ADVERTISEMENT

വായുമലിനീകരണം ഭേദഭാവങ്ങളില്ലാതെ എല്ലാവരെയും ബാധിക്കുന്നുണ്ടെങ്കിലും കുഞ്ഞുങ്ങളെ അതങ്ങു വല്ലാതെ ബാധിക്കുന്നതായാണ് കാണപ്പെടുന്നത്. ഇനിയും പൂർണ്ണ വളർച്ചയെത്തിയിട്ടില്ലാത്ത അവരുടെ ശ്വസനവ്യൂഹത്തിന് വായു മാലിന്യങ്ങളേൽപ്പിക്കുന്ന ആഘാതത്തെ തടയാനുള്ള ശേഷിയുണ്ടാവില്ല. മാത്രമല്ല മാലിന്യ തന്മാത്രകളെ നിർവീര്യമാക്കുന്ന ശരീരത്തിലെ ആന്റി ഓക്സിഡന്റ് പ്രതിരോധവും കുട്ടികളിൽ ദുർബലമായിരിക്കും. അതിനാൽ കൊച്ചുകുട്ടികൾ മലിനവായു ശ്വസിക്കേണ്ടി വരുമ്പോൾ അവരുടെ ശ്വാസകോശത്തിൽ സ്ഥായിയായ വ്യതിയാനങ്ങൾ വരാനുള്ള സാധ്യതയേറുന്നു.

എന്തുകൊണ്ടു കുട്ടികൾക്ക് കൂടുതൽ പ്രശ്നമുണ്ടാകുന്നു?

ശരീരപ്രകൃതിയിലും ശാരീരിക പ്രവർത്തനങ്ങളിലുള്ള സവിശേഷതകളാണ് കുട്ടികളിൽ വായു മലിനീകരണത്തിന്റെ ദൂഷ്യങ്ങളേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നത്. കുട്ടികൾ പൊതുവേ നല്ല ആക്ടീവായിരിക്കുമല്ലോ? അവരുടെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്കും (metabolic rate) കൂടുതലായിരിക്കും. ശ്വസനനിരക്ക് മുതിർന്നവരിൽ മിനിട്ടിൽ 12-16 വരെയാണെങ്കിൽ കുട്ടികളിൽ അത് 20- 30 ആയിരിക്കും. കുട്ടികൾ കൂടുതൽ വായു ശ്വസിക്കുകയും അതിനാൽ തന്നെ അധികം മാലിന്യം അകത്താക്കുകയും ചെയ്യുന്നുണ്ട്. കുട്ടികൾക്ക് ഉയരം കുറവായതിനാൽ ഭൂമിയോട് ചേർന്ന ഭാഗത്തു നിന്നുള്ള വായുവായിരിക്കും അവർ കൂടുതൽ ശ്വസിക്കുന്നത്.ഈ വായുവിലാണ് PM10, PM 2 .5 തുടങ്ങിയ അതി സൂക്ഷ്മ മാലിന്യ കണികകൾ കൂടുതലായി  അടങ്ങിയിരിക്കുന്നതും. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾ വായിലൂടെ ശ്വാസം കൂടുതൽ ഉള്ളിലേക്കെടുക്കാറുണ്ട്. അതു വഴിയും കൂടുതൽ മാലിന്യം ശ്വാസകോശത്തിലെത്തും. മാലിന്യങ്ങളെ ഫിൽറ്റർ ചെയ്യാനുള്ള മുക്കിന്റെ കഴിവു കുറവായിരിക്കുന്നതും രോഗപ്രതിരോധ സംവിധാനം പൂർണ്ണ വളർച്ചയെത്താത്തതും കുട്ടികളെ വായു മലിനീകരണത്തിന് എളുപ്പം ഇരകളാക്കുന്നു.

അമ്മയുടെ ഗർഭപാത്രത്തിലുമെത്തുന്ന മാലിന്യം

അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുന്ന സമയം മുതൽ കുഞ്ഞുങ്ങൾ വിഷമയമായ വായുവുമായി സമ്പർക്കത്തിൽ വന്നു തുടങ്ങുന്നു. മലിനവായുവിലടങ്ങിയിരിക്കുന്ന അതിസൂക്ഷ്മ കണികകളും ( PM 0.1) പോളി സൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകളും ( PAHS) അമ്മയുടെ രക്തത്തിലെത്തുകയും മറുപിള്ളയിലൂടെ കടന്ന് കുട്ടികളിൽ ഓക്സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യാം. ഇത് ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ ബാധിക്കുന്നു. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണത്തിൽ അടങ്ങിയിരിക്കുന്ന ബെൻസോ പൈറീൻ പോലുള്ള മാലിന്യങ്ങൾ ജീനുകളിൽ പോലും മാറ്റം വരുത്താൻ ശേഷിയുള്ളവയാണ്. അതിസുക്ഷ്മ കണികകൾ അഥവാ പാർട്ടിക്കുലേറ്റ് മാറ്ററിന് (PM 0.1) രക്തചംക്രമണം വഴി തലച്ചോറിലെത്തി അവിടെ നീർവീക്കവും മറ്റു നാശങ്ങളുമുണ്ടാക്കാനുള്ള ശേഷിയുണ്ട്. ഇതുമൂലം പല വിധത്തിലുള്ള ന്യൂറോളജിക്കൽ വൈകല്യങ്ങൾ കുട്ടികളിൽ പിന്നീട് കാണപ്പെടാം.

ഗർഭകാലത്തിന്റെ മൂന്നാം ഘട്ടത്തിൽ (ഇരുപത്തിയേഴാം ആഴ്ച മുതലുള്ള സമയം )  PM 2.5 വിഭാഗത്തിലുള്ള സൂക്ഷ്മ കണികകൾ കൂടുതലുള്ള മലിനവായു ശ്വസിക്കേണ്ടി വരുന്നത് തലച്ചോറിൻ്റെ വികസനത്തെ ബാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ അളവിൽ കോർപസ് കലോസവും ലോലമായ സെറിബ്രൽ കോർടക്സുമായി കുട്ടികൾ ജനിക്കുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, അറ്റൻഷൻ സെഫിഷ്യൻസി ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) തുടങ്ങിയ ബോധന പഠന വൈകല്യങ്ങളിലേക്ക് ഇത് നയിക്കപ്പെടാം. തലച്ചോറിനെ മാത്രമല്ല ശ്വാസകോശത്തിൻ്റെ വികാസത്തെയും ഇതു ബാധിക്കുന്നു. ഇത്തരം കുട്ടികളിൽ രോഗ പ്രതിരോധ സംവിധാനം ദുർബലമാകുന്നതോടെ ശൈശവ കാലം രോഗകാലമായി മാറുന്നു. ഗർഭത്തിൻ്റെ 30-35 ആഴ്ചകളിൽ മലിന വായു നിരന്തരം ശ്വസിക്കേണ്ടി വന്നാൽ സമയമാകുന്നതിനു മുൻപേയുള്ള പ്രസവത്തിൻ്റെ സാധ്യത 19 ശതമാനം കൂടുന്നു. ഗർഭസ്ഥ ശിശു ഏറ്റവും വേഗത്തിൽ വളരുന്ന 13-26 ആഴ്ചകളിലെ വായു മലിനീകരണം കുട്ടികളുടെ ജനനസമയത്തെ ശരീരഭാരത്തെ ബാധിക്കുന്നു.

നിരനിരയായി രോഗങ്ങൾ

സ്കൂളിൽ പോകുന്ന കുട്ടികളിൽ ട്രാഫിക്കുമായി ബന്ധപ്പെട്ടു വരുന്ന വായു മലിനീകരണം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നതായി ഡൽഹിയിൽ നടത്തിയ പഠനങ്ങൾ പറയുന്നു. ഓസോൺ, നൈട്രജൻ ഡയോക്സൈഡ്, PM 2.5 എന്നിവയാണ് പ്രധാന പ്രശ്നക്കാർ. ജലദോഷം, ചുമ, മൂക്കൊലിപ്പ്, ആസ്തമ, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയാണ് ഇവയുണ്ടാക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. കഫക്കെട്ടുള്ള ചുമ, ഡ്രൈ കഫ്, നെഞ്ചുവേദന തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഡൽഹിയിലെ സ്കൂൾ കുട്ടികളിൽ കൂടുതലായി കാണപ്പെടുന്നു.കണ്ണിൻ്റെ പ്രശ്നങ്ങൾ, തലവേദന, ഓക്കാനം, ക്ഷീണം എന്നിവയും ഇവരെ സ്ഥിരം ശല്യപ്പെടുത്തുന്നുണ്ട്. എന്തിനേറെ പറയുന്നു. ട്രാഫിക് മാലിന്യമായ ബെൻസീൻ പോലുള്ളവ കൊൽക്കത്തയിലും ഡൽഹിയിലും കുട്ടികളിലെ ലുക്കീമിയയുടെ സാധ്യത കൂടാൻ കാരണമായിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

English Summary:

Invisible Threat: How Air Pollution Puts Our Children's Health at Risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com