ADVERTISEMENT

പുന്നയൂർ ∙ പഞ്ചവടി ബീച്ചിൽ ടേക്ക് എ ബ്രേക്ക് നിർമാണം പുനരാരംഭിക്കാൻ എത്തിയ പഞ്ചായത്ത് പ്രസിഡന്റിനെയും ഭരണസമിതിയംഗങ്ങളെയും സമീപവാസി നാലകത്ത് ഷമീറ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഉത്തരവ് വരുന്നതുവരെ തൽസ്ഥിതി തുടരണമെന്നു പൊലീസ് നിർദേശിച്ചു. ഇതിനെതിരെ പ്രസിഡന്റ് പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. രാവിലെ ഒൻപതരയോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രന്റെ നേതൃത്വത്തിൽ ഭരണപക്ഷ അംഗങ്ങളും നിർമാണ തൊഴിലാളികളും പൊലീസ് സംരക്ഷണത്തിൽ സ്ഥലത്തെത്തിയത്. 

പണി ചെയ്യാൻ അനുവദിക്കില്ലെന്നു ഷമീറ പറഞ്ഞതോടെ തർക്കമായി. പണി തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പഞ്ചായത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, ജൂൺ 5ന് എതിർ കക്ഷിയുടെ വാദം കേൾക്കുന്നതുവരെ തൽസ്ഥിതി തുടരണമെന്നും അതുവരെ നിർമാണം പാടില്ലെന്നും ഉത്തരവുണ്ടെന്ന് ചാവക്കാട് എസ്എച്ച്ഒ എ.പ്രതാപൻ വ്യക്തമാക്കി. ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നതു തടയാൻ മാത്രമാണു പൊലീസിനു നിർദേശമുള്ളതെന്നും ചൂണ്ടിക്കാട്ടി. 

പഞ്ചവടി ബീച്ചിൽ സ്വകാര്യ അക്വേറിയം ഉടമകൾ നൽകിയ ഭൂമിയിലാണ് പഞ്ചായത്ത് അരക്കോടി രൂപ ചെലവിൽ പാതയോര വിശ്രമകേന്ദ്രം നിർമിക്കുന്നത്. ചട്ട വിരുദ്ധമായി നിർമിക്കുന്ന കെട്ടിടം തന്റെ വീടിനു ഭീഷണിയാണെന്ന് ആരോപിച്ചാണ് ഷമീറ കോടതിയെ സമീപിച്ചത്. ഈ കേസ് ഈ മാസം 21നു പരിഗണിക്കും. യാത്രക്കാരുടെ വിശ്രമകേന്ദ്രം ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ബീച്ചിൽ നിർമിക്കുന്നതു സ്വകാര്യ സ്ഥാപനത്തിനു വേണ്ടിയാണെന്ന് യുഡിഎഫും ആരോപിക്കുന്നു. ഷമീറയ്ക്കു പിന്തുണയുമായി യുഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com