ADVERTISEMENT

അമ്പലവയൽ ∙ വേനൽചൂടിൽ വെ‍ന്തുരുകി വയനാട്. രാത്രികാലങ്ങളിൽ പോലും ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ലാത്തത്ര ചൂടാണു ജില്ലയിലിപ്പോൾ. ഫെബ്രുവരി മുതൽ ഉയർന്നു തുടങ്ങിയ താപനില ഇതിനോടകം 33 ഡിഗ്രി സെൽഷ്യസ് കടന്നു.  അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുതലായതിനാൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് അനുഭവിക്കേണ്ടി വരുന്നത്. ജലസ്രോതസ്സുകളും കൃഷിയിടങ്ങളും വരണ്ടുണങ്ങി. പലയിടങ്ങളിലും ശുദ്ധജലക്ഷാമവും രൂക്ഷമായി. വേനലാരംഭത്തിൽ തന്നെ പുഴകളിലും തോടുകളിലും നീരെ‍ാഴുക്ക് വളരെയധികം കുറഞ്ഞിരുന്നു. വേനൽമഴ കാര്യമായി എവിടെയും ലഭിക്കാത്തതും താപനില ഉയരാൻ കാരണമായി. 

അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഏപ്രിൽ 3 നാണ്. 33.5 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ മിക്ക ദിവസങ്ങളിലും താപനില 33 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയിട്ടുണ്ട്. ജില്ലയിൽ മുൻ വർഷങ്ങളിലെ‍ാന്നും താപനില ഇത്രയും വർധിച്ചിട്ടില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മുൻ വർഷങ്ങളുടെ പകുതി വേനൽമഴ പോലും ഇത്തവണ ജില്ലയിൽ പെയ്തില്ല.  കൊടുംവേനൽ കൃഷിമേഖലയിലും വലിയ പ്രതിസന്ധിയുണ്ടാക്കി. പുൽപള്ളി, മുള്ളൻകെ‍ാല്ലി മേഖലയിലുണ്ടായ ജലക്ഷാമം പരിഹരിക്കുന്നതിന് കാരാപ്പുഴ ഡാമിൽ നിന്ന് കബനി നദിയിലേക്കു വെള്ളം ഒഴുക്കി എത്തിക്കേണ്ട സഹചര്യവുമുണ്ടായി. 

ജലവിതരണത്തിന് ആവശ്യമായ വെള്ളം ഇല്ലാതായതോടെയാണ് ആദ്യമായിട്ടു കാരാപ്പുഴയിൽ നിന്നു വെള്ളം എത്തിച്ചത്. 3 ദിവസത്തിലേറെ എടുത്ത് 60 കിലോമീറ്റർ പിന്നിട്ട് കബനിയിൽ വെള്ളമെത്തിക്കുകയായിരുന്നു. വേനൽ കാർഷിക മേഖലയിൽ വിളകളെ കാര്യമായി ബാധിക്കുകയും കൃഷിനാശം മുൻകാലങ്ങളെക്കാൾ ഇരട്ടിയാകുകയും ചെയ്തു. ജില്ലയെ വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ഇത്തവണ വേനലിൽ വാഴക്കർഷകർക്കാണു വലിയ നഷ്ടമുണ്ടായത്. കനത്ത ചൂടിൽ ഒടിഞ്ഞു തൂങ്ങി ആയിരക്കണക്കിന് വാഴകളാണു നശിച്ചത്. വാഴവറ്റ, പാക്കം, വടുവൻചാൽ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത ചൂടിൽ വാഴകൾ നശിച്ചു.

വേനൽമഴയിൽ ഗണ്യമായ കുറവ്
വേനലിൽ ഇടവിട്ട് മഴ ലഭിച്ചാൽ താപനില താഴാൻ ഇടയാക്കും. എന്നാൽ, മാർച്ചിൽ ചുരുക്കം ചിലയിടങ്ങളിലാണു മഴ പെയ്തത്. ഇൗ മാസം ജില്ലയിൽ എല്ലായിടങ്ങളിലും ചുരുക്കം ചില  ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചതെ‍ാഴിച്ചാൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു വളരെ കുറവായിരുന്നു. ഇനിയുള്ള ഒരാഴ്ചയും കാര്യമായ മഴ ലഭിക്കില്ലെന്നും താപനില ഉയരുമെന്നും കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ ദിവസങ്ങളോളം ഇനിയും കനത്ത ചൂടിൽ തന്നെയാകും വയനാട്. 

കഴിഞ്ഞ 5 ദിവസങ്ങളിലെ ജില്ലയിലെ താപനില
ദിവസം                       താപനില(ഡിഗ്രി സെൽഷ്യസിൽ) 
ഏപ്രിൽ 25                                               30. 6 
  ’’        26                                                        31. 6
  ’’        27                                                        32. 0
  ’’        28                                                        32. 4
  ’’        29                                                        33. 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com