ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ ഏറെ ഞെട്ടലുണ്ടാക്കിയ നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ് തെളിഞ്ഞതു പഴുതടച്ച അന്വേഷണത്തിനൊടുവിൽ. അന്വേഷണത്തിനിടെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പ്രതി അർജുൻ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതും കോളിളക്കമുണ്ടാക്കി. പനമരത്ത് വീട് വാടകയ്ക്കെടുത്തു ക്യാംപ് ചെയ്താണു മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 41 അംഗ പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കിയത്. 5 ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം.

വിവിധ സ്റ്റേഷനുകളിലെ എഎസ്ഐമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ, സിവിൽ പൊലീസ് ഓഫിസർമാർ, സൈബർ സെൽ, ക്രൈംബ്രാഞ്ച്, ഫിംഗർ പ്രിന്റ് ബ്യൂറോ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.  3000ലധികം മുൻകാല കുറ്റവാളികളെ നേരിൽ കണ്ടും അല്ലാതെയും പരിശോധന നടത്തിയും 5 ലക്ഷത്തോളം മൊബൈൽ ഫോൺ കോളുകൾ പരിശോധിച്ചും പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും 150ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുമാണു പ്രതിയിലേക്ക് അന്വേഷണ സംഘമെത്തിയത്.

രണ്ടായിരത്തിലധികം പേരുടെ വിരലടയാളവും പരിശോധിച്ചിരുന്നു. അയൽവാസികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്തു. സംഭവ ശേഷം പ്രദേശത്തു നിന്നു കാണാതായവരെയും തിരിച്ചെത്തിയവരെക്കുറിച്ചും അന്വേഷണം നടത്തി. തെളിവു തേടി 2 തവണ പത്മാലയത്തിനു പിന്നിലെ കുളങ്ങൾ വറ്റിച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധന നടത്തി. ഇതെല്ലാം വീക്ഷിച്ചു കൊലപാതകി സമീപത്തു തന്നെയുണ്ടായിരുന്നു താനും.  കൊലപാതകം നടന്ന സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാലും കൊലപാതകം നടന്നയുടൻ അന്വേഷണം ആരംഭിച്ചതിനാലും പ്രതി രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ഇതുകൊണ്ടുതന്നെ കൊലപാതകത്തിന് സമീപവാസികളുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ചായിരുന്നു അന്വേഷണം.

ഇടംകൈ കൊണ്ടുള്ള കുത്തും മൊബൈല്‍ ഫോണ്‍ മോഷണവും
പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചവരിൽ ഒരാൾ, തന്റെ മൊബൈൽ ഫോൺ അടുത്തിടെ കളവുപോയെന്നു മൊഴി നൽകിയതാണു അന്വേഷണത്തിൽ നിർണായക തുമ്പായത്. മൊബൈൽ ഫോൺ ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തിയ പൊലീസ്, ആ ഫോണിൽ അർജുൻ തന്റെ സിം ഇട്ടു വിളിച്ചതായി മനസ്സിലാക്കി. ഇതോടെ ആദ്യം വിട്ടയച്ച അർജുനെ പിന്നീട് വിശദമായി ചോദ്യം ചെയ്തു.  ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോൾ മാനന്തവാടി ഡിവൈഎസ്പി ഓഫിസിൽ വച്ച് കൈയിൽ കരുതിയ എലിവിഷം കഴിച്ചു ജീവനൊടുക്കാനും അർജുൻ ശ്രമിച്ചു. പ്രതിയാകാനുള്ള എല്ലാ സൂചനകളും ലഭിച്ചെങ്കിലും കൂടുതൽ ശക്തമായ തെളിവുകൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 

അർജുൻ പ്രതിയല്ലെന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നുമുള്ള വാദങ്ങൾ അന്ന് ഉയർന്നിരുന്നു. എന്നാൽ, വീട്ടിൽനിന്നും പരിസരത്തുനിന്നും ലഭിച്ച വിരലടയാളവും രക്തക്കറ പുരണ്ട തുണിക്കഷണവും സിഗരറ്റ് കുറ്റിയും പരിശോധനയ്ക്കയച്ചതിൽ നിന്നു പ്രതി അർജുൻ തന്നെയെന്ന് അന്വേഷണസംഘം ഉറപ്പിച്ചു.  വയോധിക ദമ്പതികൾക്ക് കത്തികൊണ്ട് കുത്തു കിട്ടിയത് വച്ചു നോക്കുമ്പോൾ പ്രതി ഇടംകയ്യനാകാനാണ് എന്ന സാധ്യത വച്ചും പൊലീസ് അന്വേഷിച്ചിരുന്നു. അർജുൻ ഇടംകയ്യനാണ്.

കൊല നടന്നത് ഇങ്ങനെ
2021 ജൂൺ 10നു രാത്രിയാണ് നെല്ലിയമ്പത്ത് പനമരം-പുൽപള്ളി റോഡിൽനിന്ന് 200 മീറ്റർ മാത്രം അകലെയുള്ള പത്മാലയത്തിൽ ഇരട്ടക്കൊല ന‍ടന്നത്. കേശവൻ മാസ്റ്ററും(70) ഭാര്യ പത്മാവതിയും കൊല്ലപ്പെട്ടു. ഗുരുതര പരുക്കേറ്റ പത്മാവതി ചികിത്സയിലിരിക്കെയാണു മരിച്ചത്. മുഖംമൂടി ധരിച്ചയാളാണ് കുത്തിയതെന്നായിരുന്നു പത്മാവതിയുടെ മൊഴി. 

മുൻവശത്തെ വാതിൽ തുറന്നു കിടന്നതിനാൽ പരിചയമുള്ളവരാരോ ആകാം പ്രതിയെന്ന് പൊലീസിന് ആദ്യമേ സൂചന ലഭിച്ചിരുന്നു. നേരത്തെ ബെംഗളൂരുവിലും ചെന്നൈയിലും ഹോട്ടൽ ജോലി ചെയ്തിരുന്ന അർജുൻ കോവിഡിനെ തുടർന്നുള്ള ലോക്ഡൗണിൽ ജോലി നഷ്ടമായതിനെത്തുടർന്നാണു നാട്ടിലെത്തിയത്. നാട്ടിൽ കൂലിപ്പണിക്കും മറ്റു ജോലികൾക്കും പോയി. പത്മാലയത്തിലും ഇടയ്ക്കിടെ വരുമായിരുന്നു.

സംഭവദിവസം രാത്രി മോഷണത്തിനായി വീടിനു പുറത്തെ ജനലഴി ഇളക്കിമാറ്റി അകത്തുകടക്കാനാണ് അർജുൻ ആദ്യം ശ്രമിച്ചത്. ഇതു പരാജയപ്പെട്ടപ്പോൾ മുൻവശത്തെ വാതിൽ മുട്ടി. വാതിൽ തുറന്നു കേശവൻ നായർ മുറ്റത്തേക്കിറങ്ങി നോക്കിയ തക്കത്തിനു മുൻവശത്തെ വാതിലിലൂടെ അകത്തേക്കു കയറി മുറിയിൽ ഒളിച്ചു. മറ്റൊരു മുറിയിലേക്കു മാറുന്നതിനിടെ പാത്രം തട്ടി വീണു. 

ഒച്ച കേട്ട് കേശവൻ നായർ എത്തിയപ്പോൾ പുറത്തേയ്ക്കോടാൻ ശ്രമിക്കുന്ന അർജുനെ കണ്ടു. തടഞ്ഞെങ്കിലും രക്ഷപെടാനായി അർജുൻ കേശവൻ നായരെ കത്തികൊണ്ടു കുത്തി. ശബ്ദം കേട്ട് തടയാനെത്തിയ പത്മാവതിക്കും കുത്തേറ്റു. ഇരുവരും മരിക്കുമെന്നുറപ്പായപ്പോൾ മോഷണശ്രമം ഉപേക്ഷിച്ചപ പ്രതി കടന്നുകളഞ്ഞു. കൊലപാതകം നടന്ന ദിവസം പ്രതി കമ്പളക്കാട്ടെ തോട്ടത്തിൽ വൈകിട്ട് 6 വരെ ജോലിയെടുത്തിരുന്നെന്നു നാട്ടുകാരിൽ ചിലർ മൊഴി നൽകിയിരുന്നു.

 കേസിന്റെ നാൾവഴി
∙ 2021 ജൂൺ 10 രാത്രി 8.30: നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവർ കൊല്ലപ്പെടുന്നു.
∙ 2021 ജൂൺ 11: അന്നത്തെ മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നു.
∙ 2021 ഓഗസ്റ്റ് 7: കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പരിസരത്ത് എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ കൊലപാതകം നടന്ന വീട്ടിലെ തോട്ടത്തിലെ കുളം വറ്റിച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തുന്നു.
∙ 2021 സെപ്റ്റംബർ 9: പ്രതി അർജുൻ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു.
∙ 2021 സെപ്റ്റംബർ 17 രാത്രി 11.30: പ്രതി അർജുനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

∙ 2021 ഡിസംബർ 4: കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നു
∙ 2023 ഡിസംബർ 20: കേസിന്റെ വിചാരണ പൂർത്തിയായി
∙ 2024 ഫെബ്രുവരി 16:വാദം കേൾക്കൽ തുടങ്ങി
∙ 2024 ഏപ്രിൽ 24: പ്രതി കുറ്റക്കാരനാണെന്ന് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി–2 കണ്ടെത്തുന്നു.

കൂസലില്ലാതെ പ്രതി
വധശിക്ഷയാണെന്നറിഞ്ഞിട്ടും പ്രതി അർജുന്റെ മുഖത്ത് ഭാവവ്യത്യാസങ്ങളൊന്നുമില്ലായിരുന്നു. രാവിലെ പത്തോടെ പ്രതി അർജുനെ പൊലീസ് കോടതി ഹാളിലെത്തിച്ചിരുന്നു. കോടതി പരിഗണിക്കുന്ന മറ്റു കേസുകളിലെ ഉൾപ്പെട്ടവരോടൊപ്പം കോടതിയിലെ ഇടതുവശത്തെ പ്രതിക്കൂട്ടിന് സമീപം പ്രതി അർജുൻ നിന്നു. മറ്റു കേസുകളെല്ലാം പരിഗണിച്ച ശേഷം രാവിലെ 11.30 നാണു അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി–2 ജഡ്ജി എസ്.കെ. അനിൽകുമാർ ശിക്ഷ വിധിച്ചത്. 10 മിനിറ്റിനുള്ളിൽ ശിക്ഷാവിധി പ്രഖ്യാപിക്കുന്ന നടപടികൾ പൂർത്തിയായി. 11.50ന് പൊലീസുകാരോടൊപ്പം പ്രതി അർജുൻ കോടതിക്കു പുറത്തെ വരാന്തയിലേക്ക്. മാസ്ക് ധരിച്ചാണ് അര്‍ജുന്‍ നടന്നത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി വൈകിട്ടു നാലോടെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com