ADVERTISEMENT

മാനന്തവാടി ∙ തേയിലത്തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാടികളുടെയും ഗോത്ര ഊരുകളുടെയും വികസനമുരടിപ്പ് രാഷ്ട്രീയപ്രശ്നമായി ഉയര്‍ത്തിയാണ് നിലവില്‍ വയനാട്ടിലെ മാവോയിസ്റ്റ് ഗറില്ലാ പ്രവര്‍ത്തനം. നേരത്തെ ടൂറിസം, ഖനന മേഖലകള്‍ കേന്ദ്രീകരിച്ചു സജീവമായിരുന്ന സംഘങ്ങളെ പലതവണയായി നടന്ന ഓപ്പറേഷനുകളിലൂടെ പൊലീസ് നിര്‍ജീവമാക്കിയതോടെയാണ് അവശേഷിച്ച ഗറില്ലകള്‍ തോട്ടം-ഗോത്ര മേഖലകളോടടുത്തുള്ള വനപ്രദേശങ്ങളില്‍ ക്യാംപ് ആരംഭിച്ചത്. 1979ൽ ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിച്ച തവിഞ്ഞാൽ പഞ്ചായത്തിലെ കമ്പമലയിലെ കെഎഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള തേയില എസ്റ്റേറ്റില്‍, കഴിഞ്ഞ 5 വര്‍ഷങ്ങളായി തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾ ഉന്നയിച്ച് മാവോയിസ്റ്റുകള്‍ സജീവം. 

പാടികളുടെ ശോചനീയാവസ്ഥയാണ് മുഖ്യ വിഷയമാക്കുന്നത്. ആസ്ബറ്റോസ് ഷീറ്റുകൾ മേഞ്ഞ 45 വർഷത്തോളം പഴക്കമുള്ള പാടികളിലാണ് തൊഴിലാളി കുടുംബങ്ങൾ കഴിയുന്നത്. കാലപ്പഴക്കത്താൽ വിണ്ടുകീറിയും പൊട്ടിയും മറ്റും മഴക്കാലത്ത് ഇവ ചോർന്നൊലിക്കും. ഉയരം കുറവായതിനാൽ വേനൽക്കാലത്ത് കടുത്ത ചൂടും അനുഭവപ്പെടാറുണ്ട്. 25 ലയങ്ങളാണ് കമ്പമലയിൽ ഉള്ളത്. ഒരു ലയത്തിൽ 4 വീതം കുടുംബങ്ങളാണ് താമസിക്കുക. 101 സ്ഥിരം തൊഴിലാളികളും 36 താൽക്കാലിക തൊഴിലാളികളുമാണ് ഇവിടെയുള്ളത്. കാൻസർ അടക്കമുള്ള രോഗങ്ങൾ ഇവിടെ പടരുന്നതിനും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ കൂരകൾ കാരണമാകുന്നതായി മാവോയിസ്റ്റുകൾ കുറ്റപ്പെടുത്തിയിരുന്നു. വൈത്തിരിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി.ജലീലിന്റെ സഹോദരൻ സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടുതലും എത്തിയത്. 

പൊലീസും തണ്ടർബോൾട്ടും പലവട്ടം  മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തി. ഇതിനിടയിലാണ് പൊലീസ് സേനയെ ഞെട്ടിച്ച്  2023 സെപ്റ്റംബർ 28ന് പട്ടാപ്പകൽ കെഎഫ്ഡിസിയുടെ ഡിവിഷൻ ഓഫിസ് മാവോയിസ്റ്റുകൾ അടിച്ച് തകർത്തത്. ഇതിന്റെ ദൃശ്യങ്ങൾ ഡിവിഷനൽ മാനേജറുടെ ഫോണിൽ പകർത്തി മാവോയിസ്റ്റുകൾ തന്നെ മാധ്യമ പ്രവർത്തകർക്ക് അയച്ച് നൽകുകയും ചെയ്തു. പാടികൾ ചോർന്നൊലിക്കുമ്പോൾ ഡിവിഷനൽ ഓഫിസ് നവീകരിച്ചതിനെയും മാവോയിസ്റ്റുകൾ ചോദ്യം ചെയ്തു. പൊലീസ് കാടും നാടും അരിച്ചുപെറുക്കി പരിശോധന തുടരുന്നതിനിടെ ഒക്ടോബർ 4ന് വീണ്ടും മാവോയിസ്റ്റുകൾ കമ്പമലയിൽ എത്തി.

മാവോയിസ്റ്റുകളെ നിരീക്ഷിക്കാനായി പൊലീസ് പാടിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ അടിച്ച് തകർത്തു. തൊഴിലാളികളുടെ പ്രശ്നം പൊതുജന ശ്രദ്ധയിൽ പെട്ടതോടെ കെഎഫ്ഡിസി ചെയർപഴ്സനും എംഡിയും അടക്കമുള്ളവർ കമ്പമലയിൽ എത്തി. പാടികളുടെ നവീകരണത്തിന് വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്താനും ശ്രമം നടത്തി. പാടികൾ നവീകരിക്കാൻ 1.7 കോടി രൂപയുടെയും പുനർ നിർമിക്കാൻ 4 കോടി രൂപയുടെയും പദ്ധതികളാണ് സമർപ്പിച്ചിട്ടുള്ളത്. 

മാവോയിസ്റ്റ്: കമ്പമല മുഖ്യകേന്ദ്രം; എപ്പോഴും സഞ്ചാരം; പിടികൊടുക്കാതെ കാട്ടിനുള്ളിൽ
മാനന്തവാടി ∙ കണ്ണൂര്‍, വയനാട് അതിര്‍ത്തിയിലെ വനഗ്രാമങ്ങളോടു ചേര്‍ന്നു തുടര്‍ച്ചയായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാലാണു മാവോയിസ്റ്റുകളെ പെട്ടെന്നു പിടികൂടാന്‍ കഴിയാത്തതെന്ന് മാവോയിസ്റ്റ് ഓപ്പറേഷനുകളില്‍ പലതവണ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പറയുന്നു. കാട്ടിലെ താല്‍ക്കാലിക ടെന്റുകള്‍ പെട്ടെന്നു പൊളിച്ചുമാറ്റി മറ്റൊരിടത്തേക്കു മാറുകയാണ് രീതി. കമ്പമല എസ്റ്റേറ്റില്‍ രാഷ്ട്രീയ ക്യാംപെയ്ന്‍ നടത്തിക്കഴിഞ്ഞാല്‍ നേരെ ആറളം മേഖലയിലേക്കു കടക്കും. പിന്നീട് അവിടെയുള്ള ഗ്രാമങ്ങളില്‍ചെന്നാണു പ്രവര്‍ത്തനം. സാധനങ്ങള്‍ സംഭരിച്ച ശേഷം വീണ്ടും കാടുകയറും. കൊടുംകാടിനുള്ളില്‍ ഈ രീതി തുടര്‍ന്നുകൊണ്ടിരിക്കുന്നവരെ എളുപ്പത്തില്‍ പിടികൂടാനാകില്ല.

അടുത്തിടെ വനമേഖലയിൽ ഹെലികോപ്റ്റർ വരെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. എന്നാൽ കഴിഞ്ഞ നവംബർ 7ന് തവിഞ്ഞാൽ പഞ്ചായത്തിലെ തന്നെ പേരിയ ചപ്പാരത്ത് മാവോയിസ്റ്റുകൾ  തണ്ടർബോൾട്ടുമായി ഏറ്റുമുട്ടി. ഉണ്ണിമായ, ചന്ദ്രു എന്നിവർ പൊലീസ് പിടിയിലാകുകയും ചെയ്തു. കണ്ണൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സംഘത്തിലെ ലത കൊല്ലപ്പെട്ടു. ഇതോടെ മാവോയിസ്റ്റുകളുടെ ശക്തി ക്ഷയിച്ചു എന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഈ കഴിഞ്ഞ ഏപ്രിൽ 24ന് വീണ്ടും  മാവോയിസ്റ്റ്  സംഘം കമ്പമലയിൽ എത്തി. അതിരാവിലെ പാടിയിലെത്തിയ സായുധ സംഘം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം നൽകി. സി.പി.മൊയ്തീൻ, സോമൻ, ആഷിഖ് എന്ന മനോജ്, സന്തോഷ് എന്നിവരാണ് സംഘത്തിലുള്ളതെന്ന് തിരിച്ചറിഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com