ADVERTISEMENT

കല്ലമ്പലം ∙ നാവായിക്കുളം ഗവ. വിഎച്ച്എസ്എസ് അക്രമികൾ അടിച്ചു തകർത്ത് 10 ലക്ഷത്തിൽ അധികം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ സംഭവം നടന്നിട്ട് നാളെ ഒരു വർഷം. മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയത്തിന് എതിരെ നടന്ന സംഭവത്തിൽ പ്രതികളെ പൊലീസിന് ഇതുവരെ പിടികൂടാനായില്ല. അതിനിടയിൽ ഫെബ്രുവരി 11നു വീണ്ടും സ്കൂളിന് നേരെ ആക്രമണമുണ്ടായി. അതിലും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടും പ്രതികളെ പിടികൂടാത്തതിൽ ജനരോഷം ശക്തമാണ്. 2 സംഭവങ്ങളുടെ പിന്നിലും ഒരേ സംഘം ആണെന്നും ആരോപണം. 

കഴിഞ്ഞ വേനൽ അവധിക്കാലത്ത് ആണ് ആദ്യ ആക്രമണം. അന്ന് വാട്ടർ ടാങ്കുകൾ, പുതിയ ടോയ്‌ലറ്റ് ബ്ലോക്ക്, സമാർട് ക്ലാസ് മുറികളിൽ സ്ഥാപിച്ചിരുന്ന പ്രൊജക്ടർ, ഫാൻ തുടങ്ങി 10 ലക്ഷം രൂപയുടെ നഷ്ടമാണ് വരുത്തിയത്. സംഭവം അറിഞ്ഞ് മന്ത്രി വി.ശിവൻകുട്ടി സ്കൂൾ സന്ദർശിച്ചിരുന്നു. 10 ദിവസത്തിനകം പ്രതികളെ പിടികൂടും എന്ന് പൊലീസ് നാട്ടുകാർക്കും സ്കൂൾ അധികൃതർക്കും ഉറപ്പ് നൽകി. ഒരു വർഷം പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്ത് തന്നെ. പ്രതികളെ പിടികൂടാത്തതിൽ പല സംഘടനകളും സ്കൂളിന് മുൻപിൽ ശക്തമായ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു. പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം പൊലീസ് തന്നെ ഒരുക്കി എന്ന ആക്ഷേപവും ശക്തമാണ്. 

സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ പഴയതുപോല‌‌െ ആക്കിയത് ജില്ലാ പഞ്ചായത്ത് അനുവദിച്ച 14 ലക്ഷം രൂപ ഉപയോഗിച്ചാണ്. പിടിഎയുടെ നേതൃത്വത്തിൽ 1 ലക്ഷം രൂപ ചെലവിട്ട് സിസിടിവി ക്യാമറകളും സ്ഥാപിച്ചു. സർക്കാർ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുമ്പോൾ ആണ് ഒരു സർക്കാർ വിദ്യാലയത്തിന് നേരെ തുടർച്ചയായി ആക്രമണം അഴിച്ചു വിടുന്നത്. ശക്തമായ നടപടികൾ ഉണ്ടാകണം എന്ന ആവശ്യവുമായി പൂർവ വിദ്യാർഥികളും രക്ഷിതാക്കളും രംഗത്ത് എത്തിയിട്ടും പൊലീസ് ഇക്കാര്യം വേണ്ട ഗൗരവത്തിൽ പരിഗണിച്ചില്ല എന്ന പരാതി വ്യാപകമാണ്. 

നാവായിക്കുളം ഗവ. വിഎച്ച്എസ്എസിന് നേരെ ആക്രമണം നടന്നിട്ട് ഒരു വർഷം തികയുന്ന സാഹചര്യത്തിൽ  സ്കൂളിൽ പ്രത്യേക പൊലീസ് നിരീക്ഷണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് പിടിഎയുടെ നേതൃത്വത്തിൽ ഇന്നു കല്ലമ്പലം ഇൻസ്പെക്ടർക്ക് കത്തു നൽകും. അക്കാദമിക് രംഗത്തും മറ്റ് പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന സ്കൂളിനെ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി പിടിഎ ഭാരവാഹികൾ പറഞ്ഞു. സ്കൂളിന്റെ പുരോഗതിയെ തുരങ്കം വയ്ക്കുന്ന തരത്തിലാണ് തുടരെ ഉള്ള ആക്രമണ പരമ്പരകൾ ലക്ഷ്യം ഇടുന്നത് എന്നും കുട്ടികളുടെ ആത്മ വീര്യം കെടുത്താൻ അനുവദിക്കില്ലെന്നും വൈകി ആണെങ്കിലും പ്രതികളെ  നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന പ്രതീക്ഷ ഉണ്ടെന്നും പിടിഎ പ്രസിഡന്റ് എസ്.ആർ.ഹാരിസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com