ADVERTISEMENT

കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളില്‍ വ്യോമയാന മേഖലയും സാങ്കേതികവിദ്യയും വലിയ തോതില്‍ മാറിയിട്ടുണ്ട്. എന്നാല്‍ കമേഴ്‌സ്യല്‍ വിമാനങ്ങളുടെ വേഗത്തില്‍ മാത്രം കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. സൂപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ അപൂര്‍വമായുണ്ടായിട്ടുണ്ടെങ്കിലും അതിനൊന്നും തുടര്‍ച്ചയുണ്ടായില്ല. എന്താണ് വിമാനങ്ങളുടെ വേഗം വലിയ തോതില്‍ കൂടാത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ? ടിക്കറ്റ് നിരക്ക്, ഇന്ധനച്ചെലവുകള്‍, ടര്‍ബുലന്‍സ് എന്നിങ്ങനെ പലതും വിമാനത്തിന്റെ വേഗത്തെ നിയന്ത്രിക്കുന്നുണ്ട്. 

വിമാനവും വേഗവും

സൈനിക ആവശ്യത്തിനായി ഉപയോഗിക്കാത്ത എല്ലാ വിമാനങ്ങളും കമേഴ്‌സ്യല്‍ വിമാനങ്ങളാണ്. യാത്രാവിമാനങ്ങളും ചരക്കുവിമാനങ്ങളും ഇതില്‍ പെടും. പ്രധാനമായും മൂന്നു കാര്യങ്ങളാണ് വിമാനങ്ങളുടെ വേഗത്തെ നേരിട്ടു സ്വാധീനിക്കുന്നത്. ആദ്യത്തേത് ഉയരമാണ്. ഉയരം കൂടുംതോറും അന്തരീക്ഷത്തിലെ സമ്മര്‍ദം കുറഞ്ഞുവരും. ഇതോടെ വിമാനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. കാറ്റിന്റെ ദിശയും വേഗവുമാണ് രണ്ടാമത്തേത്. കാറ്റ് അനുകൂലമെങ്കില്‍ കൂടുതല്‍ വേഗം കിട്ടും. പ്രതികൂലമെങ്കില്‍ വേഗം കുറയും. എന്‍ജിനുകളുടെ ടോട്ടല്‍ ത്രസ്റ്റും വിമാനവേഗത്തെ നേരിട്ടു ബാധിക്കുന്നു.

‌വേഗം കണക്കാക്കുന്നത്

സാധാരണ വാഹനങ്ങള്‍ മണിക്കൂറില്‍ എത്ര വേഗത്തില്‍ പോകുന്നുവെന്നാണ് പറയാറ്. എന്നാല്‍ വിമാനത്തിന്റെ വേഗം പല രീതിയില്‍ പല ഉപകരണങ്ങളുപയോഗിച്ചാണ് കണക്കാക്കുന്നത്. നോട്‌സിലാണ് ആകാശവേഗം അളക്കുന്നത്. 

ഇന്‍ഡിക്കേറ്റഡ് എയര്‍സ്പീഡ് (IAS) - വിമാനത്തിന്റെ പൈലറ്റ് ട്യൂബും സ്റ്റാറ്റിക് പ്രഷറും ഉപയോഗിച്ചാണ് ഇന്‍ഡിക്കേറ്റഡ് എയര്‍സ്പീഡ് അളക്കുന്നത്. പൈലറ്റിന്റെ എയര്‍സ്പീഡ് ഇന്‍ഡിക്കേറ്ററില്‍ ഇത് തെളിയും. 

ട്രൂ എയര്‍സ്പീഡ് (TAS) - ചുറ്റുമുള്ള വായുവിനെ അപേക്ഷിച്ച് വിമാനത്തിനുള്ള വേഗമാണ് ട്രൂ എയര്‍സ്പീഡ് അളക്കുക. അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഭാഗത്തെത്തുമ്പോള്‍ IAS ന്റെ കൃത്യത കുറയുന്നു. വായുവിന്റെ സമ്മര്‍ദം കുറയുന്നതുമൂലമാണിത്. 

ഗ്രൗണ്ട്‌സ്പീഡ് (GS) - ഭൂമിയിലെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തിലേക്കുള്ള വേഗത്തെയാണ് ഗ്രൗണ്ട് സ്പീഡ് വഴി അളക്കുന്നത്. കാറ്റിന്റെ വേഗത്തിന് അനുസരിച്ച് ഗ്രൗണ്ട് സ്പീഡില്‍ തിരുത്തലുകള്‍ വരുത്താറുണ്ട്. 

കാലിബറേറ്റഡ് എയര്‍സ്പീഡ് (CAS) - വിമാനത്തിന്റെ വേഗം കണക്കുകൂട്ടുന്നതില്‍ എന്തെങ്കിലും പാളിച്ചകളുണ്ടായാല്‍ അതു തിരുത്താന്‍ കാലിബറേറ്റഡ് എയര്‍സ്പീഡ് സഹായിക്കുന്നു. കുറഞ്ഞ വേഗത്തിൽ സിഎഎസ് കൂടുതല്‍ ഉപകാരപ്രദമാണ്. 

പരമാവധി വേഗം

കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കുമെല്ലാം നമ്മുടെ പാതകളില്‍ പരമാവധി വേഗമുള്ളതുപോലെ ആകാശത്ത് വിമാനങ്ങള്‍ക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗമുണ്ട്. ഇത് പല മേഖലയ്ക്കും വിമാനത്തിനും അനുസരിച്ച് വ്യത്യാസപ്പെടും. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പോവുമ്പോള്‍ പ്രധാന വിമാനങ്ങള്‍ക്കുള്ള പരമാവധി വേഗം ബോയിങ് 747– മണിക്കൂറില്‍ 988 കിലോമീറ്റര്‍, ബോയിങ് 737 –മണിക്കൂറില്‍ 946 കിലോമീറ്റര്‍, എയര്‍ബസ് എ380 – മണിക്കൂറില്‍ 1,186 കിലോമീറ്റര്‍ എന്നിങ്ങനെയാണ്.

പലസമയം പലവേഗം

വിമാനയാത്രയുടെ ടേക്ക്ഓഫ് മുതല്‍ ലാന്‍ഡിങ് വരെയുള്ള സമയങ്ങളില്‍ പലപ്പോഴും പല വേഗത്തിലാണ് വിമാനം സഞ്ചരിക്കുന്നത്. സുരക്ഷിതമായ യാത്രയ്ക്ക് ഈ വേഗനിയന്ത്രണം നിര്‍ണായകവുമാണ്. 

ടേക്ക് ഓഫ് - ടേക്ക് ഓഫിന്റെ സമയത്ത് ശരാശരി കമേഴ്‌സ്യല്‍ വിമാനങ്ങളുടെ വേഗം മണിക്കൂറില്‍ 160 മൈല്‍ മുതല്‍ 180 മൈല്‍ വരെയാണ് (257 കി.മീ- 290 കി.മീ).

പറക്കുമ്പോൾ –ആകാശത്ത് കമേഴ്‌സ്യല്‍ വിമാനങ്ങളുടെ ശരാശരി വേഗം മണിക്കൂറില്‍ 885 കിലോമീറ്റര്‍ മുതല്‍ 965 കിലോമീറ്റര്‍ വരെ വരും (478 നോട്ട്‌സ് - 521 നോട്ട്‌സ്).

ലാന്‍ഡിങ് - വിമാനത്തിന്റെ ഭാരവുമായി നേരിട്ട് ബന്ധമുണ്ട് ഇറങ്ങുന്ന സമയത്തെ വേഗത്തിന്. പൊതുവില്‍ കമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ മുതല്‍ 257 കിലോമീറ്റര്‍ വരെയാണ് (112 നോട്‌സ്-156 നോട്‌സ്) വേഗമുണ്ടാവുക. 

പ്രൈവറ്റ് ജെറ്റും സിംഗിള്‍ എന്‍ജിനും

പ്രൈവറ്റ് ജെറ്റ് വിമാനങ്ങള്‍ ശരാശി മണിക്കൂറില്‍ 643 കിലോമീറ്ററിനും 1126 കിലോമീറ്ററിനും (348 നോട്‌സ്-608 നോട്‌സ്) ഇടയിലാണ് സഞ്ചരിക്കുക. പൊതുവില്‍ പ്രൈവറ്റ് വിമാനങ്ങള്‍ക്ക് വലുപ്പം കുറവാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ അളവ് ഇന്ധനം മാത്രമാണ് ഉള്‍ക്കൊള്ളുക. യാത്രാ വിമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ദൂരത്തിൽ മാത്രമേ പ്രൈവറ്റ് ജെറ്റുകള്‍ ഉപയോഗിക്കാറുള്ളൂ. 

കമേഴ്‌സ്യല്‍ വിമാനങ്ങളില്‍ ഏറ്റവും കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുന്നവയാണ് സിംഗിള്‍ എന്‍ജിന്‍ വിമാനങ്ങള്‍. മണിക്കൂറില്‍ 225 കിലോമീറ്റര്‍ (122 നോട്‌സ്) മാത്രമാണ് സെസ്‌ന 172 പോലുളള സിംഗിള്‍ എന്‍ജിന്‍ വിമാനങ്ങളുടെ വേഗം. അതേസമയം കൂടുതല്‍ ആധുനികമായ പിലാറ്റസ് പിസി-12 എന്‍ജിഎക്‌സ് പോലുള്ളവ മണിക്കൂറില്‍ 500 കിലോമീറ്ററിലേറെ വേഗത്തിലും സഞ്ചരിക്കുന്നു. 

കമേഴ്‌സ്യല്‍ വിമാനങ്ങളുടെ വേഗത്തെ നിരവധി ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. വിമാനങ്ങളുടെ വലുപ്പവും ഭാരവും സഞ്ചരിക്കുന്ന ദൂരവും ഏതു മോഡലാണെന്നതുമെല്ലാം ഇതില്‍ പെടും. രണ്ടു മോഡലുകളിലുള്ള വിമാനങ്ങള്‍ തമ്മില്‍ പോലും വേഗത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങളുണ്ട്. സെസ്‌ന 172 പോലുള്ള ചെറുവിമാനത്തെ ഒരിക്കലും സൂപ്പര്‍സോണിക് എഫ് 22 നോട് താരതമ്യം ചെയ്യാനാവില്ല. 

English Summary:

How Fast Do Commercial Planes Fly?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com