ADVERTISEMENT

പുത്തൻചിറ ∙ കുന്നത്തേരി മേഖലയിൽ ഉപ്പുവെള്ളം കയറി കൃഷി നശിച്ചതിനു പുറമെ കാട്ടുപന്നികൾ വ്യാപകമായി നാശമുണ്ടാക്കുന്നതായി പരാതി. ചേര്യേക്കര പാടത്തിനോട് ചേർന്നുള്ള കൃഷിയിടങ്ങളിലാണ് വ്യാപകമായി കൃഷി നശിച്ചിരിക്കുന്നത്. ജാതിയും വാഴയും ഉപ്പുവെള്ളത്തെ തുടർന്ന് കരിഞ്ഞുണങ്ങി തുടങ്ങി. ഇതിനിടെയാണ് കർഷകർക്ക് തിരിച്ചടിയായി കാട്ടുപന്നികൾ വ്യാപകമായി കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

മാളിയേക്കൽ കൂനൻ ആന്റുവിന്റെ ഉപ്പുവെള്ളം കയറിയ കൃഷിയിടത്തിൽ നശിക്കാതെ ശേഷിച്ച വാഴകൾ കാട്ടുപന്നികൾ ആഹാരമാക്കി.ഈ മേഖലയിൽ കാട്ടുപന്നികൾക്കു പുറമെ മുള്ളൻ പന്നികളും വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ ഒട്ടേറെ വാഴക്കൃഷിയിടങ്ങളിൽ കാട്ടുപന്നിയെത്തി നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. വാഴയുടെ വാരം തുരന്നും പിണ്ടിയും മാങ്ങും ചേർന്ന ഭാഗം കാർന്നു തിന്നുമാണ് കൃഷി നശിപ്പിക്കുന്നത്.

വനപാലകരെയും പഞ്ചായത്തിനെയും ഇക്കാര്യം അറിയിച്ചിട്ടും അടിയന്തിര നടപടികൾ ഒന്നും തന്നെയുണ്ടായില്ലെന്നു കർഷകർ പറയുന്നു. അതെ സമയം ഈ മേഖലകളിൽ ഉപ്പുവെള്ളം ദിനംപ്രതി കൂടുതൽ മേഖലയിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കരിങ്ങോൾച്ചിറയിൽ ബണ്ട് നിർമിക്കാൻ വൈകിയതാണ് ഈ മേഖലയിലേക്ക് ഉപ്പുവെള്ളം കയറാൻ കാരണമായത്.

മാർച്ച് മാസത്തോടെ പുത്തൻചിറ തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിലൂടെ ഉപ്പുവെള്ളം ചേന്ദംകരി-കല്ലന്തറ പാടശേഖരങ്ങളിലേക്കും ചേര്യേക്കര പാടത്തേക്കും വ്യാപിച്ചിരുന്നു. ചേര്യേക്കര പാടത്തിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിലൂടെ സമീപത്തെ കുളങ്ങളിലേക്കും കിണറുകളിലേക്കും ഉപ്പുവെള്ളമെത്തി. ഇവിടെ നിന്ന്  കൃഷിയിടങ്ങളിലേക്ക് ജലസേചനം നടത്തിയതാണ് കൃഷിയെ ബാധിച്ചത്. ചേന്ദംകരി-കല്ലന്തറ പാടത്തെ 50 ഏക്കറിൽ നെൽക്കൃഷി പൂർണമായും നശിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com