ADVERTISEMENT

വടക്കാഞ്ചേരി∙ ഉത്രാളിക്കാവ് ക്ഷേത്രത്തിനു പിറകിൽ അകമല താഴ്‌വരയിലെ കൃഷിയിടങ്ങളില്‍ ശനിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇതോടെ ഇൗ പ്രദേശത്തെ ഗ്രാമങ്ങൾ കാട്ടാന പേടിയിലായി. മരാമത്ത് കരാറുകാരൻ ഗോവിന്ദൻകുട്ടിയുടെ രണ്ടര ഏക്കർ കൃഷിയിടത്തിലെ 200 ൽ അധിക വാഴകളും സമീപത്തെ പറമ്പിലെ 60 വാഴകളും ചെട്ടിയാർ കുന്ന് പ്രദേശത്തെ പ്ലാവുമാണ് ആനകൾ നശിപ്പിച്ചത്. ശനിയാഴ്ച രാത്രി 8 മണിയോടെ തൂമാനം വെള്ളച്ചാട്ട പരിസരത്താണ് കാട്ടാനക്കൂട്ടം ആദ്യമിറങ്ങിയത്. 

വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചതോടെ കാട്ടാനകൾ പട്ടാണിക്കാട് ഭാഗത്തേക്ക് നീങ്ങി. വനം വകുപ്പ് ജീവനക്കാർ രാത്രിയിൽ തങ്ങുന്ന ഒട്ടും സുരക്ഷിതമല്ലാത്ത ഷെഡിന്റെ പരിസരത്ത് ഏറെ നേരം ആനകൾ  തമ്പടിച്ചതായി വനം വകുപ്പ് ജീവനക്കാർ പറഞ്ഞു. തുടർന്ന് ചെട്ടിയാർ കുന്ന് സ്വദേശി പുത്തൻവീട്ടിൽ ലോറൻസിന്റെ പുരയിടത്തിലെത്തിയ ആനകൾ തൊടിയിലെ പ്ലാവിൽ നിന്ന് ചക്കകൾ പൊട്ടിച്ച് തിന്നുകയും പ്ലാവിന്റെ കൊമ്പുകൾ കൂട്ടത്തോടെ ഒടിച്ചിടുകയും ചെയ്തു. 

ചെട്ടിയാർക്കുന്നത്തു നിന്നും താഴെയിറങ്ങിയ ആനകൾ ഇവിടത്തെ കുലവന്ന പൂവൻവാഴത്തോട്ടം നിലംപരിശാക്കി. നാലോളം ആനകൾ കൂട്ടത്തിലുണ്ടെന്ന് പറയുന്നു. ശനിയാഴ്ച രാത്രി 8 മണിയോടെ വാഴാനി കുറ്റിക്കാട് മേഖലയിലും കാട്ടാനയിറങ്ങിയത് വനം വകുപ്പ് ജീവനക്കാർക്ക് ഇരട്ടി തലവേദനയായി മാറിയിരിക്കുകയാണ്. വാഴാനി മുതൽ പട്ടാണിക്കാട് വരെ സോളർ വേലി കെട്ടി കാടിനെയും നാടിനെയും വേർതിരിച്ചില്ലെങ്കിൽ ഇൗ പ്രദേശങ്ങളിലെ നാട്ടുകാർ ഇവിടെ നിന്ന് വീടുകൾ ഒഴിഞ്ഞുപോകേണ്ട ഗതികേടിലാണെന്നും നാട്ടുകാർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com