ADVERTISEMENT

കൊരട്ടി ∙ ദേശീയപാതയിൽ ചാലക്കുടി നഗരസഭ ജംക്‌ഷനു സമീപം അടിപ്പാത നിർമിച്ചപ്പോഴും ദേശീയപാതയുടെ മീഡിയനിൽ നിന്നിരുന്ന മരങ്ങൾക്കു മരണമില്ലെന്ന വാർത്ത നാടു കേട്ടത് ആഹ്ലാദത്തോടെയായിരുന്നു. 10 വയസ്സു പ്രായമുണ്ടായിരുന്ന മരങ്ങളെ സുരക്ഷിതമായി മറ്റു സ്ഥലങ്ങളിലേയ്ക്കു ശാസ്ത്രീയമായി പറിച്ചു നട്ടതു 2021ലായിരുന്നു. വർഷങ്ങളോളം ദേശീയപാതയിൽ പച്ചവിരിച്ചു നിന്ന ഈ മരങ്ങൾ ലക്ഷക്കണക്കിനു രൂപ ചെലവിട്ടാണു പിഴുതെടുത്തു മറ്റിടങ്ങളിൽ നട്ടത്.

മരങ്ങൾ സുരക്ഷിതമായി അങ്കമാലി–മണ്ണുത്തി പാതയിലാണു പല ഭാഗങ്ങളിലായി പറിച്ചു നട്ടത്. കൊരട്ടി ജംക്‌ഷൻ മുതൽ ചിറങ്ങര വരെ വിവിധ ഭാഗങ്ങളിലും ഇവ നട്ടിരുന്നു. ഇവ പിന്നീടു പച്ചപ്പും തണുപ്പും പകർന്നു ദേശീയപാതയോരത്തു വേരുറപ്പിച്ചു.  ദേശീയപാത നാലുവരിപ്പാത നിർമാണം പൂർത്തിയായതോടെ ഒന്നര പതിറ്റാണ്ടു മുൻപാണു ദേശീയപാതയിലെ ഡിവൈഡറിൽ വൃക്ഷത്തൈകളും പൂച്ചെടികളും അലങ്കാര ചെടികളും വച്ചു പിടിപ്പിക്കാൻ തുടങ്ങിയത്. പിന്നീടിവ തഴച്ചു വളർന്നു. ഗ്രീൻ ഹൈവേ പദ്ധതിയുടെ ഭാഗമായി തുടർച്ചയായി നനച്ചും പരിചരണം നൽകിയും വളർത്തിയ ഇവ ശാഖോപശാഖകളായി പന്തലിച്ചു തുടങ്ങി. 

നഗരസഭ ജംക്‌ഷനിലെ സിഗ്നൽ മുതൽ ക്രസന്റ് സ്കൂൾ വരെയുള്ള മേഖലയിൽ നിന്ന് നൂറിലധികം മരങ്ങളും ചെടികളുമാണു മാറ്റി നട്ടത്. മരങ്ങൾ റീ ട്രാൻസ്പ്ലാന്റ് ചെയ്യാനായി 20 തൊഴിലാളികൾ ഒരാഴ്ചയോളം പണിയെടുത്തു. യന്ത്ര സഹായവും ഉപയോഗപ്പെടുത്തി. വേരുകൾ പരമാവധി പൊട്ടാതെയാണു മരങ്ങൾ പറിച്ചെടുത്തത്. 

കൊരട്ടി മേഖലയിൽ മരങ്ങൾ നട്ടു പിടിപ്പിച്ചതു പക്ഷേ പ്രദേശവാസികളുടെ എതിർപ്പിനു കാരണമായിരുന്നു. ഇവ ദേശീയപാത വികസനത്തിനു തടസ്സമാകുമെന്നായിരുന്നു അവരുടെ വാദം. ഒടുവിൽ ദേശീയപാത വികസനത്തിനായി തന്നെ ഈ മരങ്ങൾ മുറിച്ചു നീക്കുന്നതോടെ ലക്ഷക്കണക്കിനു രൂപയും ഏറെ കാലത്തെ അധ്വാനവും പ്രതീക്ഷകളും പാഴായി. അടിപ്പാതകളും മേല്‍പാലവും നിര്‍മിക്കുന്നതിനും ദേശീയപാത ആറുവരിപ്പാതയാക്കുന്നതിനും സര്‍വീസ് റോഡ് സജ്ജമാക്കുന്നിതിനും ഈ മരങ്ങള്‍ തടസ്സമാകുമെന്നതിനാലാണ് ഇവ മുറിച്ചു നീക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com