ADVERTISEMENT

ചാഴൂർ∙ കോവിലകം, അന്തിക്കാട്, പുറത്തൂർ, പുള്ള്, പള്ളിപ്പുറം പടവുകളിലെ നെൽക്കൃഷിയിൽ ഉൽപാദനം വളരെ കുറഞ്ഞതോടെ കർഷകർക്ക് വൻ നഷ്ടം. ഏക്കറിനു 35 ചാക്ക് നെല്ല് ലഭിച്ചിരുന്ന സ്ഥാനത്ത്  ഇത്തവണ വിളവെടുത്തപ്പോൾ 3 ചാക്ക് പോലും നെല്ല് കിട്ടിയില്ല. തൂക്കമില്ലാത്തതിനാൽ കമ്പനിക്കാർ നെല്ല് എടുത്തത് 3 ശതമാനം വരെ വില കുറച്ചാണ്. കൊയ്ത്ത് കൂലിക്കുള്ള പണം പോലും കിട്ടാൻ സാധ്യതയില്ലാത്തതിനാൽ പല കർഷകരും കൊയ്യാതെ പിന്മാറുകയാണ്.  കണ്ടങ്ങളിൽ വരിനെല്ലും കൗട്ടപ്പുല്ലുമാണ് വളർന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞ പലവിധ മരുന്നുകൾ പ്രയോഗിച്ചിട്ടും രക്ഷയുണ്ടായില്ല. 

മുൻപൊരിക്കലും ഉണ്ടാകാത്ത ഈ പ്രതിഭാസത്തിന് കാരണമെന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി പരിഹാരം കാണണമെന്നാണ് കർഷകർ ആവശ്യപ്പെട്ടു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പാടത്ത് നേരിട്ടെത്തി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലെന്നും കൃഷിക്കാർക്ക് പരാതിയുണ്ട്. 

പരിഹാരമുണ്ടായില്ലെങ്കിൽ നഷ്ടം സഹിച്ച് അടുത്ത തവണ കൃഷിയിറക്കില്ലെന്നാണ് കർഷകരുടെ നിലപാട്. ചാഴൂർ കോവിലകം പടവിൽ സി.സി.മുകുന്ദൻ എംഎൽഎ സന്ദർശിച്ചു. സർക്കാരിന്റെ  ശ്രദ്ധയിൽപെടുത്തി കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതുൾപ്പെടെയുള്ള പ്രശ്നപരിഹാരത്തിന് ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്  കെ.എസ്. മോഹൻദാസും  ഒപ്പമുണ്ടായിരുന്നു.

നഷ്ടപരിഹാരം ലഭ്യമാക്കണം 
തൃശൂർ ∙ കൃഷിനാശത്തിന് ഇൻഷുറൻസ് കമ്പനികളിൽ നിന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ സത്വര നടപടി ഉണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പുല്ലഴിയിലെ കർഷകരും കോൾ പടവു കമ്മിറ്റി ഭാരവാഹികളും കൃഷിനാശം സംബന്ധിച്ച് വി.എസ്.സുനിൽകുമാറിനോടും മറ്റു ഇടതുപക്ഷ നേതാക്കളോടും പരാതി ഉന്നയിച്ചു.

കർഷകരുടെ നഷ്ടം നികത്താനുള്ള നടപടികൾ വേണമെന്നും ഭാവിയിൽ സമയബന്ധിതമായ കൃഷി ഇറക്കാനും ഗുണമേന്മയുള്ള വിത്തുകളും കീടനാശിനികളും ഉറപ്പുവരുത്താനും നടപടി വേണമെന്ന് കോൾപടവ് കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.രവീന്ദ്രൻ, കെ.ഗോപിനാഥ്, എ.വി.പ്രദീപ്കുമാർ, കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് ഷാജു കുണ്ടോളി, തൃശൂർ മണ്ഡലം സെക്രട്ടറി കെ.അരവിന്ദാക്ഷ മേനോൻ, പുല്ലഴി കോൾ പടവ് പ്രസിഡന്റ് കൊളങ്ങാട്ട് ഗോപിനാഥൻ, കെ.എൻ.രഘു, എം.കെ.ബൈജു എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com