ADVERTISEMENT

പടിയൂർ∙ വേനൽ ചൂട് കടുത്തതോടെ വിളനാശം സംഭവിച്ച പൂമംഗലം പടിയൂർ  കോൾമേഖലയിലെ തെക്ക് വലിയമേനോൻ കോൾപാടത്ത്  മന്ത്രി ആർ.ബിന്ദു സന്ദർശിച്ചു. കർഷകരോട് കൃഷിനാശവും തുടർന്നുള്ള നഷ്ടവും സംബന്ധിച്ച വിവരങ്ങൾ  ചോദിച്ചറിഞ്ഞു. കർഷകരുടെ നഷ്ടം നികത്താൻ കഴിയുന്ന തരത്തിൽ ഇൻഷുറൻസും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തണമെന്നും കൃഷിക്ക് കൂടുതൽ പശ്ചാത്തല സൗകര്യം ഒരുക്കണം എന്നും കർഷകർ ആവശ്യപ്പെട്ടു. 

വേനൽ ചൂടിൽ വയൽ നശിക്കുന്നതിനെപ്പറ്റി മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വേനൽ ച്ചൂട് കടുത്തതോടെ നെൽച്ചെടികളിൽ ഇലചുരുട്ടി പുഴു, തണ്ട് തുരപ്പൻ, ഓലചുരുട്ടി പുഴു എന്നിവയുടെ രൂക്ഷമായ ശല്യമാണ് 42 ഏക്കർ പാടശേഖരത്തിലെ 10 ഏക്കർ നെല്ല് പൂർണമായും കരിഞ്ഞ് ഉണങ്ങാനും ബാക്കി വരുന്ന പാടശേഖരത്തിലെ നെല്ലിന് ഉണങ്ങൽ നേരിടാനും  കാരണമായത്.  കർഷകർ ആവശ്യപ്പെട്ടതിനെ തുടർന്ന് മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നെത്തിയ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പുഴുക്കളെ കണ്ടെത്തിയത്.

തരിശായി  കിടന്നിരുന്ന 32 ഏക്കർ ഭൂമി ഉൾപ്പെടെ 50 കർഷകർ ചേർന്നാണ് 42 ഏക്കർ ഭൂമി കൃഷിയോഗ്യമാക്കിയത്. വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.കെ.സ്മിത, കൃഷി ഓഫിസർമാരായ എം.സി.അഭയ, സി.എം.റുബീന, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്,  കർഷക സംഘം ഭാരവാഹികളായ, പി  രാധാകൃഷ്ണൻ, പി.കെ.നന്ദികേശൻ, ജിനരാജ ദാസ്, കെ.ആർ.മണി തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും  പാടശേഖരം  സന്ദർശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com