ADVERTISEMENT

ബത്തേരി ∙ ഘോരവനത്താൽ ചുറ്റപ്പെട്ട ഗ്രാമത്തിൽ സാധാരണ കർഷകരുടെയും കൂലിത്തൊഴിലാളികളുടെയും മക്കൾക്കു പരിശീലനം നടത്താനൊരു ക്രിക്കറ്റ് നെറ്റ്സും പിച്ചും. അതാണ് വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങയിൽ നിന്നു രണ്ടര കിലോമീറ്റർ കൊടും വനത്തിനുള്ളിലായി കുമഴി എന്ന ഗ്രാമത്തിൽ ചെന്നാൽ കാണാൻ കഴിയുക. പന്തെറിഞ്ഞും അടിച്ചു പറത്തിയും പരിശീലിക്കുന്ന പതിനഞ്ചോളം ആൺകുട്ടികൾ. എല്ലാവരും 15 വയസ്സിൽ താഴെയുള്ളവർ. ഒഴിവു സമയങ്ങളിൽ‌ അവർക്ക് കളിയടവുകൾ പറഞ്ഞു നൽകാൻ മുത്തങ്ങ തോട്ടാമൂല സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി. കുഞ്ഞുമോനെത്തും. 

ഈ കുട്ടികളിൽ 5 പേർക്കു കൃഷ്ണഗിരി രാജ്യാന്തര സ്റ്റേഡിയത്തിൽ അക്കാദമിയിലേക്കു പ്രവേശനം ലഭിച്ചു. സഞ്ജയ്, അമൽ കൃഷ്ണ, ഗോകുൽ കൃഷ്ണ, അതുൽ ദേവ്, ഋതുൽ കുമാരൻ, ആരോമൽ എന്നിവരാണ് ആ മിടുക്കർ. ഇവരോടൊപ്പം മറ്റു കുട്ടികളും മികച്ച കളിക്കാരായി വളരുകയാണെന്ന് കുഞ്ഞുമോൻ പറയുന്നു. വനംവകുപ്പും ഇവർക്കു വേണ്ട പിന്തുണ നൽകുന്നു. കുഞ്ഞുമോൻ വനംവകുപ്പ് ദേശീയ കായികമേളയിൽ 400 മീറ്ററിൽ രണ്ടു തവണ സ്വർണം നേടിയിട്ടുണ്ട്. മറ്റിനങ്ങളിലടക്കം 5 ദേശീയ സ്വർണ മെഡലുകളും ഒട്ടേറെ വെള്ളി, വെങ്കല മെഡലുകളും നേടിയിട്ടുണ്ട്.

കഴിഞ്ഞ കോവിഡ് കാലത്ത് ഫോറസ്റ്റ് ക്വാർട്ടേഴിസിന് സമീപത്തെ കൊച്ചു കളിയിടത്തിൽ മക്കളായ പാർവതിക്കും പവിത്രയ്ക്കുമൊപ്പം പന്തു തട്ടിക്കളിച്ചതാണു ക്രിക്കറ്റ് പരിശീലിപ്പിക്കുന്നതിലേക്കു കുഞ്ഞുമോനെ എത്തിച്ചത്. കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലെത്തിയ പാർവതിയും പവിത്രയും മികവു നേടി. പാർവതി അണ്ടർ 15 കേരള ടീമിൽ കളിച്ചു. ഇപ്പോൾ അണ്ടർ 19 സോണൽ ടീമിലുണ്ട്. പവിത്രയും അണ്ടർ 15 ജില്ലാ ടീമിലും കളിക്കുന്നു. അങ്ങനെയിരിക്കെയാണ് കുമഴിയെന്ന വനഗ്രാമത്തിലെത്തിയ കുഞ്ഞുമോൻ അവിടെ വയലിൽ കളിക്കുന്ന കുട്ടികൾക്കു കാടിനെ നശിപ്പിക്കുന്ന മഞ്ഞക്കൊന്നയെന്ന മരം വെട്ടി ബാറ്റുണ്ടാക്കി നൽകിയത്.  കളിയുപകരണങ്ങളും നെറ്റുമെല്ലാം പലരും സ്പോൺസർ ചെയ്തതോടെ വനഗ്രാമത്തിലെ വയലിൽ പ്രഫഷനൽ ക്രിക്കറ്റിലേക്കുള്ള ചവിട്ടു പടിയായി പരിശീലന പിച്ച് ഒരുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com