൽ 1147 ഹരിതകർമസേനാംഗങ്ങൾ
കോർപറേഷൻ പരിധിയിലെ 3,77,232 –ൽ 3,34,865 വീടുകളിലാണ് ആൾത്താമസമുള്ളത്. 1147 ഹരിതകർമ സേനാംഗങ്ങളാണ് കോർപറേഷൻ പരിധിയിൽ മാലിന്യം ശേഖരിക്കുന്നത്. ക്ലീൻ സിറ്റി മാനേജർ ബി.ബിജുവാണ് ഹരിതകർമസേനയുടെ തിരുവനന്തപുരം  കോർപറേഷന്റെ ചുമതല വഹിക്കുന്നത്. 

വെയിലിന് വിട; വരൂ സ്പെഷൽ ലഞ്ച് കഴിക്കാം
തിരുവനന്തപുരം∙ നഗരത്തിലെ ചുട്ടുപൊള്ളുന്ന ഉച്ച വെയിലിലും സ്മാർട്ട് സിറ്റി റോഡുകളുടെ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. രണ്ടു മാസത്തോളമായി പല ഭാഗങ്ങളിലായി തൊഴിലാളികൾ വെയിലിനോടു പടവെട്ടിയാണ് ജോലി ചെയ്യുന്നത്. വഴുതക്കാട് ഹയാത്ത് റീജൻസി ഹോട്ടലിനു മുന്നിലും ഇതേ കാഴ്ച കാണാം. തൊഴിലാളി ദിനമായ ഇന്ന് ഇത്തരത്തിൽ കഷ്ടപ്പെടുന്ന ഒരുകൂട്ടം തൊഴിലാളികളെ ആദരിക്കാൻ ഒരുങ്ങുകയാണ് ഹയാത്ത് റീജൻസി.

മലയാളികളും അതിഥിത്തൊഴിലാളികളും ഉൾപ്പെടെയുള്ള 60 സ്മാർട് സിറ്റി വർക്കേഴ്സിനെ ഇന്നു ഹയാത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ ഹയാത്തിലെ ജീവനക്കാർക്കൊപ്പം ഇവർ സ്പെഷൽ ലഞ്ച് കഴിക്കും. എല്ലാ തൊഴിലാളികളും ഒന്നാണെന്ന് പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. 

ചക്കയും കപ്പയും ലീലയുടെ ജീവിതത്തിന്റെ രുചികൾ 
തിരുവനന്തപുരം ∙ ‘ഇതാണെന്റെ വീട്. സ്വന്തമായി വീടില്ലാത്ത എനിക്ക് ഇത് സ്വർഗമാണ്...’ പേരൂർക്കട മാർക്കറ്റിലെ കോണിൽ, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു വലിച്ചു കെട്ടിയ തണലിടം ചൂണ്ടിക്കാട്ടി എൻ.ലീല (86) പറയുമ്പോൾ കണ്ണു നിറയും. ഭർത്താവിന്റെ മരണ ശേഷം 10 വർഷമായി ലീലയുടെ ജീവിതം മാർക്കറ്റിലെ ഇൗ കുടിലിലാണ്.  ഉൗണും ഉറക്കവും കച്ചവടവുമെല്ലാം ഇവിടെ തന്നെ. മഴയായാലും വെയിലായാലും പ്ലാസ്റ്റിക് ചാക്കുകളും പൊട്ടിയ കസേരകളും കൂട്ടിയിട്ട ഇൗ സ്ഥലത്ത് ലീലയുണ്ടാകും. ആരോ നൽകിയ, കീറിപ്പറഞ്ഞ കുഷ്യൻ നിവർത്തിയിട്ടാണ് കിടക്കുന്നത്. മഴ പെയ്യുമ്പോൾ  തണലിടം ചോർന്നൊലിക്കും. 

സ്വന്തമായി തൊഴിൽ ചെയ്തു ജീവിക്കുമെന്ന നിശ്ചയദാർഢ്യവുമായി എൻ.ലീല പേരൂർക്കട മാർക്കറ്റിനു സമീപം ചക്ക വിൽപനയിൽ. ചിത്രം: മനോരമ
സ്വന്തമായി തൊഴിൽ ചെയ്തു ജീവിക്കുമെന്ന നിശ്ചയദാർഢ്യവുമായി എൻ.ലീല പേരൂർക്കട മാർക്കറ്റിനു സമീപം ചക്ക വിൽപനയിൽ. ചിത്രം: മനോരമ

നെടുമങ്ങാട് സ്വദേശിയാണ് ലീല. ഭർത്താവ് തങ്കപ്പൻ 10 വർഷം മുൻപ് മരിച്ചു. 2 മക്കളുണ്ട്. വിവാഹ ശേഷം അവർ അവരുടെ കാര്യം നോക്കി കഴിയുന്നു. ആരോടും പരാതിയില്ല. എനിക്കും ജീവിക്കണ്ടേ. ഞാൻ മാർക്കറ്റിലേക്ക് താമസം മാറ്റി. അവസാനം വരെ ഇവിടെ കഴിയണം...’–ലീലയുടെ വാക്കുകൾ. കപ്പയും ചക്കയുമാണ് ലീല വിൽക്കുന്നത്. ലീലയെ അറിയാവുന്നവർ ഇവയെല്ലാം സൗജന്യമായി നൽകും. കപ്പയും ചക്കയും സ്വന്തമായി വാങ്ങി വിൽക്കാൻ കാശില്ല. ഇതു വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്.  മാർക്കറ്റിൽ നിന്ന് മാറി താമസിക്കാൻ കുറച്ചു നാൾ മുൻപ് കോർപറേഷൻ ജീവനക്കാർ ആവശ്യപ്പെട്ടു. ‘സ്വന്തമായി വീടില്ലാത്തതിനാൽ എവിടെ പോകും’– എന്ന് ഞാൻ ചോദിച്ചു. പിന്നെ അവർ ഒന്നും പറഞ്ഞില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com