ADVERTISEMENT

പൾസറിന്റെ പുതിയ മോഡൽ വിപണിയിലെത്തിച്ച് ബജാജ്. 373 സിസി എൻജിനും കളര്‍ എൽസിഡി ഡിസ്‌പ്ലേയുമായി എത്തിയ പൾസർ എൻഎസ് 400 ഇസഡിന്റെ എക്സ്ഷോറൂം വില 1.85 ലക്ഷം രൂപയാണ്. വിപണിയിലെ 350–400 സിസി ബൈക്കുകൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ്1.85 ലക്ഷം എന്ന പ്രാരംഭ വിലയിൽ പൾസർ വിപണിയിലെത്തിയത്. ജൂണ്‍ ആദ്യവാരം പൾസർ എൻഎസ് 400 ഇസഡ് ഉടമകളുടെ കൈവശമെത്തും. ബജാജ് ഡോമിനാര്‍ 400നേക്കാള്‍ 46,000 രൂപ കുറവാണ് പുതിയ പള്‍സറിന്. 

ഡോമിനാറിന്റെ അതേ ലിക്വിഡ് കൂള്‍ഡ്, 373 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബജാജ് പൾസർ എൻഎസ് 400 ഇസഡിന് നല്‍കിയിരിക്കുന്നത്. 8,800 ആര്‍പിഎമ്മില്‍ 40എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ പരമാവധി 35എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 154 കി.മീ. സ്ലിപ് ആന്റ് അസിസ്റ്റ് ക്ലച്ചും 6 സ്പീഡ് ഗിയര്‍ബോക്‌സുമാണുള്ളത്. റൈഡ് ബൈ വയര്‍ ടെക്‌നോളജിയും ഈ പള്‍സറില്‍ ബജാജ് നല്‍കിയിട്ടുണ്ട്. ഇന്‍ട്രൊഡക്ടറി ഓഫറായാണ് 1.85 ലക്ഷത്തിന് ബജാജ് പൾസർ എൻഎസ് 400 ഇസഡ് എത്തുന്നത്. 

പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോകും 43 എംഎം യുഎസ്ഡി ഫോര്‍ക്കും ചേര്‍ന്നതാണ് സസ്‌പെന്‍ഷന്‍. മുന്നില്‍ 320 എംഎം ഡിസ്‌ക് ബ്രേക്ക് പിന്നില്‍ 230 എംഎം ഡിസ്‌ക് ബ്രേക്ക്. 12 ലീറ്ററാണ് ഇന്ധന ടാങ്ക്. വാഹനത്തിന്റെ ഭാരം 174 കിലോഗ്രാം. ഡോമിനാറിനേക്കാള്‍ 19 കിലോ ഭാരം കുറവാണ്. ഉയരം കുറവുള്ളവര്‍ക്കും റൈഡിങ് എളുപ്പമാക്കുന്ന 805 എംഎം ഉയരത്തിലാണ് സീറ്റ്. 

മുന്നിലെ ടയര്‍ സൈസ് 110/70-17 ആണെങ്കില്‍ പിന്നില്‍ അത് 140/70-17 ആണ്. പിന്നില്‍ 140 സെക്ഷന്‍ ടയര്‍ ഉള്ള രണ്ട് 40എച്ച്പി ബൈക്കുകളിലൊന്നാണ് പൾസർ എൻഎസ് 400 ഇസഡ്. യമഹ ആര്‍3യാണ് മറ്റൊരു 140 സെക്ഷന്‍ ടയര്‍ ഉള്ള 40എച്ച്പി ബൈക്ക്. 

സെന്‍ട്രല്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റിന്റെ ഇരുവശത്തുമായി മിന്നലുപോലെയാണ് ഡിആര്‍എല്‍ നല്‍കിയിരിക്കുന്നത്. ഇന്ധന നിലയും, ടാക്കോമീറ്ററും ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററും സ്പീഡോ മീറ്ററും ട്രിപ് മീറ്റര്‍ റീഡിങുമെല്ലാം ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ തെളിയും. മ്യൂസിക്കും ലാപ് ടൈമറും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

സ്‌പോര്‍ട്, റോഡ്, റെയിന്‍, ഓഫ് റോഡ് എന്നിങ്ങനെ നാലു റൈഡിങ് മോഡുകള്‍. മൂന്നു ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍. ഓഫ് റോഡ് മോഡില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ്. എല്‍സിഡി ഡാഷ് ബോര്‍ഡ് വഴിയാണ് റൈഡിങ് മോഡ് ഉള്‍പ്പടെയുള്ളവ നിയന്ത്രിക്കുക. മെലിഞ്ഞ ഇന്ധന ടാങ്കും മൊത്തത്തില്‍ ഷാര്‍പ്പായ ഡിസൈനുമാണ് ഈ പള്‍സറിന് ബജാജ് നല്‍കിയിരിക്കുന്നത്. ഗ്ലോസി റേസിങ് റെഡ്, ബ്രൂക്ലിന്‍ ബ്ലാക്ക്, പേള്‍ മെറ്റാലിക് വൈറ്റ്, പ്യൂറ്റര്‍ ഗ്രേ എന്നിങ്ങനെ നാലു വ്യത്യസ്ത നിറങ്ങളില്‍ എൻഎസ് 400 ഇസഡ് എത്തുന്നു. 

എത്രകാലം 1.85 ലക്ഷമെന്ന ഇന്‍ട്രൊഡക്ടറി ഓഫര്‍ നീളുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. ബജാജ് ഷോറൂമുകള്‍ വഴിയോ ഒഫിഷ്യല്‍ വെബ്‌സൈറ്റ് വഴിയോ 5,000 രൂപക്ക് പൾസർ എൻഎസ് 400 ഇസഡ് ബുക്കു ചെയ്യാനാവും. ട്രയംഫ് സ്പീഡ് 400, ടിവിഎസ് അപാച്ചെ ആര്‍ടിആര്‍ 310, സുസുകി ജിക്‌സര്‍ 250 എന്നിവരുമായാണ് ബജാജ് പൾസർ എൻഎസ് 400 ഇസഡിന്റെ പ്രധാന മത്സരം.

English Summary:

Bajaj Pulsar NS400Z Launched In India; Priced At Rs. 1.85 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com