ADVERTISEMENT

പനമരം∙ പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്ന് കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ കൊണ്ട് കർഷകരും തൊഴിലാളികളും യാത്രക്കാരും പൊറുതിമുട്ടുന്നു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകൾ നേരം പുലർന്നാലും വനത്തിലേക്ക് മടങ്ങാതെ കൃഷിയിടത്തിൽ തമ്പടിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ചൊവ്വാഴ്ച രാത്രി വനത്തിൽ നിന്നിറങ്ങിയ 4 കാട്ടാനകളിൽ ഒരെണ്ണം നേരം പുലർന്നിട്ടും വനത്തിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ കർഷകരെയും വനപാലകരെയും പൊലീസിനെയും വട്ടംചുറ്റിച്ചു. പനമരം - ബീനാച്ചി റോഡിനോട് ചേർന്നുള്ള പുഞ്ചവയലിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാന പ്രധാന റോഡ് പല തവണ അങ്ങോട്ടും ഇങ്ങോട്ടും മുറിച്ച് കടന്നത് യാത്രക്കാരെയടക്കമുള്ളവരെ ദുരിതത്തിലാക്കി. കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനകളിൽ ഒന്നിനെ ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് നാട്ടുകാർ കാണുന്നത്. 

വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റർ കെ. മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുരത്താനുള്ള നടപടി ആരംഭിച്ചെങ്കിലും കാട്ടാന റോഡിന്റെ മറുവശത്തെ കൃഷിയിടത്തിലേക്ക് കടന്നു. ഇവിടെ നിന്ന് തുരത്തുന്നതിനിടെ പനമരം ബീനാച്ചി റോഡിലേക്ക് ചാടിയ കാട്ടാന സംഭവമറിഞ്ഞെത്തിയ പനമരം എസ്ഐ കെ.ദിനേശൻ അടക്കമുള്ളവർ സഞ്ചരിച്ച ജീപ്പിനു മുൻപിലൂടെ മറുഭാഗത്തെ കൃഷിയിടത്തിലേക്ക് കയറി. തുടർന്ന് വനംവകുപ്പ് ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദേശം നൽകി ചെറിയ വാഹനങ്ങൾ പുഞ്ചവയൽ ജംക്‌ഷനിൽ തടഞ്ഞ് മറ്റൊരു വഴിയിലൂടെ വിട്ട് കാട്ടാനയെ പടക്കം പൊട്ടിച്ച് തുരത്താനുള്ള ശ്രമം ആരംഭിച്ചു. പല തവണ പൊലീസിനെയും വനപാലകരെയും വട്ടംകറക്കിയ കാട്ടാനയെ ഒടുവിൽ പത്തരയോടെ നരസിപ്പുഴ കടത്തി വനത്തിലേക്ക് തുരത്തി. ഇതിനിടെ രാവിലെ സൊസൈറ്റിയിലേക്കു പാലുമായി പോയ പുഞ്ചവയൽ ചന്ദ്രനെ ഈ കാട്ടാന സമീപത്തെ കോളനിക്ക് സമീപം വച്ച് ഓടിച്ചിരുന്നു. ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്നും കഴിഞ്ഞ ഒരു മാസത്തിലേറെയായി കാട്ടാനശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണെന്നും ചന്ദ്രൻ പറഞ്ഞു. 

കർഷക ദിനത്തിൽ വനത്തിലേക്ക് തുരത്തിയ കാട്ടാന അടക്കം ഇന്നലെ രാത്രിയിലും പ്രദേശത്ത് എത്തിയതായി കർഷകർ പറയുന്നു. സന്ധ്യയോടെ താഴെ പാതിരിയമ്പം നടപ്പാലത്തിനും മണൽവയൽ മാരാർ കടവിനും ഇടയിലൂടെ നരസിപ്പുഴ കടന്നാണ് പുഞ്ചവയൽ അടക്കമുള്ള കൃഷിയിടങ്ങളിൽ കാട്ടാനകൾ എത്തുന്നത്. ഇവയിൽ പലതും നേരം പുലർന്നു തൊഴിലാളികൾ പണിയെടുക്കുന്നതിനും കുട്ടികൾ കളിക്കുന്നതിനും ഇടയിലൂടെയാണ് കടന്നു പോകുന്നതെന്നും ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം വൈദ്യുത ലൈനിൽ നിന്ന് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത് പുഞ്ചവയലിന് തൊട്ടടുത്ത പ്രദേശത്താണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com