ADVERTISEMENT

തൃശൂർ ∙ ‘‘ അന്തിയുറങ്ങാൻ സുരക്ഷിതമായ സ്ഥലവും മാറിയുടുക്കാൻ വസ്ത്രങ്ങളും ഇല്ല. രോഗികളായ മക്കളുമായി ഞാൻ എവിടെ പോകും?’’– തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുര നടയ്ക്കു സമീപത്തുള്ള തണൽമരത്തിന്റെ ചുവട്ടിലിരുന്നു നെല്ലിശ്ശേരി ജിബി പോളി വിതുമ്പി. കഴിഞ്ഞ 16 ദിവസമായി തേക്കിൻകാട് മൈതാനമാണു ഒളരി സ്വദേശിയായ ജിബിയുടെയും (40) മക്കളായ എൽന (23), എമിൽ (20) എന്നിവരുടെയും വീട്. കുടുംബ സുഹൃത്ത് ഗിരീഷും (39) ഇവർക്കൊപ്പമുണ്ട്.

വാടക നൽകാത്തതിന്റെ പേരിൽ പെരിങ്ങാവ് ഗാന്ധി നഗറിലെ വാടകവീട്ടിൽ നിന്ന് ഇവരെ ഉടമസ്ഥർ ഇറക്കി വിടുകയായിരുന്നു. കട്ടിൽ അടക്കമുള്ള വീട്ടുസാധനങ്ങളും എൽനയുടെയും എമിലിന്റെയും പഠന സർട്ടിഫിക്കറ്റുകളും മറ്റും കുടുംബമറിയാതെ മറ്റൊരു സ്ഥലത്തേക്കു മാറ്റിയായിരുന്നു കുടിയൊഴിപ്പിക്കൽ. പാരാ മെഡിക്കൽ വിദ്യാർഥിയായിരുന്ന എൽനയ്ക്ക് അടുത്തിടെ ബെംഗളൂരുവിൽ ജോലി ലഭിച്ചിരുന്നു. ജോലി കിട്ടിയതു പറയാൻ ബന്ധുവീട്ടിലേക്കു പോകുന്നതിനിടെ വാഹനാപകടത്തിൽ എൽനയ്ക്കു സാരമായി പരുക്കേറ്റു. 

കയ്യിൽ പൊട്ടലുമായി തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു ആരുമില്ലാതിരുന്ന സമയത്തു വാടകവീട്ടിൽ നിന്നു സാധനങ്ങൾ കൂട്ടത്തോടെ പുറന്തള്ളിയത്. 4 മാസമായി ഗാന്ധി നഗറിലായിരുന്നു താമസം.

പ്ലസ്ടു പഠനം പൂർത്തിയാക്കിയ എൽനയുടെ സഹോദരൻ എമിൽ ഭിന്നശേഷിക്കാരാനാണ്. ശസ്ത്രക്രിയ നടത്തിയ എൽനയുടെ കൈയ്ക്കു 27 സ്റ്റിച്ചുണ്ട്. ആശുപത്രി ഉപയോഗത്തിനായി കൊണ്ടുപോയ വസ്ത്രങ്ങൾ മാത്രമാണു കൈവശം. വിയ്യൂർ പൊലീസിലും കലക്ടറുടെ ഓഫിസിലും പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നു കുടുംബം പറയുന്നു.  

മാനുഷിക പരിഗണന പോലും കാണിക്കാതെ വീട്ടുസാധനങ്ങൾ മറ്റൊരിടത്ത് ഉപേക്ഷിക്കുകയായിരുന്നെന്നും ആധാർ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള വിവിധ രേഖകളും നഷ്ടപ്പെട്ടതായി ഇവർ പറയുന്നു. വാടക കരാറും ഇതോടൊപ്പം നഷ്ടപ്പെട്ടിട്ടുണ്ട്. കുടുംബ സുഹൃത്തായ ഗിരീഷ് അപസ്മാര ബാധിതനാണ്. ചേർപ്പിലുള്ള ഇദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിൽ മൂന്നു ദിവസം കൂടുമ്പോൾ ചെന്നാണു കയ്യിലുള്ള വസ്ത്രങ്ങൾ അലക്കി തിരികെ തേക്കിൻകാട് എത്തുന്നത്.

സുമനസ്സുകളുടെ സഹായത്താലാണു പലപ്പോഴും ഭക്ഷണം. പ്രാഥമിക ആവശ്യങ്ങൾക്കായി നിലവിൽ സ്വരാജ് റൗണ്ടിൽ തന്നെയുള്ള ജില്ലാ ജനറൽ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ എത്രനാൾ ഇങ്ങനെ ജീവിക്കുമെന്നു ജിബി ചോദിക്കുന്നു. പ്രായപൂർത്തിയായ മകളെയും മകനെയും സംരക്ഷിക്കാനുള്ള ആരോഗ്യമില്ലെന്നും അധികൃതർ ഇടപെട്ടു നടപടി സ്വീകരിക്കണമെന്നുമാണാവശ്യം. വാടക വീട് ഉടമസ്ഥന്റെ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com