ADVERTISEMENT

പടിയൂർ∙ വളവനങ്ങാടി കോൾ മേഖലയിൽ വിളവെടുപ്പിന് പാകമായ 42ഏക്കർ നെൽക്കൃഷി കരിഞ്ഞ് ഉണങ്ങൽ ഭീഷണിയിൽ. വേനൽ ചൂട് കടുത്തതോടെ നെൽ ചെടികളിൽ ഇലചുരുട്ടിപ്പുഴു, തണ്ട് തുരപ്പൻ, ഓലചുരുട്ടി പുഴു എന്നിവയുടെ ശല്യം വ്യാപകമാണ്. പാടശേഖരത്തിലെ 10 ഏക്കർ നെല്ല് പൂർണമായും കരിഞ്ഞ് ഉണങ്ങി. ബാക്കിവരുന്ന പാടശേഖരത്തിലെ നെല്ല് ഉണക്കൽ ഭീഷണിയിലാണ്. പടിയൂർ തെക്ക് വലിയ മേനോൻ കോൾ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 50 കർഷകരാണ് 42 ഏക്കറിൽ കൃഷി ഇറക്കിയിരിക്കുന്നത്. ഡിസംബറിൽ വിത്തിറക്കി ഫെബ്രുവരിയിൽ ഞാറു നട്ട് ഇപ്പോൾ വിളവെടുപ്പിന് പാകമായ സമയത്താണ് കരിഞ്ഞ് ഉണങ്ങി തുടങ്ങിയത്.

ആദ്യം ഇളം ചുവപ്പ് നിറത്തിലും പിന്നീട് പൂർണമായി കരിഞ്ഞ് ചാര നിറത്തിൽ എത്തുന്ന സ്ഥിതിയാണുള്ളത്. കർഷകർ ആവശ്യപ്പെട്ടതിനെ തുടർന്ന് മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നെത്തിയ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പുഴുക്കളെ കണ്ടെത്തിയത്. കാലാവസ്ഥയിലെ വ്യതിയാനമാണ് പുഴുക്കളുടെ ശല്യം രൂക്ഷമാകാൻ കാരണമായതെന്നും കാർഷിക സർവകലാശാല അധികൃതർ അറിയിച്ചതായി പാടശേഖര സമിതി സെക്രട്ടറി പി.രാധാകൃഷ്ണൻ പറഞ്ഞു. കരിച്ചിൽ ഭീഷണി നേരിടുന്ന ഇനിയുള്ള 32 ഏക്കറിലെ നെല്ലിന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും കർഷകർ പറഞ്ഞു. ഒരേക്കർ കൃഷി ചെയ്യുന്നതിന് 45,000 രൂപയാണ് ചെലവ് വരുന്നത്. 

ഉണങ്ങിക്കരിഞ്ഞു തുടങ്ങിയ പടിയൂർ വളവനങ്ങാടി തെക്ക് വലിയ മേനോൻ കോൾ പാടശേഖരത്തിലെ നെൽക്കതിർ.
ഉണങ്ങിക്കരിഞ്ഞു തുടങ്ങിയ പടിയൂർ വളവനങ്ങാടി തെക്ക് വലിയ മേനോൻ കോൾ പാടശേഖരത്തിലെ നെൽക്കതിർ.

കരിച്ചിൽ ആരംഭിച്ച സമയത്ത് 60 സെന്റിലെ നെല്ല് കൊയ്തു. സാധാരണ 1500 കിലോ വരെ ലഭിക്കാറുള്ള നെല്ല് വെറും 150 കിലോ മാത്രമാണ് ലഭിച്ചത്. സമീപ മേഖലയിലെ കോൾ പാടശേഖരങ്ങളിൽ നെൽ കർഷകർ സമാന അവസ്ഥ നേരിടുന്നതായി കർഷകർ പറഞ്ഞു. കടം വാങ്ങിയും ലോൺ എടുത്തും കൃഷി ആരംഭിച്ച കർഷകരിൽ പലരും കടക്കെണിയിലേക്ക് എത്തുന്ന അവസ്ഥയാണുള്ളത്. കൃഷി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ക്ര‍ഷകന് സബ്സിഡിയോ നഷ്ടപരിഹാരമോ നൽകാനുള്ള നടപടി സർക്കാർ എടുക്കണം എന്നാണ് മേഖലയിലെ കർഷകരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com