ADVERTISEMENT

കുളത്തൂർ ∙ എവിഎം കനാലിലെ വെള്ളത്തിൽ ഗുരുതര രോഗങ്ങൾക്ക് ഇടയാക്കുന്ന ബാക്ടീരിയകളുടെ അമിത സാന്നിധ്യം കണ്ടെത്തി. ആഴ്ചകൾക്ക് മുൻപ് കനാലിലെ കാക്കോലി, പറയൻവിള, തെക്കുതൈ ഭാഗങ്ങളിൽ മത്സ്യങ്ങൾ ചത്തു പെ‍ാങ്ങുകയും ജലത്തിൽ രൂക്ഷ ദുർഗന്ധവും ഉയർന്ന സാഹചര്യത്തിൽ ജനപ്രതിനിധികളുടെ നിർദേശപ്രകാരം ആരോഗ്യ വിഭാഗം ജല സാംപിൾ ശേഖരിച്ച് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ‍ ആണ് ഹെപ്പറ്റൈറ്റിസ് എ, കോളറ, ടൈഫോയ്ഡ് രോഗങ്ങൾ പടർത്തുന്ന ഇ–കോളി അടക്കം ബാക്ടീരിയകളുടെ സാന്നിധ്യം വ്യക്തമായത്. വെള്ളത്തിൽ മനുഷ്യ വിസർജ്യം, രാസ പദാർഥങ്ങളും വൻതോതിൽ കലർന്നതായി റിപ്പോർട്ടിൽ ഉണ്ട്. ഛർദി, വയറിളക്കം എന്നിവ പടർത്തുന്നതിൽ ഇ–കോളി ബാക്ടീരിയ നിർണായക പങ്ക് വഹിക്കുന്നു. പ്രദേശത്തെ റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ ശുചിമുറി മാലിന്യങ്ങൾ കനാലിലേക്കു രഹസ്യമായി സ്ഥാപിച്ച കുഴലുകൾ വഴി തള്ളുന്നതാണ് ജല മലിനീകരണത്തിനു കാരണമായി പ്രദേശവാസികളുടെ പരാതി ശരിവയ്ക്കുന്നതാണ് പരിശോധനാ ഫലം. 

കനാലിലെ പല ഭാഗത്തും വെള്ളത്തിൽ ഇറങ്ങിയാൽ ചെ‍ാറിഞ്ഞു പെ‍ാട്ടുന്നത് സ്ഥിതി ആണ്. 350ന് അടുത്ത് ബോട്ടുകൾ സർവീസ് നടത്തുന്ന കനാലിന്റെ പല ഭാഗത്തും ജലത്തിലെ ദുർഗന്ധം മൂലം സ‍ഞ്ചാരികൾ മൂക്കു പെ‍ാത്തി ആണ് യാത്ര ചെയ്യുന്നത്. മലിനജലം ഒഴുക്കുന്ന സമയങ്ങളിൽ പരാതി അറിയിച്ചാൽ പതിവ് പരിശോധന നടത്തി പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഒഴിയുന്നതാണു നിലവിലെ ദുരവസ്ഥയ്ക്കു പിന്നിൽ. ആഴ്ചകൾക്കു മുൻപ് നടന്ന മലിന ജലമെ‍ാഴുക്കിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി അടക്കം സ്ഥലത്ത് എത്തി സാംപിൾ ശേഖരണത്തിനു നിർദേശം നൽകിയതാണ് നിലവിലെ സ്ഥിതി പുറം ലോകം അറിയാൻ ഇടയാക്കിയത്. കടലിലേക്കു പെ‍ാഴി മുറിക്കുന്ന സമയം ആണ് സ്ഥാപനങ്ങളിൽ നിന്നു കനാലിലേക്കു സ്ഥാപിച്ചിട്ടുള്ള രഹസ്യ കുഴലിൽ കൂടെ കൂടുതൽ‍ ഒഴുക്കുന്നത്. 

പരിശോധന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലിനീകരണം തടയാൻ ഉടൻ നടപടി ആവശ്യപ്പെട്ട് പെ‍ാഴിയൂർ ആശുപത്രി മെഡിക്കൽ ഒ‍ാഫീസർ ഒരാഴ്ച മുൻപ് കുളത്തൂർ പഞ്ചായത്തിനു കത്ത് നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റി മലിനജല സാന്നിധ്യം കൂടുതൽ കണ്ടെത്തിയ ഭാഗത്തുള്ള രണ്ട് വൻകിട റിസോർട്ടുകളുടെ കനാൽ അതിർത്തിയിലെ പാർശ്വഭിത്തി പെ‍ാളിച്ച് കുഴലുകളുടെ സാന്നിധ്യം പരിശോധിക്കാൻ നോട്ടിസ് നൽകാനും മലിന ജലമെ‍ാഴുക്കിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താൻ പെ‍ാലീസ് അന്വേഷണം ആവശ്യപ്പെടാനും തീരുമാനിച്ചു. രണ്ടു ദിവസം മുൻപ് നെയ്യാറിന്റെ മഴുവാറ, ചാലാക്കര ഭാഗത്ത് വലിയ മത്സ്യങ്ങൾ അടക്കം ചത്തു പെ‍ാങ്ങിയിരുന്നു. ചില റിസോർട്ടുകളിൽ നിന്ന് നേരിട്ട് ശുചിമുറി മാലിന്യം കനാലിലേക്കു ഒഴുക്കി വിടുന്നതായും സൂചനകൾ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com