ADVERTISEMENT

ചാലക്കുടി ∙ ചാലക്കുടി, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു പറയൻ തോടിനു കുറുകെ നിർമിക്കാനുദ്ദേശിക്കുന്ന കോട്ടാറ്റ് പാറക്കൂട്ടം പാലത്തിന്റെ നിർമാണം ഇനിയും ആരംഭിച്ചില്ല. പാലത്തിനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടികൾ ഇഴയുകയാണ്. അപ്രോച്ച് റോഡിനു സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വൈകുന്നതാണ് നിർമാണം ആരംഭിക്കുന്നതിനു തടസ്സമെന്ന് അധികൃതർ പറയുന്നു.

അതിനാല്‍ അപ്രോച്ച് റോഡ് നിർമിക്കും മുൻപേ പാലം നിർമാണം പൂർത്തിയാക്കണമെന്നാണു ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും ആവശ്യം. കിഫ്ബി ഫണ്ടിൽ നിന്ന് 35.15 കോടി രൂപയാണു പാലം നിർമാണത്തിനും അനുബന്ധ റോഡ് ഒരുക്കാനുമായി അനുവദിച്ചത്. ചാലക്കുടി നഗരസഭയെയും മാള പഞ്ചായത്തിനെയും ബന്ധിച്ചു നിർമിക്കുന്ന പാലത്തിലേക്കുള്ള ചാലക്കുടി നഗരസഭയുടെ പ്രദേശത്തെ അനുബന്ധ റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികളാണ് ഒച്ചിഴയുന്നതിലും പതുക്കെ പോകുന്നത്. 

റോഡിനോടു ചേർന്ന് കയ്യേറ്റമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. തുടർന്ന് റോഡ് അളന്നു തിട്ടപ്പെടുത്തി സർവേക്കല്ലുകൾ സ്ഥാപിച്ചു. ഇനി സർവേ നടത്തി, കല്ലുകൾ സ്ഥാപിച്ചതിന്റെ ഇരുവശത്തു നിന്നുമായി ഭൂമി ഏറ്റെടുക്കണം. അക്വിസിഷൻ ചട്ടപ്രകാരം സ്ഥലം ഉടമകൾക്കു നഷ്ടപരിഹാരവും അനുവദിക്കണം. ഇതിന് രണ്ടു വർഷത്തോളം വേണ്ടി വരുമെന്നാണ് സൂചന. മൈനർ ഇറിഗേഷന്റെ കനാലും പൈപ്പ് ലൈനും പോകുന്നതു ഏറ്റെടുക്കാൻ തീരുമാനിച്ച ഭൂമിയിലാണ്. ഇക്കാര്യത്തിൽ മൈനർ ഇറിഗേഷൻ കനാൽ മാറ്റി സ്ഥാപിച്ചു ഭൂമി ഏറ്റെടുക്കാനാണു ശ്രമം. 400 മീറ്റർ ദൂരം കനാൽ മാറ്റി സ്ഥാപിക്കണം. ഇക്കാര്യത്തിൽ മൈനർ ഇറിഗേഷൻ അധികൃതർക്കു കത്ത് നൽകിയെങ്കിലും ഇനിയും തീരുമാനമായിട്ടില്ല. പാലം  നിർമാണത്തിന് കിഫ്ബിയുടെ ഭരണാനുമതിയും സാമ്പത്തിക അനുമതിയും നേരത്തെ ലഭിച്ചിരുന്നു. 

പാലം നിർമാണ സ്ഥലത്തും കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. റോഡിന് നേരത്തെ 5 മീറ്റർ വീതിയുണ്ടായിരുന്നത് ഇരട്ടിയായി വികസിപ്പിക്കാനാണ് തീരുമാനം. 2022 മാർച്ച്  മാസം അക്വിസിഷൻ നടപടികൾ പൂർത്തീകരിക്കാനാണു ലക്ഷ്യമിട്ടതെങ്കിലും രണ്ടു വർഷത്തിലേറെ പിന്നിട്ടിട്ടും നടപടികൾ മുന്നോട്ടു പോയിട്ടില്ല. ഭൂമി വിട്ടു നൽകേണ്ടവരിൽ ഭൂരിഭാഗം പേരുമായി ധാരണയായെങ്കിലും ഒരു ഭാഗത്ത് ഭൂമി വിട്ടു നൽകുന്നതിനു ഭൂവുടമകൾ തടസ്സം നിൽക്കുകയാണ്. പറയൻ തോടിനു കുറുകെ നിർമിച്ച തടയണയിലൂടെയാണു പ്രദേശവാസികൾ ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇതിലൂടെ ‍കാൽനട യാത്ര മാത്രമാണ് സാധ്യമാകുന്നത്. 2018ലെ പ്രളയത്തിൽ തടയണയിൽ കേടുപാടുണ്ടായതു പരിഹരിച്ചെങ്കിലും തടയണയ്ക്കു മുകളിലെ സ്ലാബുകളിൽ വീണ്ടും കേടുപാടുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രളയകാലത്തു തടയണ മുങ്ങിപ്പോകുമ്പോഴും ഇരുകരകളിലേക്കുമുള്ള യാത്ര തടസ്സപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com